കെ പി സി സി തെളിവെടുപ്പില്‍ നേതൃത്വത്തിനെതിരെ വ്യാപക പരാതി

Posted on: November 21, 2015 9:48 am | Last updated: November 21, 2015 at 9:48 am
SHARE

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു ഡി എഫും കോണ്‍ഗ്രസ് പാര്‍ട്ടിയും തകര്‍ന്നടിഞ്ഞത് സംബന്ധിച്ച് കെ പി സി സി തെളിവെടുപ്പില്‍ ജില്ലാ നേതൃത്വത്തിനെതിരെ വ്യാപക പരാതി.
കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നിര്‍ദേശ പ്രകാരം ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരനാണ് തെളിവെടുപ്പ് നടത്തിയത്. രാവിലെ 9.30 മുതല്‍ ആരംഭിച്ച തെളിവെടുപ്പ് രാത്രി വരെ നീണ്ടു. ഡി സി സി പ്രസിഡന്റ് കെ സി അബുവടക്കമുള്ള ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവും പരാതികളുമാണ് തെളിവെടുപ്പില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണ് ജയ സാധ്യതയുണ്ടായിരുന്ന കോര്‍പറേഷനും മുക്കം രാമനാട്ടുക നഗരസഭയും ചില പഞ്ചായത്തുകളും നഷ്ടപ്പെട്ടതെന്ന് പരാതി ഉയര്‍ന്നു. ജയസാധ്യതഉള്ളവരെ സ്ഥാനാര്‍ഥിയാക്കാതെ സ്വന്തക്കാരെയും ബന്ധുക്കളെയും സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വം ശ്രമിച്ചു. ഇത്തരത്തില്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ തിരുകിക്കയറ്റിവരെ ജയിപ്പിക്കാനായി പലയിടത്തും ബി ജെ പിക്ക് വോട്ട് മറിച്ചതായും പരാതി ഉയര്‍ന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് വലിയ പ്രതീക്ഷയുണ്ടായിരുന്ന കോര്‍പറേഷനിലെ കനത്ത തോല്‍വിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പുറമെ പ്രചാരണത്തിലും വീഴ്ച പറ്റി. മുന്‍കാലങ്ങളില്‍ ലഭിച്ചത് പോലെ ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ മുന്നണിക്ക് വലിയ തോതില്‍ ലഭിച്ചില്ല. പ്രചാരണ രംഗത്ത് ബി ജെ പിയെ നേരിടാന്‍ യു ഡി എഫിന് കഴിഞ്ഞില്ലെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
ജില്ലാ സ്ഥാനാര്‍ഥി നിര്‍ണയ സമിതി അംഗങ്ങള്‍, ജില്ലയിലെ എം പിമാര്‍, കെ പി സി സി- ഡി സി സി ഭാരവാഹികള്‍, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാര്‍, ബ്ലോക്ക്- മണ്ഡലം പ്രസിഡന്റുമാര്‍, ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവരുമായാണ് ശൂരനാട് രാജശേഖരന്‍ കൂടിക്കാഴ്ച നടത്തിയത്.
പാര്‍ട്ടിതലത്തില്‍ നടത്തിയ ചര്‍ച്ചയുടെയും തെളിവെടുപ്പിന്റെയും വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം, സ്ഥാനാര്‍ഥി നിര്‍ണയം, തിരഞ്ഞെടുപ്പ് ഫലം എന്നിവ സംബന്ധിച്ച് പാര്‍ട്ടിയിലെ വിവിധ തലങ്ങളില്‍ നിന്നുമുള്ള പ്രതികരണങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തില്‍ ഇത്തവണ ഭരണം യു ഡി എഫിനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ തവണ ഒരു സീറ്റിന്റെ നേരിയ വ്യത്യാസത്തിലാണ് ജില്ലാ പഞ്ചായത്ത് സാരഥ്യം യു ഡി എഫിന് നഷ്ടമായത്. വാര്‍ഡ് പുനര്‍വിഭജനത്തിലെ പ്രശ്‌നങ്ങളും ചില ഡിവിഷനുകള്‍ യു ഡി എഫിന് നഷ്ടമാകാന്‍ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍. 2005ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ തദ്ദേശ സ്ഥാപനങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ യു ഡി എഫിന് സാധിച്ചിട്ടുണ്ടെങ്കിലും, 2010ല്‍ സാധ്യമായ വന്‍ മുന്നേറ്റം ഇത്തവണ പ്രകടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.