Connect with us

Palakkad

വരള്‍ച്ചയുടെ വരവറിയിച്ച് കുന്തിപ്പുഴ വരണ്ടുണങ്ങി

Published

|

Last Updated

കൊപ്പം : കരിമ്പനകളും പുല്‍ക്കാടും നിറഞ്ഞു കുന്തിപ്പുഴ മെലിയുന്നു. കടുത്ത വരള്‍ച്ചയുടെ വരവറിയിച്ചു പുഴയാകെ വരണ്ടുണങ്ങി. അനിയന്ത്രിതമായ മണലെടുപ്പും പ്ലാസ്റ്റിക് മാലിന്യ നിക്ഷേപവുമാണു കുന്തിപ്പുഴ ശോഷിക്കാന്‍ കാരണം. മലബാറിന്റെ സംസ്‌കാരത്തിന്റെ ഭാഗമായ കുന്തിപ്പുഴ ഇരുകരയും മുട്ടി കരകവിഞ്ഞൊഴുകിയിരുന്ന പുഴയുടെ പ്രതാപ കാലം ഇനി ഓര്‍മ്മയാകുകയാണു. കരയിടിച്ചും കരമണല്‍ഖനനം നടത്തിയും പുഴയെ കൊല്ലുന്നതിനെതിരെ നിരവധി തവണ പരിസ്ഥിതി സ്‌നേഹികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും പുഴയെ സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളെല്ലാം ഫയലുകളിലുറങ്ങി. കുന്തിപ്പുഴ നിറഞ്ഞുകവിഞ്ഞു സമീപ പ്രദേശങ്ങളിലെ തോടരുവികള്‍ നിറഞ്ഞുകവിഞ്ഞിരുന്നത് പഴങ്കഥ. ഇക്കഴിഞ്ഞ വര്‍ഷക്കാലത്ത് പുഴ നിറഞ്ഞിട്ടില്ലെന്നു തന്നെ പറയാം. തുലാംമാസത്തിലെങ്കിലും പുഴ നിറയുമെന്നു കരുതി. എന്നാല്‍ തുലാംവര്‍ഷം പിറക്കുംമുമ്പെകുന്തിപ്പുഴയില്‍ നീരൊഴുക്കു കുറയുന്നതാണു കണ്ടത്. മണ്ണാര്‍ക്കാട് കുന്തിപ്പുഴ മുതല്‍ തൂത രാമംചാടി വരെ പുഴ നേരത്തെ പാറക്കല്ലായി മാറിയിരുന്നു. അനധികൃതമണലെടുപ്പ് തന്നെയായിരുന്നു ഇവിടെ പുഴ നശിക്കാന്‍ കാരണമായത്. മാവുണ്ടിരിക്കടവ് പാലം മുതല്‍ പരുതൂര്‍ മംഗലം കടവു വരെ മാത്രമാണു അല്‍പ്പമെങ്കിലും മണല്‍ അവേശിച്ചിരുന്നത്. പഞ്ചാരത്തട്ടുപോലെയുള്ള പുഴയിലെ മണല്‍പ്പരപ്പ് കാണാന്‍ നല്ല ചന്തമായിരുന്നു. വര്‍ഷത്തിലും വേനലിലും ഒരു പോലെ പുഴ പരന്നൊഴുകിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമാണു പുഴ ഗതിമാറിയത്. മണലെടുപ്പിനു നിയന്ത്രമില്ലാതാവുകയും കരയിടിച്ചു കരമണല്‍ഖനനം വ്യാപകമാവുകയും ചെയ്തതോടെ പുഴ നാശത്തിലേക്ക് അടുക്കാന്‍ തുടങ്ങി. തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നദികളുടെ സംരക്ഷണകാര്യത്തില്‍ ഫലപ്രദമായ നടപടികളൊന്നും ചെയ്തില്ലെന്നു പറയാം. പാസ്സ് മണല്‍ എന്ന തട്ടിപ്പിലൂടെ അംഗീകൃത കടവുകളും അനംഗീകൃത കടവുകളും നിര്‍മിച്ചു കുറയൊളുകള്‍ പണമുണ്ടാക്കിയെന്നു മാത്രം. കുന്തിപ്പുഴയുടെ മരണമണിയില്‍ അധികൃതര്‍ക്കും അവരുടെ പങ്കുണ്ട്. തടയണകളില്‍ മാത്രമാണു ഇപ്പോള്‍ പുഴയില്‍ വെള്ളമുള്ളത്. അതും പ്ലാസ്റ്റിക്മാലിന്യത്താലും ഓടകളില്‍ നിന്നും ഒലിച്ചെത്തുന്ന മലിനജലത്താലും മലിനമായിക്കൊണ്ടിരിക്കയാണ്. തടയണ ക്ക് സമീപത്ത് നിന്നുള്ള അമിതമായ മണലെടുപ്പും പുഴയ്ക്ക് ഭീഷണിയാണ്. മപ്പാട്ടുകര, കട്ടുപ്പാറ, പുലാമന്തോള്‍ കടവുകളിലാണു നിലവില്‍ സ്ഥിരം തടയണകളുള്ളത്. ഇവിടെ തടയണകള്‍ക്കടുത്തു നിന്നായി മണലെടുപ്പു വ്യാപകമാണ്. ഗ്രാമ പഞ്ചായത്തുകളെല്ലാം മണല്‍മാഫിയകള്‍ക്ക് മുന്നില്‍ നടപടി സ്വീകരിക്കനാകാതെ മുട്ടുവിറക്കുകയാണു.

