ഷീന കേസ്: പോലീസും പ്രതിക്കൂട്ടില്‍

Posted on: August 30, 2015 10:00 am | Last updated: August 30, 2015 at 10:00 am
SHARE

sheena-bora_650x488_81440579273മുംബൈ: ഷീന ബോറ കൊലപാതക കേസില്‍ 2012ല്‍ പോലീസ് എടുത്ത നിലപാടും പ്രതിക്കൂട്ടില്‍. ഷീനാ ബോറയുടെതെന്ന് സംശയിക്കുന്ന മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടും റെയ്ഗാദ് പോലീസ് അസ്വാഭാവിക മരണത്തിന് പോലും കേസെടുത്തിരുന്നില്ലെന്നതാണ് ഇപ്പോള്‍ വിവാദമാകുന്നത്. ഇതു സംബന്ധിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര പോലീസ് ഉത്തരവിട്ടു. കൊങ്കണ്‍ റേഞ്ച് ഐ ജി പ്രശാന്ത് ബര്‍ഡറിനാണ് അന്വേഷണ ചുമതല. അതിനിടെ, കൊലപാതകക്കേസിലെ മൂന്നാം പ്രതിയും ഇന്ദ്രാണി മൂഖര്‍ജിയുടെ മുന്‍ ഭര്‍ത്താവുമായ സഞ്ജീവ് ഖന്ന കുറ്റം സമ്മതിച്ചതായി മുംബൈ പോലീസ് കമ്മീഷര്‍ രാകേഷ് മാരിയ അറിയിച്ചു. വെള്ളിയാഴ്ച രാത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഷീനയുടെ പാസ്‌പോര്‍ട്ട് ഡെറാഡൂണില്‍ നിന്ന് കിട്ടിയതിനെ തുടര്‍ന്ന് ഖന്നയെ ചോദ്യം ചെയ്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം സമ്മതിച്ചതെന്നും കമ്മീഷണര്‍ പറഞ്ഞു. റായ്ഗഡിലെ വനത്തിനുള്ളില്‍ നിന്നും ലഭിച്ച ഷീനയുടെ ശരീരാവശിഷ്ടങ്ങള്‍ ഇന്നലെ ഡി എന്‍ എ ടെസ്റ്റിന് വിധേയമാക്കി. മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന സ്ഥലത്ത് വെള്ളിയാഴ്ച നടത്തിയ തിരച്ചിലിലാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എല്ലുകളും തലയോട്ടിയും ഒരു സ്യൂട്ട് കേസുമാണ് ലഭിച്ചത്. ഈ പരിശോധനയുടെ ഫലം പുറത്ത് വരുന്നതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മുംബൈയിലെ ബാന്ദ്രാ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരാക്കിയ സഞ്ജീവ് ഖന്നയെ റിമാന്‍ഡ് ചെയ്തിരുന്നു. ഇന്ദ്രാണി മുഖര്‍ജിയും െ്രെഡവര്‍ ശ്യാം മനോഹര്‍ റായിയും സഞ്ജീവും ചേര്‍ന്നു 2012ല്‍ ഷീനയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചു റായ്ഗഡില്‍ ഉപേക്ഷിച്ചെന്നാണ് കേസ്.
സ്റ്റാര്‍ ഇന്ത്യ മേധാവി പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയും പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ സി ഇ ഒയുമാണ് ഇന്ദ്രാണി മുഖര്‍ജി. ഇന്ദ്രാണിയുടെ ഡ്രൈവറില്‍ നിന്നാണ് കൊലപാതകത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. സഞ്ജീവ് ഖന്നയാണ് മയക്കുമരുന്ന് നല്‍കി ഷീനയെ കൊലപ്പെടുത്തിയതെന്നും ഡ്രൈവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഷീന. വ്യാഴാഴ്ച പോലീസ് ഷീനയുടെ സഹോദരന്‍ മിഖായേലിനെയും മുന്‍ കാമുകന്‍ രാഹുല്‍ മുഖര്‍ജിയെയും ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായ ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ മകനാണ് രാഹുല്‍.
2012ലാണ് ഷീനയെ കാണാതായത്. അമേരിക്കയില്‍ ഉന്നത പഠനത്തിന് പോയി എന്നായിരുന്നു ഇന്ദ്രാണി പറഞ്ഞിരുന്നത്. മൂവരും ചേര്‍ന്ന് ഷീനയെ കൊന്ന ശേഷം മൃതദേഹം മുറിച്ച് കഷ്ണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കി കത്തിച്ചുവെന്നാണ് പോലീസ് പറയുന്നത്. കൊല നടത്തുന്നതിന് ഒരു ദിവസം മുമ്പ് മൂന്ന് പ്രതികളും സ്ഥലം പരിശോധിച്ചിരുന്നതായും പോലീസ് പറയുന്നു.
ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യ വിവാഹത്തിലുള്ള മകളായ ഷീനക്ക് തന്റെ ഭര്‍ത്താവായ പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുലുമായുള്ള അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here