സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന പരസ്യ ബോര്‍ഡുകള്‍

Posted on: August 15, 2015 4:54 am | Last updated: August 14, 2015 at 11:55 pm
SHARE

ഹൈവേകളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ഹൈക്കോടതി താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കയാണ്. പൊതുപാതയോരങ്ങളില്‍ സ്ഥാപിച്ച പരസ്യങ്ങളും കമാനങ്ങളും എടുത്തുമാറ്റാന്‍ കോടതി നേരത്തെ നല്‍കിയ ഉത്തരവുകള്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പൊതുതാത്പര്യ ഹരജിയിലാണ്, ഇതു സംബന്ധിച്ച് മൂന്നാഴ്ചക്കകം സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും അതുവരെ ദേശീയപാതകളില്‍ പുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ത് തടയാനും ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച ഉത്തരവിട്ടത്. പൊതുനിരത്തുകളിലും നഗരങ്ങളുടെ പ്രധാന കവലകളിലും തിരക്കേറിയ സ്ഥലങ്ങളിലുമെല്ലാം പരസ്യ ബോര്‍ഡുകളും കമാനങ്ങളും വ്യാപകമാണ്. റോഡുകളും പൊതുസ്ഥലങ്ങളും കൈയേറി പരസ്യം സ്ഥാപിക്കുന്നതും പതിവാണ്. ജനങ്ങളുടെ ജീവനും സുരക്ഷക്കും വന്‍ഭീഷണിയാണ് ഇവ . വാഹന ഗതാഗതത്തിനും കാല്‍നട യാത്രക്കും തടസ്സവും സൃഷ്ടിക്കുന്നു. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ക്ക് ഗണ്യമായ പങ്കുണ്ട്. ഡ്രൈവര്‍മാരുടെയും കാല്‍നട യാത്രക്കാരുടെയും കണ്ണുകള്‍ അത്യാകര്‍ഷകമായ പരസ്യങ്ങളില്‍ ഉടക്കി അപകടങ്ങളുണ്ടാകാറുണ്ട്. കാറ്റിലും മഴയിലും പരസ്യ ബോര്‍ഡുകള്‍ നിലം പതിച്ചുള്ള ദുരന്തങ്ങളും കുറവല്ല. പടുകൂറ്റന്‍ പരസ്യ ബോര്‍ഡുകളാണ് പലപ്പോഴും കെട്ടിട മുകളിലും മറ്റും സ്ഥാപിക്കുന്നത്. ശക്തമായ കാറ്റിനെ ചെറുത്തു നില്‍ക്കാതെ ഇവ നിലംപതിക്കാനുള്ള സാധ്യതയേറെയാണ്. പൊതുനിരത്തുകളില്‍ നിന്ന് ഇവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഹരജിയില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി പലതവണ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നതാണ്. ഇതടിസ്ഥാനത്തില്‍ സ്ഥാപനങ്ങളുടെ പേര് സൂചിപ്പിക്കുന്ന ബോര്‍ഡുകളൊഴികെ പാതയോരങ്ങളിലെ പരസ്യ ബോര്‍ഡുകളും ആര്‍ച്ചുകളും കൊടിമരങ്ങളുമെല്ലാം നീക്കം ചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ഉത്തരവിറിക്കിയിരുന്നു. എന്നാല്‍ പരസ്യ ബോര്‍കളെക്കുറിച്ച് നയമാവിഷ്‌കരിക്കാന്‍ സര്‍ക്കാറിന് തീരുമാനമുള്ളതിനാല്‍. അതിന് ശേഷം മതി ഇതുസംബന്ധിച്ച നടപടികളെന്ന നിലപാടില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു.
