ഏക സിവില്‍ കോഡ് നീക്കം മതേതരത്വത്തിന് ഭീഷണി

Posted on: July 3, 2016 6:36 am | Last updated: July 2, 2016 at 11:13 pm
SHARE

സംഘ്പരിവാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കം ആരംഭിച്ചിരിക്കയാണ് കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് നിയമ കാര്യ കമ്മീഷനോട് റിപ്പോര്‍ട്ട് തേടിയിരിക്കയാണ് സര്‍ക്കാര്‍. രാജ്യത്ത് ഇതാദ്യമായാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ നിയമ സാധുത സംബന്ധിച്ചു കമ്മീഷനോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തെടുന്നത്. നിയമ പരിഷ്‌കാരങ്ങള്‍ക്ക് ഉപദേശം നല്‍കുന്ന സമിതിയാണ് നിയമ കാര്യ കമ്മീഷന്‍. കമ്മീഷനില്‍ നിന്ന് അനുകൂലമായ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. എങ്കില്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നറിയുന്നു.
പലപ്പോഴായി ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചതാണ് രാജ്യത്തെ വ്യക്തി നിയമങ്ങള്‍ ഏകീകരിക്കണമെന്ന വാദം. രാജ്യത്തെ നിയമ വ്യവസ്ഥ ക്രിമിനല്‍ കേസുകളില്‍ മിക്കതിലും പൗരന്മാര്‍ക്ക് ഔരേ നിയമമാണ് അനുശാസിക്കുന്നതെങ്കിലും വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങി ചില വിഷയങ്ങളില്‍ ഹിന്ദു, മുസ്‌ലിം, ക്രിസത്യന്‍ മതവിഭാഗങ്ങള്‍ക്ക് വ്യത്യസ്ത നിയമങ്ങളാണുള്ളത്. ഇതില്‍ ഹിന്ദു വിവാഹ നിയമത്തില്‍ സ്വാതന്ത്രാനന്തരം ചില മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. മുസ്‌ലിം, കൃസത്യന്‍ നിയമങ്ങള്‍ ഇന്നും പഴയ പടി തുടരുകയാണ്. ഇതാണ് ഏകീകൃത വാദക്കാര്‍ തങ്ങളുടെ വാദത്തിന് ഉപോത്ബലകമായി ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയിലെ പതിനാല് മാര്‍ഗ നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുന്നുമുണ്ട് ഏകീകൃത സിവിര്‍ കോഡ്. ഇതെല്ലാം ഉയര്‍ത്തിക്കാട്ടിയാണ് ഹിന്ദുത്വ സംഘടനകളും ഇസ്‌ലാമിലെ തന്നെ ചില തിരുത്തല്‍ വാദികളും ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നുത്.
1840-ല്‍ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന കാലത്താണ് രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് വാദം ഉയര്‍ന്നത്. സ്വതന്ത്രാനന്തരവും ഹിന്ദുത്വ വാര്‍ഗീയ വാദികള്‍ പലപ്പോഴായി ഈ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇത് ഭരണ ഘടന മൗലികാവകാശമായി അംഗീകരിച്ച മതസ്വാതന്ത്രത്തിന് വിരുദ്ധമാകയാല്‍ ഭരണ ഘടനാ ഭേദഗതി കൂടാതെ നടപ്പാക്കാന്‍ സാധ്യമല്ല. ഭേദഗതിക്ക് പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമോ രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ സമവായമോ ആവശ്യമാണ്. വാജ്‌പേയിയുടെ ഭരണ കാലത്ത് സര്‍ക്കാര്‍ ഈ ആവശ്യത്തിന് നേരെ കണ്ണടക്കാന്‍ കാരണം ഈ തടസ്സമാണ്. ഇപ്പോള്‍ ലോക് സഭയില്‍ ബി ജെ പിക്ക് തനിച്ച് വ്യക്തമായ ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ മ്റ്റു ചില കക്ഷികളുടെ കൂടി സഹകരിപ്പിക്കാനായാല്‍ ലോക്‌സഭയില്‍ ഭരണ ഘടനാ ഭേദഗതി സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് മോദി സര്‍ക്കാര്‍.
