മകളുടെ വിവാഹത്തിനു പോകാനിരുന്ന പിതാവ് കുഴഞ്ഞു വീണു മരിച്ചു

Posted on: February 16, 2016 8:32 pm | Last updated: February 16, 2016 at 8:32 pm
SHARE
മനോഹരന്‍
മനോഹരന്‍

ദോഹ: ഏപ്രില്‍ 17നു നിശ്ചയിച്ചിരുന്ന ഏക മകളുടെ വിവാഹത്തിനു പോകാന്‍ തയാറെടുത്തിരുന്ന പിതാവ് ദോഹയില്‍ കുഴഞ്ഞു വീണു മരിച്ചു. കാടുങ്ങല്ലൂര്‍ കോണോത്തുകുന്ന് സ്വദേശി മനോഹരന്‍ (57) ആണ് താമസ്ഥലത്ത് നെഞ്ചുവേദനയെത്തുടര്‍ന്ന് കുഴഞ്ഞു വീണു മരിച്ചത്. തൂപ്രത്ത് വേലുവിന്റെ മകനാണ്. ഹൃദയാഘാതമായിരുന്നു മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഏഴു വര്‍ഷം മുമ്പ് ദോഹയിലെത്തി സ്വന്തമായി സ്വര്‍ണപ്പണി ചെയ്തു വന്ന മനോഹരന്‍ മകളുടെ വിവാഹത്തിനുള്ള സമ്പാദ്യം ഒരുക്കൂട്ടുന്നതിനുള്ള ശ്രമത്തിലായിരുന്നു. അഞ്ചു വര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല. വിവാഹത്തിനായി നാട്ടില്‍ പോകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്ന് ബന്ധു ശശി പറഞ്ഞു. ഒരു മകനും കളുമാണ് മനോഹരനുള്ളത്. ഭാര്യ: ബിന്ദു.
നെഞ്ചുവേദനയെത്തുടര്‍ന്ന് വീണ മനോഹരനെ കൂടെ താസമിക്കുന്നവര്‍ ആംബുലന്‍സ് വിളിച്ചു വരുത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്നലെ നാട്ടിലേക്കു കൊണ്ടു പോയി.