ഗതാഗത നിയമ ലംഘനം: കഴിഞ്ഞ മാസം ചുമത്തിയത് 4.09 കോടി

Posted on: March 7, 2015 5:26 am | Last updated: March 6, 2015 at 11:27 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസം ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് കേരള പോലീസ് ഈടാക്കിയത് 4.09 കോടി രൂപ. 2,97, 335 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. റോഡപകടങ്ങളും മറ്റ് ഗതാഗത പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ട്രാഫിക് നിയമ ലംഘകര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിയതിന്റെ ഭാഗമായാണ് പോലീസ് പരിശോധനകള്‍ കര്‍ശനമാക്കിയത്.
മദ്യപിച്ച് വാഹനമോടിച്ചതിനെതിരെ 13,746 പേര്‍ക്കെതിരെയും അമിതവേഗത്തിന് 17,960 പേര്‍ക്കെതിരെയും സീറ്റ് ബല്‍റ്റ് ധരിക്കാത്തതിന് 27,547 പേര്‍ക്കെതിരെയും ഹെല്‍മറ്റ് ധരിക്കാത്തതിന് 1,08,469 പേര്‍ക്കെതിരെയും നടപടി കൈക്കൊണ്ടു. തെറ്റായ വശത്ത്കൂടി ഓവര്‍ടേക്ക് ചെയ്തതിന് 2959ഉം അശ്രദ്ധമായി വാഹനമോടിച്ചതിന് 5927ഉം അമിതഭാരം കയറ്റിയതിന് 9223ഉം ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തതിന് 5444ഉം പേര്‍ക്കെതിരെ നടപടി യെടുത്തു. ഗതാഗത തടസ്സമുണ്ടാക്കും വിധം പാര്‍ക്ക് ചെയ്തതിന് 20,234 പേരില്‍ നിന്ന് പിഴ ഈടാക്കി.