ആളില്ലാപേടകം: മത്സരം തുടങ്ങി

Posted on: February 5, 2016 3:00 pm | Last updated: February 9, 2016 at 8:37 pm
SHARE

pedakamദുബൈ: ആളില്ലാപേടകങ്ങളുടെ മത്സരം തുടങ്ങി. അന്തിമ ഘട്ടമത്സരത്തിന് ആറ് പേടകങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. യു എ ഇ സിവില്‍ ഡിഫന്‍സിന്റെ തീ അണക്കുന്ന പേടകവും ഇതില്‍ ഉള്‍പെടും.
ദുബൈ ഇന്റര്‍നെറ്റ്‌സിറ്റിയില്‍ ‘യുഎഇ ഡ്രോണ്‍സ് ഫോര്‍ ഗുഡ് അവാര്‍ഡ്’ പരിപാടിയിലാണ് പുത്തന്‍ സാങ്കേതികവിദ്യയുടെ അന്തിമ ഘട്ട മത്സരം തുടങ്ങിയത്. മേഖലാ–രാജ്യാന്തര മല്‍സരങ്ങളിലെ വിജയികള്‍ക്ക് ശനിയാഴ്ച അവാര്‍ഡ് സമ്മാനിക്കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് മത്സരം. വിവിധ ഘട്ടങ്ങളിലായി നടത്തിയ മല്‍സരങ്ങളില്‍ സെമിഫൈനലില്‍ എത്തിയ 20 ടീമുകളില്‍ നിന്നാണ് മേഖലാ, രാജ്യാന്തര ജേതാക്കളെ തിരഞ്ഞെടുക്കുക. രാജ്യാന്തര വിജയിക്ക് 46.7 ലക്ഷം ദിര്‍ഹവും ദേശീയജേതാവിന് പത്തുലക്ഷം ദിര്‍ഹവുമാണ് സമ്മാനമായി ലഭിക്കുക. യു എ ഇക്കു പുറമേ കാനഡ, ഓസ്‌ട്രേലിയ, യു എസ്, യു കെ, എത്യോപ്യ, ഗ്രീസ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളും എത്തുന്നുണ്ടെന്ന് പരിപാടിയുടെ കോ–ഓര്‍ഡിനേറ്റര്‍ ജനറല്‍ സെയിഫ് അല്‍ അലീലി പറഞ്ഞു.
ഭൂതല നിരീക്ഷണം, രക്ഷാ പ്രവര്‍ത്തനങ്ങള്‍ കാര്‍ഷികാവശ്യങ്ങള്‍ എന്നിങ്ങനെ നിരവധി ദൗത്യങ്ങളാണ് ഡ്രോണുകള്‍ ഏറ്റെടുക്കുന്നത്.