Connect with us

Articles

ആ തലക്ക് ഗാന്ധിത്തൊപ്പി പാകമാകില്ല

Published

|

Last Updated

“”ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് തിരുവനന്തപുരം തൈക്കാട് മൈതാനിയില്‍ ആര്‍ എസ് എസിന്റെ ഒരു യോഗം നടക്കുന്നു. ഗോള്‍വാള്‍ക്കര്‍ ആണ് പ്രഭാഷകന്‍. ദേശീയ ഐക്യത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ച് അദ്ദേഹം എന്ത് പറയുന്നു എന്ന് കേള്‍ക്കാന്‍ കോളജില്‍ നിന്ന് ഞാനുള്‍പ്പെടെ ഒരു ചെറിയ സംഘം തൈക്കാട്ടേക്ക് പോയി. ഗോള്‍വാള്‍ക്കര്‍ അതിനിശിതമായി ഗാന്ധിജിയെ വിമര്‍ശിച്ച് സംസാരിക്കുന്നു. എന്റെ ഓര്‍മ ശരിയാണെങ്കില്‍ മലയാറ്റൂരും കരുനാഗപ്പള്ളി കാര്‍ത്തികേയനും യോഗാനന്തരം ചില ചോദ്യങ്ങള്‍ ഗോള്‍വാക്കറോട് ചോദിച്ചു. ശാന്തമായി മറുപടി പറയുന്നതിന് പകരം അയാള്‍ ഞങ്ങളെ തല്ലാന്‍ മൗനാനുവാദം നല്‍കുകയാണുണ്ടായത്. യോഗത്തിലുണ്ടായിരുന്നവര്‍ ഞങ്ങളെ തല്ലാന്‍ തുടങ്ങി. ഞങ്ങളും തിരിച്ചു തല്ലി. രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം കോളജില്‍ നിന്ന് ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ച വിവരം അറിയുന്നത്.

കനത്ത ദുഃഖത്തോടെ തൈക്കാട് മൈതാനത്തിന് സമീപത്തുകൂടെ ഞങ്ങള്‍ നടന്ന് പോകുമ്പോള്‍ അതിനടുത്ത് ഒരു ആര്‍ എസ് എസുകാരന്റെ വീട്ടില്‍ മധുര പലഹാരം വിതരണം ചെയ്യുന്നത് കണ്ട് അക്രമത്തിന് തുനിഞ്ഞ ഞങ്ങളെ വരദരാജന്‍ നായര്‍ സമാധാനിപ്പിച്ച് കറുത്ത ബാഡ്ജ് ധരിപ്പിച്ച് ഒരു മൗനജാഥയാക്കി മാറ്റി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ഗോള്‍വാള്‍ക്കരുടെ പ്രസംഗവും മധുര പലഹാര വിതരണവും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓര്‍മയായി അവശേഷിക്കുന്നു”” കലാകൗമുദിയില്‍ 1991 ഫെബ്രുവരി 10നു കവി ഒ എന്‍ വി കുറുപ്പ് എഴുതിയ അനുഭവക്കുറിപ്പാണിത്.
ഗാന്ധി രക്തസാക്ഷിദിനമായ ജനുവരി മുപ്പതിന് സെക്രട്ടേറിയേറ്റ് പടിക്കല്‍ അക്രമത്തിനെതിരെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കൂട്ട സത്യാഗ്രഹം നടത്തിയപ്പോഴാണ് ഒ എന്‍ വി എഴുതിയ ലേഖനം ഓര്‍മ വന്നത്. മധുരപലഹാരം വിതരണം നടത്തിയ തൈക്കാട് നിന്നും പത്ത് മിനുട്ട് നടന്നാല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ എത്താം. മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി എന്ന കടലാസ് സംഘടനയുടെ ബാനറിലാണ് ഗാന്ധിരക്തസാക്ഷി ദിനത്തില്‍ സംഘപ്‌രിവാര്‍ ഒത്തുകൂടിയത്. ബി ജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒ രാജഗോപാല്‍ എം എല്‍ എക്കും ഒപ്പം ഹിന്ദു ഐക്യവേദി നേതാക്കളും പങ്കെടുത്തിരുന്നു. ഈ വേദിയില്‍ ഇരുന്ന ഒരാള്‍, മുന്‍പ് ബീഫ് വിവാദകാലത്തെ ടി വിചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് “ഗാന്ധിക്ക് വലിയ തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അദ്ദേഹം കൊല്ലപ്പെട്ടത് പോലും ആ കാലത്തെ ചില പ്രതികരണങ്ങള്‍ കൊണ്ടാണ്…”എന്നൊക്കെ ഗാന്ധിവിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. ഇങ്ങനെയുള്ള ആളുകളാണ് മഹാത്മാ ഗാന്ധിയെപ്പറ്റി സംസാരിക്കാന്‍ എത്തിയത്.

