Connect with us

Kerala

പുതിയ കണ്ടെത്തലുമായി ഋഷികേശ്

Published

|

Last Updated

പൊട്ടിവീണാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്ന സംവിധാനത്തിന്റെ
മാതൃകയുമയി ഋഷികേശ്

മണ്ണഞ്ചേരി: ഗ്രാമീണ കണ്ടുപിടുത്തങ്ങള്‍ക്ക് 2015ല്‍ രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച ഋഷികേശ് പുതിയ കണ്ടെത്തലുമായി രംഗത്ത്. പൊട്ടിയ ലൈനുകളുടെ ഇരുഭാഗത്തുനിന്നും വൈദ്യുതി വിച്ഛേദിക്കപ്പെടുന്ന സംവിധാനം വികസിപ്പിച്ചെടുത്താണ് മുഹമ്മ ചിറയില്‍ സി എസ് ഋഷികേശ് വീണ്ടും താരമാകുന്നത്.

11 കെ വി മുതല്‍ ഉയര്‍ന്ന വോള്‍ട്ടേജ് വഹിക്കുന്ന ലൈനുകള്‍ പൊട്ടിവീണാല്‍ സബ്‌സ്റ്റേഷനുകളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കുന്ന സംവിധാനം നിലവിലുണ്ട്. എന്നാല്‍, 230 വോള്‍ട്ട് വഹിക്കുന്ന ലൈനുകള്‍ പൊട്ടിവീണാല്‍ വൈദ്യതി ബന്ധം വിച്ഛേദിക്കപ്പെടുന്ന സംവിധാനം ഇല്ല. ഇതിനുള്ള പരിഹാരമായി അന്തരീക്ഷത്തില്‍ വെച്ച് തന്നെ പൊട്ടിയ ലൈനുകളുടെ ഇരുഭാഗത്ത് നിന്നും വൈദ്യുതി വിച്ഛേദിപ്പെടുന്ന സംവിധാനം രൂപപ്പെടുത്തിയത്. 230 വോള്‍ട്ട് ലൈന്‍ പൊട്ടിവീണാല്‍ ഒന്നില്‍ വൈദ്യുതിയുടെ സാന്നിദ്ധ്യം ഉണ്ടാകും. പൊട്ടിവീണ ലൈനുകളില്‍ യാദൃശ്ചികമായി സമ്പര്‍ക്കമുണ്ടായി നിരവധിപേരുടെ ജീവന്‍ പലപ്പോഴായി നഷ്ടപ്പെട്ടിട്ടുണ്ട്.സ്‌കൂളുകള്‍ക്ക് കുറുകെയുള്ള ലൈനുകള്‍, ജനത്തിരക്കേറിയ കവലകള്‍, ജനസാന്ദ്രത കൂടിയ പാര്‍പ്പിട സമുച്ഛയങ്ങള്‍,റോഡുകള്‍ക്കും നദികള്‍ക്കും കുറുകെയുള്ള ലൈനുകള്‍ തുടങ്ങി സുരക്ഷ പ്രാധാന്യം കൂടിയ സ്ഥലങ്ങളില്‍ ഈ ഉപകരണം ഘടിപ്പിക്കുന്നത് അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. രണ്ട് ഭാഗങ്ങളാണ് ഈ ഉപകരണത്തിനുള്ളത്. എന്‍കോഡര്‍ യൂനിറ്റും ഡീകോഡര്‍ യൂനിറ്റും. ലൈന്‍ കമ്പി പൊട്ടിവീണാല്‍ ജീവാപായം ഉണ്ടാകാന്‍ സാധ്യയുള്ള സ്ഥലങ്ങളില്‍ വൈദ്യുതി വിതരണ പോസ്റ്റുകളിലാണ് ഈ ഉപകരണം ഘടിപ്പിക്കുന്നത്. സംരക്ഷിക്കേണ്ട സ്ഥലത്തെ ലൈനുകള്‍ പൊട്ടുമ്പോള്‍ എന്‍കോഡര്‍ യൂനിറ്റില്‍നിന്ന് ഒരു സിഗ്നല്‍ അന്തരീക്ഷത്തിലൂടെ ഡീകോഡര്‍ യൂനിറ്റിലേക്ക് അയക്കുന്നു. ലൈന്‍കമ്പി പൊട്ടിയതുമൂലമോ സാധാരണ ഗതിയില്‍ വൈദ്യുതി നിലച്ചതുമൂലമോ എന്‍കോഡര്‍ യൂനിറ്റില്‍ വൈദ്യുതി ലഭ്യമാകാതെ വന്നാല്‍ അപായ സൂചന സിഗ്നല്‍ എന്‍കോഡര്‍ യൂനിറ്റില്‍നിന്ന് ഡീകോഡര്‍ യൂനിറ്റിലേക്ക് അയക്കും.

