കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ….

Posted on: October 20, 2015 10:37 am | Last updated: October 20, 2015 at 10:37 am
SHARE

മലപ്പുറം: ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരടിക്കുന്ന പ്രദേശങ്ങളില്‍ വോട്ട് ആര്‍ക്ക് നല്‍കണമെന്ന കണ്‍ഫ്യൂഷനിലാണ് യു ഡി എഫ് പ്രവര്‍ത്തകര്‍. ഇരുപത്തിനാല് പഞ്ചായത്തുകളിലും കൊണ്ടോട്ടി, പരപ്പനങ്ങാടി നഗരഭകളിലും കാളികാവ് ബ്ലോക്കിലുമാണ് യു ഡി എഫ് സംവിധാനം തകര്‍ന്നിട്ടുള്ളത്. ഇവിടെ കോണ്‍ഗ്രസിന് ലീഗും തിരിച്ചും വിമതന്‍മാരുടെ നീണ്ട നിര തന്നെയുണ്ട്. രണ്ട് കൂട്ടരുടെ പിന്നിലും പാര്‍ട്ടി പ്രവര്‍ത്തകരുളളതിനാല്‍ കര്‍ശനമായ അച്ചടക്ക നടപടിയെടുക്കാന്‍ നേതൃത്വവും മടിക്കുന്നു. ശിക്ഷാ നടപടിയുണ്ടായാല്‍ തന്നെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാത്രമേ ഉണ്ടാകുകയുള്ളുവെന്നറിയാവുന്നതിനാല്‍ ഏത് വിധേയനേയും തിരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാകാനാണ് വിമതന്‍മാരുടെ തീരുമാനം.
എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണ വോട്ടര്‍മാരാണ് ശരിക്കും കുഴങ്ങിയത്. ആരെ പിന്തുണക്കുമെന്ന കാര്യത്തില്‍ പലര്‍ക്കും അന്തിമ തീരുമാനത്തിലെത്താനായിട്ടില്ല. യു ഡി എഫില്‍ മാത്രമല്ല, എല്‍ ഡി എഫിലും ചിലയിടങ്ങളില്‍ തര്‍ക്കങ്ങളും വിമതന്‍മാരുമുണ്ട്. യു ഡി എഫ് വിമതന്‍മാര്‍ എല്‍ ഡി എഫുമായി കൈകോര്‍ത്തയിടങ്ങളും നിരവധിയുണ്ട്.
നിലമ്പൂര്‍
നഗരസഭയില്‍ യു ഡി എഫ്, സി പിഎം വിമതരുടെ നേതൃത്വത്തില്‍ വിചിത്ര മുന്നണി സജീവമാണ്. പട്ടരാക്ക ഡിവിഷനില്‍ കേരളാ കോണ്‍ഗ്രസ് എം വനിതാ വിഭാഗം മണ്ഡലം സെക്രട്ടറി എലിയാമ്മാ കോശിയും കേരള കോണ്‍ ജേക്കബ് മണ്ഡലം പ്രസിഡന്റ് ബിനോയി പാട്ടത്തില്‍ ചക്കാലക്കുത്ത് ഡിവിഷനിലും മത്സരിക്കുന്നുണ്ട്. ജനകീയ കൂട്ടായ്മയുമായി സഹകരിക്കാന്‍ കേരളാ കോണ്‍ഗ്രസ് എം തീരുമാനിച്ചിട്ടുണ്ട്. ഇരുത്താംപൊയിലില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് പി കെ ശഫീഖും ചന്തക്കുന്നില്‍ കോണ്‍ഗ്രസ് മുന്‍മണ്ഡലം സെക്രട്ടറി മുസ്തഫ കളത്തുംപടിക്കലും മത്സര രംഗത്തുണ്ട്. ജനകീയ കൂട്ടായ്മ എന്ന പേരില്‍ സി പി എം പുറത്താക്കപ്പെട്ടവര്‍ ഒന്‍പത് വാര്‍ഡുകളില്‍ മത്സരിക്കുന്നുണ്ട്. ഒരു വാര്‍ഡില്‍ യു ഡി എഫ് വിമതനെയും കേരള കോണ്‍ഗ്രസ് എമ്മിനെയും പിന്തുണക്കുന്നു.
