പുലിഭീതി അടങ്ങുന്നില്ല; ഡി എഫ് ഒ സ്ഥലം സന്ദര്‍ശിച്ചു

Posted on: March 12, 2015 10:03 am | Last updated: March 12, 2015 at 10:03 am
SHARE

വടകര: നഗരപരിധിയിലെ പഴങ്കാവ്, നാളോംവയല്‍ എന്നിവിടങ്ങളില്‍ പുലി ഇറങ്ങിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അമന്‍ദീപ് കൗര്‍, പഴങ്കാവും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ചു.
ചൊവ്വാഴ്ച രാത്രിയിലായിരുന്നു സന്ദര്‍ശനം. പുലിയെ കണ്ടെത്തിയ സ്ഥലം പരിശോധിച്ച ഇവര്‍ ദൃക്‌സാക്ഷികളില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. ഫോറസ്റ്റര്‍ പത്മനാഭന്‍, ബീറ്റ് ഓഫീസര്‍മാരായ റെജിമോന്‍, ദിനേഷ് മണി, കെ പി ശശി എന്നിവരും ഡി എഫ് ഒക്കൊപ്പം ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെ കുറ്റിയാടി ഫോറസ്റ്റ് റെയ്ഞ്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പഗ്ഗ്മാര്‍ക്ക് പരിശോധന നടത്തി.
പുലിയുടെ കാല്‍പ്പാടുകള്‍ പരിശോധിക്കാനാണ് പ്ലാസ്റ്റര്‍ ഓഫ് പാരീസ് പതിച്ചുള്ള പരിശോധന നടത്തിയത്. പരിശോധനയില്‍ വ്യക്തമായി ഒന്നും ലഭിച്ചില്ല. പുലിപ്പേടി കാരണം പ്രദേശത്തെ എല്‍ പി സ്‌കൂള്‍ അടക്കമുള്ള ചില വിദ്യാലയങ്ങള്‍ക്ക് ഇന്നലെയും അവധി നല്‍കിയിരുന്നു.
പ്രഭാത സവാരിക്കാരും ജോലി കഴിഞ്ഞ് രാത്രി വൈകിയെത്തുന്നവരും പുലിപ്പേടിയില്‍ കഴിയുകയാണ്. വനം വകുപ്പിന്റെ ഫഌയിംഗ് സ്‌ക്വാഡ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.