പാട്ട് നിലച്ചു; കാണികളുടെ കൈയടിയില്‍ സ്‌നേഹ നടനമാടി

Posted on: January 19, 2017 12:39 am | Last updated: January 19, 2017 at 9:40 pm
സ്‌നേഹ

നാട്യമത്സരത്തിനിടെ വേദിയില്‍ പാട്ട് നിലച്ചതോടെ പരിഭ്രാന്തിയിലായ നര്‍ത്തകക്ക് സദസ്സിന്റെ പിന്തുണ. എച്ച് എസ് എസ് വിഭാഗം പെണ്‍കുട്ടികളുടെ കേരളനടന വേദിയിലാണ് നാടകീയ സംഭവം.

സ്‌നേഹയുടെ നൃത്തം തുടങ്ങി നിമിഷങ്ങള്‍ക്കകം സീഡി നിന്നുപോയി. അതോടെ സദസ്സ് ഒന്നു ഞെട്ടി. എന്നാല്‍ ഇതൊന്നും വകവെക്കാതെ സ്‌നേഹ നൃത്തം തുടരുകയായിരുന്നു. പാലക്കാട് കുമരമ്പത്തൂര്‍ കല്ലടി എച്ച് എസ് എസിലെ വിദ്യാര്‍ഥിയായ സ്‌നേഹക്കൊപ്പം നിറഞ്ഞ കൈയ്യടിയുമായി കാണികള്‍ ചേര്‍ന്നു.
വേദിയില്‍ സ്‌നേഹയുടെ ചിലങ്കയുടെ ശബ്ദത്തോട് സദസ്സിലെ കൈയ്യടിയും അലിഞ്ഞു ചേര്‍ന്നു. സദസ്യരുടെ നിറഞ്ഞ കൈയടിയുടെ അകമ്പടിയോടെയാണ് ഒടുവില്‍ സ്‌നേഹനൃത്തം പൂര്‍ത്തിയാക്കിയത്. പാലക്കാട് നിന്ന് ജില്ലാ കലോത്സവത്തില്‍ രണ്ടാം സ്ഥാനം ലഭ്യമായ സ്‌നേഹ അപ്പീലിലൂടെയാണെത്തിയത്.

സ്‌നേഹക്ക് പിന്നീട് മത്സരിക്കാനുള്ള അവസരം നല്‍കുകയും ചെയ്തു.