അതിനിടെ ഏകീകൃത സിവില്‍ കോഡിനായി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് ചിലര്‍ സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. വിവാഹമമോചനം, ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്ന് ആരോപിച്ചയിരുന്നു ഹരജി. ഇത് പാര്‍ലമെന്റിന്റെ പരിധിയില്‍ പെട്ട വിഷയമായതിനാല്‍ കോടതിക്ക് ഇടപെടാനാവില്ലെന്നു ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹരജി തള്ളുകയാണുണ്ടായത്. നിലവിലുള്ള മുസ്‌ലിം വ്യക്തി നിയമം സ്ത്രീകള്‍ക്ക് ദോഷകരമാണെങ്കില്‍ അവരാണ് കോടതിയെ സമീപിക്കേണ്ടത്. ഇതുവരെ അത്തരമൊരു പരീതിയുമായി മുസ്‌ലിം സ്ത്രീകളാരും കോടതിയെ സമീപിച്ചിട്ടില്ലെന്നും ജസ്റ്റിസ് ഠാക്കൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കേവല ഇസ്‌ലാമിക വിരോധത്തിലൂപരി മുസ്‌ലം സ്ത്രീകളോടുള്ള സ്‌നഹമോ, അനുഭാവമോ അല്ല ഏക സിവില്‍കോഡ് വാദത്തിന് പിന്നില്‍. ഇസ്‌ലാമിക നിയമങ്ങള്‍ തികച്ചു യുക്തിഭദ്രവും സ്ത്രീകളുടെ അവകാശങ്ങളെ ഒരു തരത്തിലും ഹനിക്കാത്തതുമാണെന്ന് മുസ്‌ലിം പണ്ഡിതര്‍ പലവുരു വ്യക്തമാക്കി കൊടുത്തതാണ്. മാത്രമല്ല, മനുഷ്യ നിര്‍മതമല്ല ഇസ്‌ലാമിക നിയമങ്ങള്‍. ദൈവീകമാണ്. അതില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും അധികാരമില്ല. മറ്റു മതങ്ങളെ പോലെ ചില ആരാധനങ്ങളില്‍ പരിമിതമല്ല. ജീവിതത്തിന്റെ നിഖില മേഖലകളെയും ചൂഴ്ന്നുനില്‍ക്കുന്നതാണ് ഇസ്‌ലാകി ശരീഅത്ത്. മുസ്‌ലിം വ്യക്തിനിയമങ്ങള്‍ അതിന്റെ അവിഭാജ്യ ഘടകവുമാണ്.മതത്തിന്റെ നിര്‍വചനത്തില്‍ വിശ്വാസ പ്രമാണങ്ങള്‍ മാത്രമല്ല,ആചാരങ്ങളും ആഘോഷങ്ങളും ഉള്‍പ്പെടുമെന്ന് പരമോന്നത കോടതി വ്യക്തമാക്കിയതുമാണ്. ഇസ്‌ലാമിക സമൂഹത്തില്‍ തന്നെ ശരീഅത്തില്‍ വിശ്വാസമില്ലാത്തവരുണ്ടെങ്കില്‍ അവരുടെ മേല്‍ അത് അടിച്ചേല്‍പിക്കണമെന്ന് മുസ്‌ലിംകള്‍ക്ക് വാദവുമില്ല. അത്തരക്കാര്‍ക്ക് മതപരിത്യാഗികളായി സ്‌പെഷ്യല്‍ മാര്യേജ് ആക്ടിനെയോ, ഹിന്ദു കോഡിനെയോ ആശ്രയിക്കാകുന്നതേയുള്ളു. ഭരണ ഘടനയിലെ മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ നടപ്പാക്കുന്നത് മൗലിവാകാശങ്ങള്‍ ഹനിച്ചു കൊണ്ടാവുകയുമരുത്.
രാജ്യത്ത് പൊതുവായ വ്യക്തിനിയമത്തിന് വാദിക്കുന്നവര്‍ക്കൊന്നും അതിനൊരു രൂപരേഖ സമര്‍പ്പിക്കാന്‍ ഇന്നു വരെ സാധിച്ചിട്ടില്ല, അതവരുടെ ആവശ്യമവുമല്ല. ഇസ്‌ലമാമിക സംസ്‌കാരം രാജ്യത്ത് നിന്ന് തുടച്ചു നീക്കുകയും ഹിന്ദു നിയമം മറ്റു സമുദായക്കാരുടെ മേല്‍ അടിച്ചേല്‍പിക്കുകയുമാണ് അവരുടെ യഥാര്‍ഥ്യ ലക്ഷ്യം. ഗോവധ നിരോധം പോലെ സംഘ്പരിവാറിന്റെ ഒരു ഗൂഢ അജന്‍ഡയാണിത്. മതേതരതത്തിന്റെ വേരറുക്കാനുള്ള ഈ നീക്കത്തിനെതിരെ മതന്യൂനപക്ഷങ്ങള്‍ ഒറ്റക്കൊട്ടായി രംഗത്ത് വരേണ്ടതുണ്ട്.