സൗമ്യവധം: കേരളം തിരുത്തല്‍ ഹര്‍ജി നല്‍കി

Posted on: January 7, 2017 2:04 pm | Last updated: January 8, 2017 at 10:14 am

ന്യൂഡല്‍ഹി: സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ വിധിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ പുനഃപരിശോധനാ ഹരജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഈ വിധി തിരുത്തണമെന്നാണ് സര്‍ക്കാറിന്റെ ആവശ്യം. തുറന്ന മനസോടെയല്ല പുനഃപരിശോധന ഹര്‍ജി പരിഗണിച്ചെന്ന് സര്‍ക്കാര്‍ തിരുത്തല്‍ ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

സൗമ്യയെ ട്രെയിനില്‍ നിന്ന് ഗോവിന്ദച്ചാമി തള്ളിയിട്ടതാണെന്നതിന് തെളിവില്ലെന്നായിരുന്നു കോടതി നിലപാട്. എന്നാല്‍ ട്രെയിനില്‍ വെച്ചുണ്ടായ പരിക്കിന്റേയും മാനഭംഗത്തിന്റേയും ഉത്തരവാദി ഗോവിന്ദച്ചാമിയാണെങ്കില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതും ഗോവിന്ദച്ചാമിയാണെന്ന പ്രോസിക്യൂഷന്‍ വാദവും നിലനില്‍ക്കുമെന്ന് ഹരജിയില്‍ പറയുന്നു.