സ്വാതന്ത്ര്യ സമരകാലത്ത് കോണ്‍ഗ്രസ് ബ്രിട്ടീഷുകാരോട് പോരാടിക്കൊണ്ടിരുന്നപ്പോള്‍ ബ്രിട്ടീഷ് പക്ഷം ചേര്‍ന്ന് സമര ഭടന്മാരെ ഒറ്റുകൊടുക്കുക പതിവാക്കിയ സംഘ്പരിവാറിന് മഹാത്മാഗാന്ധിയുടെ പേര് കേള്‍ക്കുന്നത് പോലും ചതുര്‍ത്ഥിയായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ പലതവണ മാപ്പപേക്ഷ എഴുതി നല്‍കി ജയിലില്‍ നിന്നും രക്ഷപ്പെട്ട സവര്‍ക്കറോട് മാത്രമായിരുന്നു ഇവര്‍ക്ക് ആഭിമുഖ്യം. സ്വന്തമായി ഉയര്‍ത്തിക്കാട്ടാന്‍ ദേശീയ നേതാക്കള്‍ ഒന്നുമില്ലാതായതോടെ വല്ലഭായ് പട്ടേല്‍ അടക്കമുള്ളവരെ ദത്തെടുക്കുകയാണ് ബി ജെ പി ചെയ്യുന്നത്. ആര്‍ എസ് എസിനെ നിരോധിച്ച പട്ടേല്‍ അടക്കമുള്ള നേതാക്കളെയാണ് അവര്‍ ഏറ്റെടുക്കുന്നത്. മൂവര്‍ണ പതാകയെയും ദേശീയ ഗാനത്തെയും മാത്രമല്ല രാഷ്ട്രപിതാവ് സ്ഥാനത്തു മഹാത്മാഗാന്ധിയെയും ഒരുകാലത്തും അംഗീകരിക്കാതിരുന്ന സംഘപരിവാര്‍ പിന്നീട് എന്തൊക്കെ എതിര്‍ത്തു, അതിനെയെല്ലാം ഏറ്റെടുക്കുന്ന രീതിയാണ് കാണുന്നത്.
മൂവര്‍ണ പതാക ദേശീയ പതാകയായി തീരുമാനിച്ചപ്പോള്‍ സംഘ്പരിവാര്‍ പ്രതികരിച്ചത് ശ്രദ്ധിക്കുക.

“വിധിവിളയാട്ടത്താല്‍ അധികാരത്തില്‍ വന്ന ആളുകള്‍ നമ്മുടെ കൈയില്‍ ത്രിവര്‍ണം വച്ച് നല്‍കി എന്നാകിലും ഹിന്ദു ഒരിക്കലും അതിനെ ബഹുമാനിക്കുകയോ സ്വന്തമാക്കുകയോ ചെയ്തില്ല. മൂന്ന് എന്ന വാക്ക് തന്നെ ദുഷിച്ചതാണ്; അത്തരുണത്തില്‍ മൂവര്‍ണത്തിലുള്ള ഒരു പതാക തീര്‍ച്ചയായും മോശമായ മനഃശാസ്ത്രപരമായ പ്രഭാവമുണ്ടാക്കുന്നു, എന്ന് മാത്രമല്ല അത് ഒരു രാജ്യത്തിന് ഹാനികരവുമാണ്.” ആര്‍ എസ് എസ് സര്‍ സംഘചാലക് ആയ എം എസ് ഗോള്‍വാള്‍ക്കര്‍, അവരുടെ മുഖപത്രമായ ഓര്‍ഗനൈസറില്‍ എഴുതിയ അഭിപ്രായമാണിത്. ഇന്ത്യ എന്ന പേര് തന്നെ മാറ്റി ഹിന്ദുസ്ഥാന്‍ എന്നാക്കണം എന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. തിരിച്ചു കൊത്തുന്ന ചരിത്രമായി ഇതൊക്കെ രേഖകളില്‍ കിടക്കുമെന്നു അന്ന് ആര്‍ എസ് എസ് ഓര്‍ത്തിരിക്കില്ല.