മണലെടുപ്പിനെതിരെ ശബ്ദിക്കുന്നവരെയും സമരം നടത്തുന്നവരെയും വരെ മാഫിയ കൈയിലൊതുക്കി കഴിഞ്ഞു. ഇതിനെല്ലാം പുറമെയാണു തടയണകളിലേക്ക് ഒഴുകിയെത്തുന്ന മാലിന്യഭീഷണി.
തടയണകള്‍ തന്നെ പണിതത് നാട്ടുകാരുടെ കുടിവെള്ളം പരിഹരിക്കുന്നതിനു വേണ്ടിയല്ല, പുഴയോരത്തു തുടങ്ങിയ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും വേണ്ടിയാണെന്ന് രാഷ്ട്രീയ പാര്‍ടികള്‍ ആരോപിച്ചിരുന്നു. കുന്തിപ്പുഴയിലെ എല്ലാ തടയണകള്‍ക്കടുത്തും ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ട്.
മപ്പാട്ടുകരയിലും കട്ടുപ്പാറയിലും പുലാമന്തോളിലും ഹോട്ടലുകള്‍ സജീവമാണു. കട്ടുപ്പാറ റിസോര്‍ട്ട് ഇട്ടക്കടവ് തടയണക്കടുത്താണു. ഇവിടെ നിന്നുള്ള ഹോട്ടല്‍ മാലിന്യവും മറ്റും തള്ളുന്നത് പുഴയിലേക്കാണ്.

മൂന്നു തടയണകളിലെയും വെള്ളം നിറവ്യത്യാസമുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാന്‍ അധികാരികള്‍ക്കായിട്ടില്ല. മപ്പാട്ടുകര തടയണ നെല്ലായ, ഏലംകുളം ഗ്രാമ പഞ്ചായ്തതുകളിലുള്ളവര്‍ക്ക് ആശ്വസമാണ്.
കട്ടുപ്പാറ തടയണയിലെ വെള്ളം പെരിന്തല്‍മണ്ണ നഗരസഭയിലെയും ഏലംകുളം പഞ്ചായത്തിലേക്കും പുലാമന്തോള്‍ തടയണയിലെ വെള്ളം കുലുക്കല്ലൂര്‍, വിളയൂര്‍, പുലാമന്തോള്‍, കൊപ്പം ഗ്രാമ പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിനും പരിഹാരമായാണു സ്ഥാപിച്ചത്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതി പുലാമന്തോള്‍ തടയണക്ക് സമീപത്താണുള്ളത്. എന്നാല്‍ എല്ലാ തടയണയിലെ വെള്ളത്തിനും മാലിന്യഭീഷണിയുണ്ട്. പാലക്കാട് നിന്നുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം തടയണകളിലെ വെള്ളം പരിശോധിച്ചു നല്‍കിയ റിപ്പോര്‍ട്ടില്‍ കുന്തിപ്പുഴയിലെ വെള്ളത്തില്‍ ജലജന്യരോഗങ്ങള്‍ക്ക് കാരണമാകുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണ്.

എന്നാല്‍ ആരോഗ്യ വകുപ്പിനു വെള്ളം പരിശോധിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കാനല്ലാതെ നടപടിയെടുക്കാനായില്ല. അതാതു തദ്ദേശസ്വയം ഭരണ കൂടങ്ങളാണ് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതെന്നു പറഞ്ഞു ആരോഗ്യ വകുപ്പ് ഒഴിഞ്ഞുമാറി.

ഏതായാലും കുന്തിപ്പുഴയുടെ പഴമ ഭംഗിയില്‍ നിന്നും മാറി ഇപ്പോള്‍ മുക്കാല്‍ ഭാഗവും ചരല്‍മണ്ണിനാല്‍ മൂടപ്പെട്ട കാഴ്ചയാണ്. പലയിടങ്ങളിലും കുറ്റിക്കാടുകള്‍ കയറിയതോടെ പുഴയുടെ സൗന്ദര്യം ആകെ മാറി. ഏതു വേനലിലും വെള്ളം പരന്നൊഴുകിയിരുന്ന പുഴയിലിപ്പോള്‍ ഒരു ഭാഗത്ത് കൂടി വെള്ളം ഒഴുകുന്ന അവസ്ഥയിലേക്ക് ചുരുങ്ങി. പുലാമന്തോള്‍ തടയണയ്ക്ക് താഴെ പാലൂര്‍ സ്‌കൂള്‍ കടവ്, തുടിക്കല്‍, കൊള്ളിത്തോട് ചെമ്മല, വളപുരം “ഭാഗങ്ങളെല്ലാം കുറ്റിക്കാടുകള്‍ നിറഞ്ഞു. കാട്‌കെട്ടിയ “ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.

കാടുകളില്‍ തടഞ്ഞുനില്‍ക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പിച്ചില്ലുകളും പുഴയിലിറങ്ങുന്നവര്‍ക്ക് “ഭീഷണിയാകുന്നുണ്ട്. പുഴ രാത്രിയായാല്‍ മദ്യപന്മാരുടെയും അനാശാസ്യ കേന്ദ്രങ്ങളാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ത്രീകള്‍ അടക്കമുള്ളവര്‍ കുളിക്കാനും അലക്കാനും ഉപയോഗിച്ചിരുന്ന പലകടവുകളും ഇപ്പോള്‍ കാട്പിടിച്ചു കിടക്കുകയാണ്. പുഴയില്‍ കുളിക്കാന്‍ ഇറങ്ങുന്നത് പോലും ജനത്തിനു പേടിയാകുന്ന അവസ്ഥയാണുള്ളത്.

 

---- facebook comment plugin here -----

Latest