പൊന്നാനി
നഗരസഭയില്‍ സി പി ഐ – സി പി എം പാര്‍ട്ടികള്‍ പരസ്പരം റിബലുകളെ നിര്‍ത്തിയാണ് പോരിനിറങ്ങുന്നത്. ആകെയുളള 51 സീറ്റില്‍ 41 ഇടത്ത് സി പി എമ്മും എട്ട് സീറ്റില്‍ സി പി ഐ രണ്ടിടത്ത് എന്‍ എസ് സിയുമാണ് ധാരണയുള്ളത്. എന്നാല്‍ സി പി എം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിടത്ത് സി പി ഐയും ഇവിടങ്ങളില്‍ തിരിച്ച് സി പി എമ്മും റിബലുകളെ നിര്‍ത്തിയിട്ടുണ്ട്. പുതുപൊന്നാനിയിലെ നാല്‍പത്തി രണ്ടാം വാര്‍ഡിലെ എന്‍ സി സിയുടെ ജില്ലാ പ്രസിഡന്റ് ഒ ഒ ശംസു മത്സരിക്കുന്ന വാര്‍ഡില്‍ സി പി ഐ റിബലും മത്സരിക്കുന്നു. സി പി ഐ ബ്രാഞ്ച് സെക്രട്ടറിയാണ് ഇവിടെ പത്രിക നല്‍കിയിട്ടുള്ളത്. സി പി എം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന 45, 47, 50, 51 വാര്‍ഡുകളില്‍ സി പി ഐ സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് സി പി എം റിബലുകളെ നിര്‍ത്തിയത്.
വേങ്ങര
മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയില്‍ യു ഡി എഫ് സംവിധാനമില്ലാതായിട്ട് കാലങ്ങളായി. 22 വാര്‍ഡുകളുള്ള വേങ്ങര ഗ്രാമപഞ്ചായത്തില്‍ പത്ത് സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എട്ടിലധികം സീറ്റ് നല്‍കേണ്ടെന്ന ലീഗ് തീരുമാനമാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്.
മലപ്പുറം
ഇവിടെ ലീഗിന്റെ മേധാവിത്വമാണ് കോണ്‍ഗ്രസിനെ മത്സര രംഗത്തേക്ക് ഇറക്കിയത്. കഴിഞ്ഞ തവണത്തെ ഭരണ സമിതിയില്‍ പ്രസിഡന്റ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി പദവികള്‍ ലീഗ് തന്നെ കൈയില്‍ വെച്ചതും അര്‍ഹമായ സീറ്റുകള്‍ നല്‍കാത്തതുമാണ് പ്രശ്‌നത്തിനിടയാക്കിയത്. ഇരുപത് സീറ്റുകളുള്ള ഇവിടെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചത് എട്ട് സീറ്റുകളിലായിരുന്നു. എന്നാല്‍ ഇത്തവണ ആറ് സീറ്റ് മാത്രം കോണ്‍ഗ്രസിന് നല്‍കിയാല്‍ മതിയെന്ന ലീഗിന്റെ പിടിവാശിയാണ് ഇരു വിഭാഗവും തമ്മിലുള്ള മത്സരത്തിന് വഴിവെച്ചത്.
അരീക്കോട്
പഞ്ചായത്തില്‍ കഴിഞ്ഞ തവണ ആകെയുള്ള പതിനെട്ട് സീറ്റില്‍ ലീഗ് 12 ഇടത്തും കോണ്‍ഗ്രസ് ആറ് സീറ്റിലും മത്സരിച്ചിരുന്നു. ഇത്തവണ കോണ്‍ഗ്രസ് ജയിച്ച സീറ്റുകളില്‍ ലീഗ് അവകാശ വാദമുന്നയിച്ചതാണ് പ്രശ്‌നം. വെള്ളേരി വാര്‍ഡ് ജനറലായതോടെ ഈ വാര്‍ഡിനാണ് ലീഗ് ആവശ്യമുന്നയിച്ചത്.
എല്ലാ വാര്‍ഡിലും കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഊര്‍ങ്ങാട്ടിരിയില്‍ ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ടയാളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ഒരാളെ പ്രസിഡന്റാക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക നേതൃത്വം ഇത് അംഗീകരിച്ചിട്ടില്ല. കീഴുപറമ്പില്‍ ഒരിടത്ത് മാത്രമാണ് പ്രശ്‌നമുളളത്. പതിനേഴും സി പി എം സ്വതന്ത്രനും സി പി ഐക്ക് പത്താം വാര്‍ഡ് സീറ്റ് മാത്രം. ഇവിടെ സി പി എം സ്വതന്ത്ര സ്ഥാനാര്‍ഥിയായി. കോണ്‍ഗ്രസിനും ലീഗിനും ഇവിടെ സ്ഥാനാര്‍ഥികളുണ്ട്.

