കോഴിക്കോട് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് സെറിബ്രല്‍ മലേറിയ

Posted on: June 8, 2016 8:31 am | Last updated: June 8, 2016 at 11:13 am

cerebral malariaകോഴിക്കോട്: തലച്ചോറിനെ ബാധിക്കുന്ന ഗുരുതര രോഗമായ സെറിബ്രല്‍ മലേറിയ കോഴിക്കോട് സ്ഥിരീകരിച്ചു. പുതിയാപ്പയില്‍ ഒരു കടുംബത്തിലെ അഞ്ച് പേരെ സെറിബ്രല്‍ മലേറിയ സംശയവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടിക്ക് സമീപം പെരുവട്ടൂരില്‍ ദിവ്യ (27) മക്കളായ റിതി (അഞ്ച്), ഷിബി (രണ്ട്), ദിവ്യയുടെ മാതാപിതാക്കളായ ദിവാകരന്‍(62), വിജയമ്മ(47) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ നേരത്തെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ദിവാകരനെയും വിജയമ്മയെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
1960കളില്‍ സംസ്ഥാനത്ത് നിന്ന് നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടതിന്ന് ശേഷം ഈ അസുഖം ഒരു വീട്ടില്‍ ഇത്രയും പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമായിട്ടാണ്. വെള്ളയില്‍, പുതിയാപ്പ, ചേവായൂര്‍, ചെക്യാട് എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസം മലമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെബ്രുവരിയില്‍ ഈ രോഗം മൂലം വെള്ളയില്‍ പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളി മരിച്ചിരുന്നു. കേരളത്തില്‍ അപൂര്‍വ്വായി കാണുന്ന രോഗമാണിത്. കൊതുകുകള്‍ വഴി പടരുന്ന സെറിബ്രല്‍ മലേറിയ തലച്ചോറിന്റെയും വൃക്കയുടെയും പ്രവര്‍ത്തനങ്ങളെ ബാധിക്കും. അസുഖം ബാധിച്ചാല്‍ പെട്ടെന്ന് മരണ സാധ്യതയുള്ള രോഗമാണിത്. കോഴിക്കോട് മുമ്പും പ്ലാസ്‌മോഡിയം ഫാല്‍സിപറം എന്ന പേരിലുള്ള സെറിബ്രല്‍ മലേറിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സമീപവാസികളുടെയെല്ലാം രക്ത സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മലമ്പനി നേരത്തെ കണ്ടെത്തി പ്രതിരോധിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് തുടങ്ങിയിരുന്നു. ഇതിനായി ബീച്ച് ജനറല്‍ ആശുപത്രിയില്‍ 24 മണിക്കൂര്‍ തുറന്നിരിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്.