ഷാര്‍ജയില്‍ മലയാളികളുടെ കടകളില്‍ അഗ്നിബാധ; വന്‍ നഷ്ടം

Posted on: October 6, 2015 6:40 pm | Last updated: October 6, 2015 at 6:40 pm
SHARE

ഷാര്‍ജ : അല്‍ ഗുവൈര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ മലയാളികളുടെ കടകളില്‍ അഗ്നിബാധ. ആളപായമില്ല. വന്‍നാശനഷ്ടം കണക്കാക്കുന്നു. ഇന്നലെ രാവിലെ 9.30ഓടെയാണ് കനത്ത തീപിടുത്തമുണ്ടായത്. കാസര്‍കോട് സ്വദേശി റഷീദിന്റെ മൊബൈല്‍ ഫോണ്‍ കട, കണ്ണൂര്‍ സ്വദേശി ഉബൈദിന്റെ സ്റ്റേഷനറി കട, ഒരു ലേഡീസ് ബ്യൂട്ടി സലൂണ്‍ എന്നിവയാണ് കത്തിനശിച്ചത്.
മൊബൈല്‍ കട പൂര്‍ണമായും അഗ്നിക്കിരയായി. പുതിയതും പഴയതുമായ നൂറിലേറെ വിലകൂടിയ മൊബൈല്‍ ഫോണുകള്‍ ഇവിടെയുണ്ടായിരുന്നു. കൂടാതെ, സിം കാര്‍ഡുകള്‍, മൊബൈല്‍ റിചാര്‍ജ് പോയിന്റ് ഓഫ് സെയില്‍സ് മെഷീന്‍ തുടങ്ങിയവയും ചാമ്പലായി. സ്റ്റേഷനറി കട ഭാഗികമായും കത്തിനശിച്ചു. ഉടന്‍ സ്ഥലത്തെത്തിയ പോലീസും സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തനം നടത്തി. ഗുവൈര്‍ മാര്‍ക്കറ്റിലും സമീപത്തും ഭൂരിഭാഗവും മലയാളികളാണ് വ്യാപാരം നടത്തുന്നത്. വസ്ത്രങ്ങളും ഇലക്ട്രോണിക് സാധനങ്ങളുമടക്കം വിലകൂടിയ ഒട്ടേറെ സാധനങ്ങള്‍ വില്‍ക്കുന്ന കടകളാണ് അടുത്തടുത്തായി ഇവിടെയുള്ളത്. ഇവയിലേക്ക് തീ പടരാതിരിക്കാനായിരുന്നു സിവില്‍ ഡിഫന്‍സ് ആദ്യം ശ്രദ്ധിച്ചത്.
നിരവധി നിലകളുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലകളില്‍ മുഴുവന്‍ താമസക്കാരായിരുന്നു. നിരവധി മലയാളി കുടുംബങ്ങളും കെട്ടിടത്തില്‍ താമസിക്കുന്നുണ്ട്. തീ മുകളിലേക്ക് ആളിപ്പടര്‍ന്നിരുന്നുവെങ്കിലും സിവില്‍ ഡിഫന്‍സിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ വന്‍ തീപിടുത്തം ഒഴിവാക്കി. കെട്ടിടത്തില്‍ നിന്ന് പുകയയുയര്‍ന്നയുടന്‍ ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടി. താഴെ നിലയിലെ സ്റ്റേഷനറികടയിലെ മുക്കാല്‍ ഭാഗം സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്. ഏകദേശം അഞ്ച് ലക്ഷത്തോളം ദിര്‍ഹമിന്റെ നഷ്ടം കണക്കാക്കുന്നു. രാവിലെ കട തുറന്നപ്പോഴാണ് കടയില്‍ നിന്ന് പുകയുയരുന്നതായി ശ്രദ്ധയില്‍ പെട്ടതെന്നും ഉടന്‍ തീ ആളിപ്പടരുകയായിരുന്നുവെന്നും ഉബൈദ് വ്യക്തമാക്കി. അടുത്തിടെയാണ് കട പുനരുദ്ധരിച്ചത്. വര്‍ഷങ്ങളായി ഇവിടെയുള്ള ഉബൈദിന്റെ ഇതുവരെയുള്ള സമ്പാദ്യമാണ് നിമിഷങ്ങള്‍ കൊണ്ട് കത്തിചാമ്പലായത്.
ഒരു കടയില്‍ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപ്പിടിച്ചതെന്ന് പറയുന്നു. മണിക്കൂറിനകം തീ നിയന്ത്രണവിധേയമാക്കി. സംഭവ സ്ഥലത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടി. ഈ ഭാഗങ്ങളില്‍ പോലീസ് ഗതാഗതം നിയന്ത്രിച്ചു.