മൂര്‍ക്കനാട്
ഗ്രാമപഞ്ചായത്തിലെ മൂന്ന്, ഏഴ് വാര്‍ഡുകളിലാണ് ലീഗിന് വിമതരുള്ളത്. ഏഴാം വാര്‍ഡില്‍ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവും നിലവില്‍ പഞ്ചായത്ത് അംഗവുമായ പി ടി അബ്ദുല്‍ കരീമാണ് വിമതനായി രംഗത്തുള്ളത്. യു ഡി എഫ് സ്ഥാനാര്‍ഥിയായി ലീഗിലെ കളത്തിങ്ങല്‍ സക്കീറാണ് മത്സരിക്കുന്നത്. മൂന്നാം വാര്‍ഡില്‍ യു ഡി എഫ് ഔദ്യോഗിക സ്ഥാനാര്‍ഥി ജിജി കരിയമ്പള്ളിക്കെതിരെ പഞ്ചായത്ത് അംഗമായ പറമ്പന്‍ സുലൈമാനാണ് മത്സരിക്കുന്നത്.
കാളികാവ്
കാളികാവ് ബ്ലോക്ക് പഞ്ചായത്തിലേക്ക് തുവൂര്‍ ഡിവിഷനിലെ കോണ്‍ഗ്രസ് ഐയിലെ ടി ലൈലാബി ലീഗിലെ കെ സുബൈദ ടീച്ചര്‍ക്കെതിരെയാണ് മത്സരിക്കുന്നു. നിലവില്‍ പഞ്ചായത്ത് അംഗമാണ് ലൈലാബി. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് പോരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തുവൂര്‍ പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളില്‍ വിമത സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്.
മൂന്നിയൂര്‍
മൂന്നിയൂര്‍ സി പി എമ്മുമായി ഭിന്നതയില്‍ കഴിയുന്ന സി പി ഐ യു ഡി എഫിനൊപ്പമാണ് ഇവിടെ. സി പി ഐക്ക് സ്വാധീനമുള്ള മൂന്ന്, ഒമ്പത് വാര്‍ഡുകളില്‍ പാര്‍ട്ടി സ്വതന്ത്രസ്ഥാനാര്‍ഥികള്‍ മത്സരിക്കും. സി ഐ ടി യു ജില്ലാസെക്രട്ടറി കൂടിയായിരുന്ന സി പി എം നേതാവ് സി പി ഐയില്‍ ചേര്‍ന്നതോടെയാണ് മൂന്നിയൂരില്‍ സിപി ഐ-സി പി എം പ്രശ്‌നം ഉടലെടുക്കുന്നത്.
ഊരകം
ഊരകത്ത് ഒരു വാര്‍ഡില്‍ മാത്രമാണ് പ്രകടമായ പ്രശ്‌നങ്ങളുള്ളത്. എന്നാല്‍ മിക്കയിടങ്ങളിലും ലീഗിനുള്ളില്‍ അസ്വാരസ്യങ്ങള്‍ ശക്തമാണ്. പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ എല്‍ ഡി എഫ് പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഒരു വോട്ടിന് പരാജയപ്പെട്ട വി പി ഉമറാണ് യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി കെ ടി സമദിനെതിരെ രംഗത്തുളളത്. എന്നാല്‍ ഊരകത്തെ മിക്ക വാര്‍ഡുകളിലും കോണ്‍ഗ്രസ്- ലീഗ് കാലുവാരല്‍ പ്രകടമാണ്.
തെന്നല
പഞ്ചായത്തിലെ 17 വാര്‍ഡിലും ലീഗിനെതിരെ കോണ്‍ഗ്രസ്- എല്‍ ഡി എഫ് കൂട്ടുകെട്ടാണ്. നാലു സീറ്റ് വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ലീഗ് മുഖവിലക്കെടുക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയിട്ടുള്ളത്.
പറപ്പൂര്‍
ലീഗിനെതിരെ മറ്റ് പാര്‍ട്ടികളെല്ലാം രൂപവത്കരിച്ച് സാമ്പാര്‍ മുന്നണിയാണ് പറപ്പൂരില്‍ രംഗത്തുളളത്. കോണ്‍ഗ്രസ്, സി പി എം, വെല്‍ഫെയര്‍ പാര്‍ട്ടി, പി ഡി പി പാര്‍ട്ടികളെല്ലാം ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മുസ്‌ലിംലീഗിന് ശക്തമായ സ്വാധീനമുള്ള പറപ്പൂരിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നടത്തിയ ഇടപെടലുകളൊന്നും ഫലം കണ്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here