എവറസ്റ്റിന്റെ ഉയരം കുറഞ്ഞുവോ? വീണ്ടും അളവെടുക്കാന്‍ തയ്യാറെടുപ്പുകള്‍

Posted on: January 25, 2017 7:44 am | Last updated: January 24, 2017 at 11:47 pm

ഹൈദരാബാദ്: എവറസ്റ്റിന്റെ ഉയരമെത്ര എന്ന ചോദ്യത്തിനുള്ള ഉത്തരം ഇനി മാറ്റിപ്പറയേണ്ടിവരുമോ? ശാസ്ത്ര സമൂഹം സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് എവറസ്റ്റിന്റെ ഉയരം വീണ്ടും കണക്കാക്കാന്‍ തയ്യാറെടുക്കുകയാണ് സര്‍വേ ഓഫ് ഇന്ത്യ. രണ്ട് വര്‍ഷം മുമ്പ് നേപ്പാളിലുണ്ടായ വലിയ ഭൂചലനത്തെ തുടര്‍ന്ന് എവറസ്റ്റ് ചുരുങ്ങിപ്പോയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നത്. കൊടുമുടിയുടെ ഉയരം വീണ്ടും അളക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യ സ്വര്‍ണ സുബ്ബ റാവു പറഞ്ഞു. ഫലക ചലനവും ഉയര വ്യതിയാനത്തിന് ഇടയാക്കിയിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1855ല്‍ സര്‍വേ ഓഫ് ഇന്ത്യ തന്നെയാണ് എവറസ്റ്റിന്റെ ഉയരം ആദ്യമായി കണക്കാക്കിയത്. പിന്നീട് പലരും ഉയരം തിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും സര്‍വേ ഓഫ് ഇന്ത്യ പ്രസിദ്ധപ്പെടുത്തിയ 29,028 അടി (8848 മീറ്റര്‍) ആണ് ഇന്നും ഔദ്യോഗിക ഉയരം. എവറസ്റ്റ് നിലകൊള്ളുന്ന രാജ്യങ്ങളായ ചൈനയും നേപ്പാളും ഈ കണക്ക് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. 2005ല്‍ ചൈന എവറസ്റ്റിന്റെ ഉയരം അളന്നപ്പോള്‍ 8844.43 മീറ്റര്‍ എന്ന കണക്കാണ് ലഭിച്ചത്. എന്നാല്‍, 8848ല്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു നേപ്പാള്‍. ഇത് സംബന്ധിച്ച് ചൈനയും നേപ്പാളും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഒടുവില്‍ 2010ല്‍ ഇരു രാജ്യങ്ങളും 8848ല്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

സര്‍വേക്ക് ആവശ്യമായ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞതായി സ്വര്‍ണ സുബ്ബ റാവു വ്യക്തമാക്കി. ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന ജിയോസ്‌പേഷ്യല്‍ വേള്‍ഡ് ഫോറത്തില്‍ പങ്കെടുക്കാന്‍ നേപ്പാള്‍ സര്‍വേ ജനറല്‍ എത്തുകയാണെങ്കില്‍ അദ്ദേഹവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. എല്ലാം ഒത്തുവരികയാണെങ്കില്‍ ഒരു മാസം സമയമെടുക്കും എവറസ്റ്റിന്റെ ഉയരമളക്കാന്‍.