Connect with us

Wayanad

ബി ജെ പിയുടെ അസഹിഷ്ണുത ഫലം കാണില്ല: എം വി ശ്രേയാംസ്‌കുമാര്‍

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചക്ക് അനുകൂലമായ സാഹചര്യമുണ്ടെന്ന് എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ പറഞ്ഞു. യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സദ്ഭരണം കാഴ്ചവെച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്കറിയാം. രാഷ്ട്രീയമായും ധാര്‍മികമായും യു ഡി എഫിന് തലയെടുപ്പോടെ ജനങ്ങളുടെ മുമ്പില്‍ നില്‍ക്കാം. ആരോഗ്യവിദ്യാഭ്യാസ മേഖലയില്‍ വന്‍ വികസനം എത്തിക്കാന്‍ സാധിച്ചു.
കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ എം കെ ജിനചന്ദ്രന്‍ സ്മാരക ഗവ. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു.
90 ശതമാനം വാഗ്ദാനവും നിറവേറ്റാന്‍ സാധിച്ചു. ഇത്രയും കാലം കാണാത്ത വികസനമാണ് കല്‍പ്പറ്റയിലുണ്ടായത്. നേട്ടങ്ങളുടെ പട്ടിക അവതരിപ്പിച്ച് തിരഞ്ഞെടുപ്പിനെ സധൈര്യം നേരിടാം യു ഡി എഫിനാവും. നിഷ്പക്ഷവോട്ടുകള്‍ യു ഡി എഫിനൊപ്പമാവും. 15 വര്‍ഷമായി കാണാത്ത വികസനമാണ് കഴിഞ്ഞ യു ഡി എഫ് ഭരണസമിതി നഗരസഭയില്‍ എത്തിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം അസഹിഷ്ണുതയുടെതാണ്.
അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പുസ്തകപ്രകാശനവേളയില്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മേല്‍ ശിവസേന കരിഓയില്‍ ഒഴിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിത്. ബി ജെ പി യുടെ ഈ രാഷ്ട്രീയ മുഖം നമ്മള്‍ തുറന്നു കാണിക്കണം. ഇന്ത്യയെ വര്‍ഗീയവത്കരിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. സാക്ഷരതയിലും മതേതരത്വത്തിലും മുന്‍ നിരയില്‍ നില്‍ക്കുന്ന സാംസ്‌കാരികകേരളത്തില്‍ ബി ജെ പിയുടെ അസഹിഷ്ണുത ഫലം കാണില്ലെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. സി. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു.കെ കെ ഹംസ, പി കെ അബൂബക്കര്‍, പി പി ആലി, വി എ മജീദ്, എം എം രമേശന്‍, പി കെ കുഞ്ഞിമൊയ്തീന്‍, മുജീബ് കേയംതൊടി, എ പി ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.

Latest