ആര്‍ എസ് എസിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ രാജ്യത്തെ ആദ്യ രണ്ടു ശത്രുക്കളായി മുന്നോട്ടു വയ്ക്കുന്നത് മുസ്‌ലിം, ക്രിസ്ത്യന്‍ മത അനുയായികളെയാണ്. 1948 ജനുവരി 30ന് വെള്ളിയാഴ്ച റേഡിയോ ട്യൂണ്‍ ചെയ്തുവെക്കണം, “നല്ല വാര്‍ത്ത” കേള്‍ക്കാന്‍ കഴിയുമെന്ന് ആര്‍ എസ് എസുകാര്‍ക്കിടയില്‍ പല സ്ഥലങ്ങളിലും പ്രചാരണം ഉണ്ടായിരുന്നെന്ന് “മഹാത്മാഗാന്ധി: ദി ലാസ്റ്റ് ഫേസ്” എന്ന പുസ്തകത്തില്‍ ഗാന്ധിജിയുടെ സെക്രട്ടറിയും ജീവചരിത്രകാരനുമായ പ്യാരേലാല്‍ കുറിക്കുന്നു. ഇന്ത്യക്ക് മുഴുവന്‍ അന്ന് ദുഃഖവെള്ളി ആയപ്പോള്‍ തൈക്കാട് അടക്കമുള്ള ചിലസ്ഥലങ്ങളില്‍ സംഘ്പരിവാറുകാര്‍ക്ക് മാത്രം സന്തോഷ വെള്ളിയായി.
ഗാന്ധിജി കൊല്ലപ്പെട്ട് 22 വര്‍ഷം കഴിഞ്ഞ് ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ഗാന്ധിവധത്തിനുള്ള കാരണം പൊതിഞ്ഞ് അവതരിപ്പിക്കുന്നുണ്ട്. “ജവാഹര്‍ ലാല്‍ നെഹ്‌റുവിന്റെ പാകിസ്ഥാന്‍ നിലപാടില്‍ മഹാത്മാ ഗാന്ധി സത്യാഗ്രഹം പ്രഖ്യാപിച്ചു. ഇതോടെ ജനത്തിന്റെ ഉഗ്രകോപം വിളിച്ചു വരുത്തി “. മഹാത്മാവിനെ ഗോഡ്‌സെയെന്ന മതഭ്രാന്തന്‍ വെടിവെച്ചു കൊന്നതിനെ എത്ര ലളിതമായിട്ടാണ് ന്യായീകരിക്കുന്നത് എന്ന് നോക്കുക. ജനങ്ങളുടെ പൊതുവികാരം ഗാന്ധിജിക്കെതിരായി എന്ന തോന്നല്‍ ഉണ്ടാക്കുകയാണ് ഇവിടെ ഓര്‍ഗനൈസര്‍ ചെയ്യുന്നത്.
ചരിത്രത്തില്‍ അപമാനിതരായി എന്നും തലതാഴ്ത്തി നില്‍ക്കേണ്ടി വരുന്ന വര്‍ഗീയവാദികള്‍ ചരിത്രം കൃത്രിമമായി സൃഷ്ടിക്കാറുണ്ട്. സംഘ്പരിവാര്‍ മുഖപത്രത്തിന്റെ മുന്‍പത്രാധിപര്‍ കഴിഞ്ഞ ആഴ്ച മലയാളത്തിലെ ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യാജരേഖ ഉദ്ധരിച്ചാണ് എഴുതുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസിനെ കൈകാര്യം ചെയ്യാന്‍ നെഹ്‌റു സ്വീകരിച്ച തന്ത്രം എന്ന നിലയിലാണ് വ്യാജരേഖയിലെ വാചകങ്ങള്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ജവാഹര്‍ലാല്‍ നെഹ്‌റു അയച്ചെന്ന തരത്തില്‍ ഉദ്ധരിച്ചിരിക്കുന്ന ആ കത്തില്‍ ഏഴു തെറ്റുകളാണ് ഉണ്ടായിരുന്നത്. എന്തിനേറെ പണ്ഡിറ്റ് നെഹ്‌റുവിന്റെ പേര് പോലും തെറ്റിച്ചു കളഞ്ഞു. പിന്നീട് പേര് ശരിയാക്കിയെങ്കിലും പ്രൈം മിനിസ്റ്റര്‍ ഓഫ് ഇംഗ്ലണ്ട് എന്നാണ് എഴുതി പിടിപ്പിച്ചത്.

യു കെ എന്നല്ലാതെ ഇംഗ്ലണ്ട് പ്രധാനമന്ത്രി എന്ന് പറയില്ല എന്ന സാമാന്യ വിവരം പോലും രേഖ ചമച്ചവര്‍ക്ക് ഉണ്ടായില്ല. വ്യാജ രേഖയുടെയും നുണയുടെയും അടിത്തറയില്‍ പണിതുയര്‍ത്തിയ സംഘ്പരിവാര്‍ മഹാത്മാ ഗാന്ധിയുടെ പിന്മുറക്കാരാകാനുള്ള ശ്രമം വിജയിക്കില്ല. സവര്‍ക്കറുടെ അനുഗ്രഹത്തോടെ ഗോഡ്‌സെ നടത്തിയ ഗാന്ധിവധത്തിന്റെ ചോരപ്പാട് സംഘ്പരിവാറിന്റെ കാക്കി പാന്റില്‍ നിന്നും എത്ര കഴുകിയാലും മാറില്ല.

 

---- facebook comment plugin here -----

Latest