അരുവിക്കര മനസ്സ് മാറ്റിയത് നാല് മാസം കൊണ്ട്

Posted on: November 8, 2015 7:44 pm | Last updated: November 9, 2015 at 12:44 am
SHARE

ldf-udf-bjpതിരുവനന്തപുരം: നാല് മാസം മുമ്പ് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുകയും ബി ജെ പി മുന്നേറ്റമുണ്ടാക്കുകയും ചെയ്ത അരുവിക്കര മണ്ഡലത്തില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ യു ഡി എഫിനും ബി ജെ പിക്കും കനത്ത തിരിച്ചടി.
ഇടതുപക്ഷമാകട്ടെ ഈ മേഖലയില്‍ ശക്തമായ മുന്നേറ്റം നടത്തി. അരുവിക്കര മണ്ഡലത്തിലെ , പൂവച്ചല്‍, ആര്യനാട്, വെള്ളനാട്, കുറ്റിച്ചല്‍,വിതുര, തൊളിക്കോട്, ഉഴമലയ്ക്കല്‍, അരുവിക്കര തുടങ്ങി എട്ടു പഞ്ചായത്തുകളിലെ 141 വാര്‍ഡുകളില്‍ യു ഡി എഫിന് ലഭിച്ചത് 48 വാര്‍ഡുകള്‍ മാത്രമാണ്.
എല്‍ ഡി എഫ് 75 വാര്‍ഡുകള്‍ നേടിയപ്പോള്‍ ബിജെപി 10 സീറ്റുകളിലൊതുങ്ങി. അരുവിക്കര മണ്ഡലത്തില്‍ വരുന്ന ആര്യനാട് ജില്ലാപഞ്ചായത്ത് ഡിവിഷനിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്കാണ് വിജയം.
എട്ടു പഞ്ചായത്തുകളില്‍ വിതുര, തൊളിക്കോട്, ഉഴമലയ്ക്കല്‍ പൂവച്ചല്‍, അരുവിക്കര തുടങ്ങി അഞ്ച് പഞ്ചായത്തുകളില്‍ എല്‍ ഡി എഫ് വ്യക്തമായ ലീഡ് നേടി. ആര്യനാട് പഞ്ചായത്തില്‍ മാത്രമാണ് യു ഡി എഫിന് ഭരണം. വെള്ളനാട്, കുറ്റിച്ചല്‍ പഞ്ചായത്തുകളില്‍ സ്വതന്ത്രരെ നിലപാടിനെ ആശ്രയിച്ചാകും ഭരണം ആര്‍ക്കെന്ന് തീരുമാനിക്കുക.
കഴിഞ്ഞ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ 34145 വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊളിക്കോട്, ഉഴമലയ്ക്കല്‍, ആര്യനാട് തുടങ്ങിയ പഞ്ചായത്തുകളില്‍ ബി ജെ പിക്ക് ഒരു വാര്‍ഡില്‍ പോലും ജയിക്കാന്‍ കഴിഞ്ഞില്ല.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ 10128 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥിന്റെ വിജയം. ശബരിനാഥന് 56,448 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്തുള്ള എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ 46,320 വോട്ടുകളും നേടിയിരുന്നു. യു ഡി എഫ് കൊട്ടിഘോഷിച്ച തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.