പണിമുടക്കില്‍ ബേങ്കിംഗ് മേഖല സ്തംഭിച്ചു

Posted on: July 30, 2016 12:04 am | Last updated: July 30, 2016 at 12:04 am
SHARE

തിരുവനന്തപുരം: ബേങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കില്‍ ബേങ്കിംഗ് മേഖല സ്തംഭിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ ബേങ്കിംഗ് പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ, സഹകരണ ബേങ്കുകളുള്‍പ്പെടെ ഇന്നലെ അടഞ്ഞുകിടന്നു.
ബേങ്കിംഗ് മേഖലയിലെ വിവിധ ട്രേഡ് യൂനിയനുകള്‍ സംയുക്തമായാണ് പണിമുടക്കുന്നത്. മാനേജര്‍മാരും ഓഫീസര്‍മാരും ഉള്‍പ്പെടെ പത്ത് ലക്ഷത്തോളം ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തു.
ദേശസാല്‍കൃത ബേങ്കുകളുടെ ലയനം ഒഴിവാക്കുക, പൊതുമേഖലാ ബേങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കോര്‍പറേറ്റ് വായ്പാ കുടിശ്ശികക്കാരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക്.
പൊതു, സഹകരണ, സ്വകാര്യ മേഖലകളിലുള്ള സംസ്ഥാനത്തെ എണ്ണായിരത്തോളം ബേങ്ക് ശാഖകള്‍ ഇന്നലെ അടഞ്ഞുകിടന്നു. ചെക്ക് ക്ലിയറിംഗ് കേന്ദ്രങ്ങളെയും സമരം ബാധിച്ചു. അതേസമയം എ ടി എമ്മുകള്‍ പ്രവര്‍ത്തിച്ചു. ഇന്നലത്തെ സമരത്തോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ തുടര്‍ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് ജീവനക്കാരുടെ തീരുമാനം.