‘കടക്കൂ പുറത്ത്’ വിവാദം: ഹോട്ടല്‍ ജീവനക്കാരില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

Posted on: August 1, 2017 8:18 pm | Last updated: August 2, 2017 at 9:35 am

തിരുവനന്തപുരം:തലസ്ഥാനത്ത് ബിജെപി-സിപിഎം സമാധാനയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ‘കടക്കൂ പുറത്ത്’ എന്ന് ആജ്ഞാപിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മസ്‌കറ്റ് ഹോട്ടലിലെ ജീവനക്കാരോട് വിശദീകരണം തേടി. ഹോട്ടല്‍ മാനേജര്‍ അലക്‌സ് അടക്കം മൂന്നു പേരോടാണ് വിശദീകരണം തേടിയത്.

സമാധാന ചര്‍ച്ച നടന്ന മസ്‌ക്കറ്റ് ഹോട്ടലിലേക്ക് എങ്ങനെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം ലഭിച്ചത്, ആരാണ് പ്രവേശനത്തിന് അനുമതി നല്‍കിയത്, യോഗത്തിന്റെ ചിത്രങ്ങളടക്കം പകര്‍ത്താന്‍ ആരാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയത് എന്നതടക്കമുള്ള കാര്യങ്ങളിലാണ് വിശദീകരണം തേടിയത്. എന്നാല്‍ ഹോട്ടല്‍ മാനേജര്‍ അടക്കമുള്ളവര്‍ നല്‍കിയ വിശദീകരണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ട്.

ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിര്‍ദേശ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗം റിപ്പോര്‍ട്ടുചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതാണ് മുഖ്യമന്ത്രിയുടെ രോക്ഷപ്രകടനത്തിന് ഇടയാക്കിയത്. യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്നാണ് മുഖ്യമന്ത്രി ആക്രോശിച്ചത്.