പ്രകടന പത്രിക തയ്യാറാക്കാന്‍ മുഖാമുഖം; ഉമ്മന്‍ ചാണ്ടി 31ന് കോഴിക്കോട്ട്

Posted on: January 28, 2016 8:43 am | Last updated: January 28, 2016 at 8:43 am
SHARE

കോഴിക്കോട്: യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്നതിനായി സമൂഹത്തിലെ എല്ലാ മേഖലകളെയും പ്രതിനിധാനം ചെയ്യുന്നവരുമായി മുഖാമുഖം നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ മാസം 31ന് കോഴിക്കോട്ടെത്തും. അന്ന് വൈകീട്ട് ആറ് മുതല്‍ എട്ട് വരെ കോഴിക്കോട് മലബാര്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍, ബഹുജന സംഘടനാ നേതാക്കള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, മത-സാമുദായിക നേതാക്കള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി സംവദിക്കും.
ജനങ്ങളില്‍ നിന്ന് തന്നെ നേരിട്ട് ലഭിക്കുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമാനമായ രീതിയില്‍ മുഖാമുഖവും സംവാദവും നടത്തുമെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുഖാമുഖം പരിപാടികളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പ്രകടനപത്രികക്ക് കൂടുതല്‍ ജനകീയ മുഖം നല്‍കുമെന്നാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്. കോഴിക്കോടിന്റെ വികസനം മുന്നില്‍കണ്ട് അതിവേഗം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് അഭിപ്രായങ്ങള്‍ നിര്‍ദേശിക്കാനും, അവ രേഖാമൂലം മുഖ്യമന്ത്രിക്ക് നേരിട്ട് സമര്‍പ്പിക്കാനുമുള്ള അവസരം പരിപാടിയിലൂടെ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ഡി സി സി പ്രസിഡന്റ് കെ സി അബു, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, യു ഡി എഫ് ജില്ലാ വര്‍ക്കിംഗ് ചെയര്‍മാന്‍ എം എ റസാഖ് മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here