നേരത്തെ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഇറക്കിയ ഉത്തരവും നടപടികളും എങ്ങുമെത്താതെ നിലച്ചു. സുപ്രീംകോടതി, ഹൈക്കോടതി വിധികളുടെ പിന്‍ബലത്തിലാണ് ഗതാഗത തടസ്സള്‍ക്കും അപകടങ്ങള്‍ക്കും സാധ്യതയുള്ള പരസ്യ ബോര്‍ഡുകളും കമാനങ്ങളും എടുത്തുമാറ്റാന്‍ ദുരന്തനിവാരണ വകുപ്പ് ഇറങ്ങിപ്പുറപ്പെട്ടത്.ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനുമായി ഭരണപരിഷ്‌കാരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായി ഉപസമിതിയും രൂപവത്കരിച്ചിരുന്നു. ടാക്‌സ് ഫോഴ്‌സിന്റെ സഹകരണത്തോടെ ഇത്തരം ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള ചുമതല കേരള സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ (സില്‍ക്ക്)ഏല്‍പ്പ#ാിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാറില്‍ നിന്നോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നോ ഈ പദ്ധതിക്ക് വേണ്ടത്ര സഹകരണം ലഭിച്ചില്ല.
നല്ല വരുമാനമാണ് ഇത്തരം പരസ്യങ്ങളില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു വശത്ത് കോടതി ഉത്തരവ് പാലിക്കുന്നുവെന്ന് വരുത്താന്‍ ചില താത്കാലിക നടപടികള്‍ സ്വീകരിക്കുകയും മറുവശത്ത് സ്ഥലത്തിന്റെ പ്രാധാന്യമോ ജനസാന്ദ്രതയോ കണക്കിലെടുക്കാതെ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുകയുമാണ് ചെയ്യുന്നത്. പാതയോരങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കി 100 കോടി രൂപ സമാഹരിക്കാന്‍ സംസ്ഥാന നഗരസഭാ വകുപ്പ് തീരൂമാനിച്ചതും ഇതിന്റെ നടത്തിപ്പിന് സംസ്ഥാന സര്‍ക്കാരും നഗരസഭകളും ചേര്‍ന്ന് ‘ക്ലീന്‍ കേരളാ കമ്പനി’ക്ക് രൂപം നല്‍കിയതും നാല് മാസം മുമ്പാണ്. പൊതുമരാമത്ത്, തദ്ദേശ സ്വയം വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതോദ്യോഗസ്ഥരുടെ യോഗമാണ് തീരൂമാനം കൈക്കൊണ്ടത്. ഇതിന്റെ ഭാഗമായി വൈദ്യുതിത്തൂണുകളില്‍ നിശ്ചിത വലിപ്പത്തില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും അനുമതി നല്‍കുന്നുണ്ട്. ഇതുവഴിയുള്ള വരുമാനത്തിന്റെ ഒരു ശതമാനം വൈദ്യുതി ബോര്‍ഡിനും ബാക്കി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ക്ലീന്‍ കേരളാ കമ്പനിക്കുമാണ്. വൈദ്യുതി പോസ്റ്റുകളിലെ ബോര്‍ഡുകള്‍ വൈദ്യുതി പോസ്റ്റുകളില്‍ കയറാന്‍ പ്രയാസം സൃഷ്ടിക്കുന്നുവെന്ന കെ എസ് ഇ ബി ജീവനക്കാരുടെ പരാതിയില്‍ അവ നീക്കം ചെയ്യാന്‍ ബോര്‍ഡ് നടപടി സ്വീകരിച്ചിരുന്നത് അടുത്ത കാലത്താണ്. ഇപ്പോള്‍ പരസ്യത്തില്‍ നിന്ന് കിട്ടുന്ന വരുമാനം മുന്നില്‍ കണ്ട് ബോര്‍ഡുകള്‍ പുനഃസ്ഥാപിക്കാന്‍ അനുമതി നല്‍കുന്നു. കോടതി തുടരെത്തുടരെ താക്കീത് ചെയ്തിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഴകൊഴമ്പന്‍ നയം സ്വീകരിക്കുന്നതിന്റെ കാരണം സാമ്പത്തികമാണ്.ഇതിനിടയില്‍ ജനങ്ങളുടെയും വാഹനങ്ങളുടെയും സുരക്ഷ വിസ്മരിക്കപ്പെടുകയാണ്. വരുമാനം നഷ്ടപ്പെടുത്താതെയും അതേസമയം കടുത്ത നിയന്ത്രണങ്ങളിലൂടെ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാന്‍ സഹായകവുമായ നയാവിഷ്‌കരണം ഇക്കാര്യത്തില്‍ ആവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here