ഡീകോഡര്‍ യൂനിറ്റിലെത്തുന്ന ഈ സിഗ്നലിനെ യൂനിറ്റിലെ കംപാരേറ്റര്‍ സെക്ഷന്‍ പരിശോധിക്കുന്നു. പൊതുവില്‍ വൈദ്യുതിബന്ധം നിലക്കുമ്പോഴാണ് എന്‍കോഡറില്‍നിന്ന് സിഗ്നല്‍ വരുന്നതെങ്കില്‍ ഡീകോഡര്‍ യൂനിറ്റ് പ്രത്യേകിച്ച് പ്രവര്‍ത്തനമൊന്നും ചെയ്യുന്നില്ല. അതേസമയം, ലൈന്‍കമ്പി പൊട്ടിയതുമൂലമാണ് സിഗ്നല്‍ വരുന്നതെങ്കില്‍ ഡികോഡറിലെ ഓട്ടോമേറ്റഡ് സ്വിച്ചിംഗ് യൂനിറ്റിലേക്ക് സിഗ്നല്‍ കൈമാറുകയും ക്ഷണനേരത്തിനുള്ളില്‍ ലൈന്‍കമ്പികളിലേക്കുള്ള വൈദ്യുതിപ്രവാഹം വിച്ഛേദിക്കുകയും ഉച്ചത്തിലുള്ള അലാറം മുഴങ്ങുകയും ചെയ്യുന്നു. വൈദ്യുതി ലൈനുകള്‍ പൊട്ടി ആള്‍ക്കൂട്ടത്തിനിടയിലേക്ക് വീണാല്‍പോലും ആര്‍ക്കും വൈദ്യുതാഘാതം ഏല്‍ക്കുകയില്ല. അന്തരീക്ഷത്തില്‍വെച്ചുതന്നെ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടതിനുശേഷമാണ് ലൈന്‍കമ്പികള്‍ താഴേക്ക് വീഴുന്നത്. ലൈനുകള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആയാലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നതിനാല്‍ തീപിടുത്തവും തുടര്‍ന്നുള്ള ദുരന്തങ്ങളും ഒഴിവാക്കുവാനും സാധിക്കും. ഇത്കൂടാതെ ഭൂകമ്പം അറിയിക്കുന്ന എര്‍ത്ത്‌ക്വേക്ക് ഡിറ്റക്ടര്‍, വളവുകള്‍, ഹമ്പുകള്‍ ഇവയുടെ സാന്നിധ്യം മുന്‍കൂട്ടി അറിയിക്കുന്ന ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ട്രാന്‍മിറ്റര്‍, ഹൃദയാഘാതവും മറ്റത്യാഹിതങ്ങളും ആശുപത്രിയില്‍ അറിയിക്കുന്ന അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഡിവൈസ്, ഉന്നത വോള്‍ട്ടിലുള്ള വൈദ്യുതി സാന്നിധ്യം താഴെനിന്നും 15 മീറ്റര്‍ അകലെ നിന്നും അറിയാന്‍ സാധിക്കുന്ന തുടങ്ങി നിരവധി കണ്ടുപിടിത്തങ്ങള്‍ 40 വയസ്സുകാരനായ ഋഷികേശ് കണ്ടുപിടിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest