രൂപലേഖ ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്

Posted on: January 5, 2017 3:14 pm | Last updated: January 5, 2017 at 3:14 pm

ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി രൂപലേഖ കൊമ്പിലാട് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രകൃതിവിരുദ്ധ പീഡന ആരോപണത്തില്‍ കേസെടുത്തതിനെ തുടര്‍ന്ന് പി പി രവീന്ദ്രനാഥ് രാജിവെച്ച ഒഴിവിലേക്കാണ് രൂപലേഖ തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 17 അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍ ഡി എഫിലെ ഒന്‍പത് അംഗങ്ങളും തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. പോക്‌സോ നിയമപ്രകാരം കേസ് നിലവിലുള്ള മുന്‍ പ്രസിഡന്റ് പി പി രവീന്ദ്രനാഥ് കോടതിയില്‍ നിന്നുള്ള പ്രത്യേക അനുമതി നേടിയാണ് യോഗത്തില്‍ പങ്കെടുത്തത്. രണ്ട് അംഗങ്ങളുള്ള ബി ജെ പി വിട്ടുനിന്നു.

പതിനൊന്ന് മണിയോടെ യോഗനടപടികള്‍ ആരംഭിച്ചയുടന്‍ ആറ് അംഗങ്ങളുള്ള യു ഡി എഫ് യോഗത്തില്‍ ഒപ്പുവെച്ച ശേഷം പോക്‌സോ നിയമപ്രകാരം കേസെടുത്ത ഗ്രാമപഞ്ചായത്തംഗം തിരഞ്ഞെടുപ്പില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. ഇതോടെയാണ് എതിരില്ലാതെ അധ്യക്ഷ സ്ഥാനത്ത് രൂപലേഖ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. എന്‍സിപി അംഗം പെരിങ്ങിണി മാധവനാണ് രൂപലേഖയുടെ പേര് നിര്‍ദ്ദേശിച്ചത്. എന്‍ പി നദീഷ് കുമാര്‍ പിന്‍താങ്ങി. ആറാം വാര്‍ഡ് അംഗവും നിലവിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രുപ ലേഖ കൊമ്പിലാട്.
1അതിനിടെ യോഗം ബഹിഷ്‌ക്കരിച്ച് പ്രകടനവുമായി പുറത്തേക്കിറങ്ങിയ യു ഡി എഫ് അംഗങ്ങള്‍ പഞ്ചായത്തിനു പുറത്തുണ്ടായിരുന്ന എല്‍ ഡി എഫ് പ്രവര്‍ത്തകരുമായി നടത്തിയ വാക്കേറ്റം സംഘര്‍ഷാവസ്ഥ ക്കിടയാക്കി. തുടര്‍ന്ന് സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന താമരശ്ശേരി ഡിവൈഎസ്പി കെ.അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. സംഘര്‍ഷാവസ്ഥ ശ്രഷ്ടിച്ചതിന് യു ഡി എഫ് അംഗങ്ങളെയും മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.