ഈണം സ്വരലയ പുരസ്‌കാരം കമല്‍ഹാസന്

Posted on: July 13, 2016 11:58 pm | Last updated: July 13, 2016 at 11:58 pm
SHARE

kamal-hassan-തിരുവനന്തപുരം: അഭിനയ പ്രതിഭക്കുള്ള ഈ വര്‍ഷത്തെ ഈണം-സ്വരലയ ഭരത് മുരളി ദേശീയ പുരസ്‌കാരം നടന്‍ കമല്‍ഹാസന്. സുവര്‍ണ ഗായികക്കുള്ള പുരസ്‌കാരത്തിന് പിന്നണി ഗായിക കെ എസ് ചിത്ര അര്‍ഹയായി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് ജൂറി ചെയര്‍മാന്‍ എം എ ബേബി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കാണ് ഈ വര്‍ഷത്തെ സുവര്‍ണ പ്രതിഭ പുരസ്‌കാരം. 50,000രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് പുരസ്‌കാരം. ജനപ്രിയ ഗാനത്തിനുള്ള ഈണം-സ്വരലയ സോംഗ് ഓഫ് ദ ഇയര്‍ അവാര്‍ഡ് പ്രേമം എന്ന ചിത്രത്തിലെ മലരേ നിന്നെ കാണാതിരുന്നാല്‍ എന്ന ഗാനത്തിനാണ്. 50,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും സ്വര്‍ണ്ണപ്പതക്കവും അടങ്ങുന്നതാണ് പുരസ്‌കാരം. ഗാനത്തിന്റെ രചയിതാവ് ശബരീഷ് വര്‍മ്മ, ഈണം പകര്‍ന്ന മുരുഗേശന്‍, ഗാനം ആലപിച്ച വിജയ് യേശുദാസ് എന്നിവര്‍ക്ക് പുരസ്‌കാരം സമ്മാനിക്കും. ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് ജനപ്രിയ ഗാനം തെരഞ്ഞെടുത്തത്. ലെനിന്‍ രാജേന്ദ്രന്‍, എം ജയചന്ദ്രന്‍, പ്രഭാവര്‍മ്മ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍. വാര്‍ത്താസമ്മേളനത്തില്‍ ലെനിന്‍ രാജേന്ദ്രന്‍, സ്വരലയ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ജി രാജ്‌മോഹന്‍, ഭാരവാഹികളായ ആര്‍ എസ് ബാബു, തോമസ് ഫിലിപ്പ് പങ്കെടുത്തു.