ടോംസ് കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കാന്‍ ശിപാര്‍ശ

Posted on: January 24, 2017 11:19 pm | Last updated: January 24, 2017 at 11:19 pm

തിരുവനന്തപുരം: വിദ്യാര്‍ഥി പീഡനം നടക്കുന്നതായി പരാതി ഉയര്‍ന്ന മറ്റക്കര ടോംസ് എന്‍ജിനീയറിംഗ് കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കാന്‍ സാങ്കേതികസര്‍വകലാശാലയുടെ ശിപാര്‍ശ. കോളജിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചസംഭവിച്ചിട്ടുണ്ടെന്ന് സാങ്കേതിക സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അഫിലിയേഷന്‍ റദ്ദാക്കാന്‍ശിപാര്‍ശ ചെയ്തിരിക്കുന്നത്. പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണുപ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും സര്‍വകലാശാല നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച റിപോര്‍ട്ട് സാങ്കേതിക സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.ജെ പി പത്മകുമാര്‍ സര്‍ക്കാരിന് കൈമാറി. ടോംസ് കോളജില്‍ തെളിവെടുപ്പിനെത്തിയ സാങ്കേതിക സര്‍വകലാശാലയിലെ വിദഗ്ധസംഘത്തിന് വിദ്യാര്‍ഥികൡനിന്ന് ലഭിച്ച പരാതികളില്‍നിന്ന് ബോധ്യപ്പെട്ട കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ടോംസ് കോളജ് മോശം സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു പ്രധാന കണ്ടെത്തല്‍. കോളജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. നാലുപേര്‍ തങ്ങേണ്ട മുറിയില്‍ പതിനഞ്ചോളം പേരാണ് താമസിക്കുന്നത്. ലേഡീസ് ഹോസ്റ്റലിലേക്കുള്ള ചെയര്‍മാന്റെ രാത്രി സന്ദര്‍ശനത്തെക്കുറിച്ചും വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിരുന്നു.
കൂടാതെ മതിയായ യോഗ്യതകളില്ലാതെയാണ് ടോംസ് കോളജിന് അംഗീകാരം ലഭിച്ചതെന്നും വ്യക്തമായിരുന്നു. സാങ്കേതികസര്‍വകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ 2014 ല്‍ എ ഐ സി ടി ഇ സെക്രട്ടറിയായിരിക്കുമ്പോഴാണ് കോളജിന് അംഗീകാരം ലഭിച്ചത്. കോളജ് പ്രവര്‍ത്തിക്കാനുള്ള അംഗീകാരം ലഭിക്കണമെങ്കില്‍ 10 ഏക്കര്‍ സ്ഥലം വേണമെന്ന് നിയമമുള്ളപ്പോള്‍ മൂന്നുനിലയുള്ള സ്ഥാപനം പ്രവര്‍ത്തിക്കുന്നത് 50 സെന്റില്‍ മാത്രമാണെന്നായിരുന്നു പരിശോധനയില്‍ വ്യക്തമായത്. ടോംസ് കോളജിലെ 30 രക്ഷിതാക്കള്‍ ചെയര്‍മാനെതിരേ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് സാങ്കേതികസര്‍വകലാശാലാ രജിസ്ട്രാര്‍ കോളജിലെത്തി പരിശോധന നടത്തിയത്. ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം അനിവാര്യമാണെന്നാണ് സമിതിയുടെ റിപ്പോര്‍ട്ട്. ജിഷ്ണു കോപ്പിയടിച്ചതിന് തെളിവില്ല. ഇതുസംബന്ധിച്ച് ഇന്‍വിജിലേറ്ററും കോളജ് പ്രിന്‍സിപ്പലും പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്. കോപ്പിയടിച്ച കാര്യം യഥാസമയം സര്‍വകലാശാലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എല്ലാകോളജുകളിലും പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണം. കോളജിലെ അച്ചടക്ക ഓഫീസര്‍മാരുടെ തസ്തിക റദ്ദാക്കണം. പരാതി പരിഹാരസ സെല്‍ നിര്‍ബന്ധമാക്കാണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ടോംസ് കോളജ് മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടപ്പരാതി ഉയര്‍ന്നതിനാലാണ് സാങ്കേതിക സര്‍വകലാശാല റജിസ്ട്രാര്‍ പത്മകുമാറിന്റെ നേതൃത്വത്തില്‍ കോളജില്‍ തെളിവെടുപ്പ് നടത്തിയത്. കോളജിന് വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലെന്നാണ് റജിസ്ട്രാറുടെ പരിശോധനയില്‍ വിലയിരുത്തിയിരുന്നു. പ്രിന്‍സിപ്പലിന് പോലും സ്വന്തമായി മുറിയില്ല . ഹോസ്റ്റലില്‍ വാര്‍ഡനില്ല. ലൈബ്രറി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിന് അനുബന്ധമായാണ്. ചെയര്‍മാന്‍ ടോമില്‍ നിന്ന് മോശമായ പെരുമാറ്റവും പദപ്രയോഗവും ഉണ്ടായെന്ന് ഒരേ സ്വരത്തില്‍ വിദ്യാര്‍ഥികള്‍ മൊഴി നല്‍കി. വീഴ്ച പറ്റിയെന്ന് ടോം മാനേജ്‌മെന്റ് തെളിവെടുപ്പില്‍ സമ്മതിച്ചു. അതേ സമയം ഒരു വിഭാഗം അധ്യാപകര്‍ മാനേജ്‌മെന്റിന് ശക്തമായി ന്യായീകരിച്ചു . ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ടി സി വേണെമെന്നാവശ്യപ്പെട്ടപ്പോള്‍ മറ്റൊരു കൂട്ടര്‍ പഠനം നിര്‍ത്തുകയാണെന്ന് അന്വേഷണ സമിതിയെ അറിയിച്ചു