മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് മേത്ത അന്തരിച്ചു

Posted on: March 8, 2015 2:37 pm | Last updated: March 9, 2015 at 9:39 am
SHARE

vinod metha1ന്യൂഡല്‍ഹി: നാല് പതിറ്റാണ്ട് നീണ്ട അഭിജാത പത്രപ്രവര്‍ത്തനത്തിന് തിരശ്ശീലയിട്ട് വിനോദ് മെഹ്ത (73) യാത്രയായി. എയിംസില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. വിവിധ പ്രസീദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്ന അദ്ദേഹം, പുസ്തക രചയിതാവും കഴിവുറ്റ ടി വി കമാന്റേറ്ററുമായിരുന്നു. വൈകുന്നേരം നാല് മണിയോടെ ലോധി ശ്മശാനത്തില്‍ സംസ്‌കരിച്ചു.
ബുക്കര്‍ ജേതാവ് അരുന്ധതി റോയിയുടെ ‘വിമത’ സ്വരങ്ങള്‍ക്ക് ഇടം നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. ദെബോനൈറിന്റെ എഡിറ്ററായാണ് പത്രപ്രവര്‍ത്തനത്തില്‍ പ്രവേശിച്ചത്. ഔട്ട്‌ലുക്കിന്റെ സ്ഥാപക എഡിറ്ററായിരുന്നു. മരിക്കുന്ന സമയത്ത് എഡിറ്റോറിയല്‍ ചെയര്‍മാനും. പുരുഷ പ്രസിദ്ധീകരണമായിരുന്ന ദെബോനൈറില്‍ അദ്ദേഹത്തിന്റെ അന്വേഷണാത്മകവും ഗൗരവമേറിയതുമായ റിപ്പോര്‍ട്ടുകളുടെ പരമ്പര തന്നെയുണ്ടായിരുന്നു. ‘ഗൗരവ പത്രപ്രവര്‍ത്തന’ത്തിനുള്ള ശ്രമം, രാജ്യത്തെ പ്രഥമ വാരാന്ത ദിനപത്രമായ ദ സണ്‍ഡേ ഒബ്‌സര്‍വര്‍ സ്ഥാപിക്കുന്നതിലേക്ക് അദ്ദേഹത്തെയെത്തിച്ചു. തുടര്‍ന്ന് ദ ഇന്ത്യന്‍ പോസ്റ്റ്, ദ ഇന്‍ഡിപെന്‍ഡന്റ് തുടങ്ങിയവയുടെയും എഡിറ്റര്‍ സ്ഥാനത്തെത്തി. അന്ന് അദ്ദേഹം ബോംബെയിലായിരുന്നു. 1942ല്‍ പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലായിരുന്നു ജനനം. 1946ല്‍ കുടുംബം ഇന്ത്യയിലേക്ക് മാറി.
തൊണ്ണൂറുകളുടെ ആദ്യത്തില്‍ ഡല്‍ഹിയിലേക്ക് കര്‍മമണ്ഡലം മാറ്റിയ മെഹ്ത, ദ പയനീറിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്തെത്തി. ഔട്ട്‌ലുക്ക് മാസികയുടെ അമരക്കാരനായിരുന്ന 17 വര്‍ഷമാണ് ഒരു സ്ഥാപനത്തിലെ അദ്ദേഹത്തിന്റെ നീണ്ട കാലയളവ്. 1995ലാണ് ഔട്ട്‌ലുക്ക് ആരംഭിച്ചത്. നായിക മീണ കുമാരിയുടെയും ഇന്ദിരാ ഗാന്ധിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സഞ്ജയ് ഗാന്ധിയുടെയും ജീവചരിത്രങ്ങള്‍ അദ്ദേഹത്തിലെ ബഹുമുഖപ്രതിഭാത്വമുള്ള എഴുത്തുകാരനെ അടയാളപ്പെടുത്തുന്നതായിരുന്നു. ഈ രണ്ട് പുസ്തകങ്ങളും ഈയടുത്ത് പുനഃപ്രസിദ്ധീകരിച്ചിരുന്നു.
സ്വതന്ത്ര ചിന്താഗതി കാരണം വലതുപക്ഷ ശബ്ദങ്ങളുടെ വിമര്‍ശമേറ്റുവാങ്ങേണ്ടി വന്നു. സ്യൂഡോ സെകുലര്‍ എന്ന് വിളിച്ച് സ്വയം പരിഹസിച്ചിരുന്നു അദ്ദേഹം. തനിക്ക് വന്ന അസഭ്യം കലര്‍ന്ന കത്തുകളെ സംബന്ധിച്ച് ഔട്ട്‌ലുക്കില്‍ എഴുതിയിരുന്നു. സോണിയ, കോണ്‍ഗ്രസ് അനുകൂലി, തെരുവുനായ്ക്കളുടെ സ്വന്തക്കാരന്‍, ബി ജെ പി- ഹിന്ദുത്വ വിരോധി തുടങ്ങിയ വിളിപ്പേരുകളുമുണ്ടായി. എഴുത്തില്‍ ചില മുന്‍ധാരണകള്‍ നിഴലിച്ചെങ്കിലും പ്രൊഫഷനലിസത്തില്‍ ഒത്തുതീര്‍പ്പായി. ലക്‌നോ ബോയ് എന്ന ജീവചരിത്രം എഴുതിയിട്ടുണ്ട്. ചില മാധ്യമപ്രവര്‍ത്തകരുടെ വലിയ അഹന്തപറച്ചിലുകളെ പരിഹസിച്ച അദ്ദേഹം, സ്വയം ‘ഡോഗ് എഡിറ്റര്‍’ എന്നാണ് വിളിച്ചിരുന്നത്.