സമസ്ത ഉലമാ സമ്മേളനം: പന്തലിന് കാല്‍നാട്ടല്‍ 17ന്‌

Posted on: February 14, 2017 12:29 am | Last updated: February 14, 2017 at 12:29 am

കോഴിക്കോട്: മുസ്‌ലിം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ കരുത്തുറ്റ മുന്നേറ്റമായി മാറുന്ന സമസ്ത ഉലമാ സമ്മേളനത്തിന് സാംസ്‌കാരിക നഗരത്തില്‍ ഒരുക്കം തുടങ്ങി. ആദര്‍ശ സമൂഹം ആവേശപൂര്‍വം കാത്തിരിക്കുന്ന താജുല്‍ ഉലമാ നഗറില്‍ കാല്‍ ലക്ഷം പണ്ഡിതന്മാരുടെ സംഗമപ്പന്തലിന് വെള്ളിയാഴ്ച കാല്‍നാട്ടും. വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം എന്ന ശീര്‍ഷകത്തില്‍ അടുത്ത മാസം മൂന്ന്, നാല്, അഞ്ച് തീയതികളില്‍ തൃശൂരില്‍ നടക്കുന്ന സമസ്ത ഉലമാ സമ്മേളന നഗരിയിലേക്ക് പന്തല്‍കാല്‍ വഹിച്ചുകൊണ്ടുള്ള ജാഥ കൊടുങ്ങല്ലൂര്‍ ജുമുഅ മസ്ജിദില്‍ നിന്ന് വൈകീട്ട് മൂന്ന് മണിക്ക് പുറപ്പെടും. തൃശൂര്‍ ജില്ലയിലെ സുന്നി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും. കൊടുങ്ങല്ലൂര്‍ മുതല്‍ തൃശൂര്‍ താജുല്‍ ഉലമാ നഗര്‍ വരെയുള്ള മുഴുവന്‍ യൂനിറ്റുകളിലും ജാഥക്ക് സ്വീകരണം നല്‍കും.
സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നാടൊട്ടുക്കും സജീവമായി. സമസ്തയുടെ പോഷക സംഘടനകള്‍ മുഴുവന്‍ വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികളുമായി രംഗത്തുണ്ട്. പ്രഥമ ദിവസം നടക്കുന്ന നവോത്ഥാന സമ്മേളനം പ്രസ്ഥാനത്തിന്റെ കരുത്തും പ്രൗഢിയും വിളിച്ചോതുന്ന മഹാസംഗമമായി മാറും. സമസ്തയുടെ സമുന്നത നേതാക്കള്‍ക്കു പുറമെ, ആഗോള പ്രശസ്ത പണ്ഡിതരും വിശിഷ്ട വ്യക്തികളും നവോത്ഥാന സമ്മേളനത്തില്‍ പങ്കെടുക്കും. മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്ന ഉലമാ സമ്മേളനത്തില്‍ എല്ലാവര്‍ക്കും പ്രവേശനമുള്ള സെഷനാണിത്. നാല്, അഞ്ച് തീയതികളില്‍ നടക്കുന്ന വിവിധ സെഷനുകളില്‍ നേരത്തേ രജിസ്റ്റര്‍ ചെയ്ത 25,000 പണ്ഡിതന്മാരാണ് പ്രതിനിധികള്‍.