Connect with us

Editorial

പന്നിപ്പനിക്കെതിരെ ജാഗ്രത വേണം

Published

|

Last Updated

പന്നിപ്പനി (എച്ച് വണ്‍ എന്‍ വണ്‍ വൈറസ്)ഭീതിയിലാണ് ഇന്ത്യ. ഈ രോഗം ബാധിച്ചു ഇതിനകം രാജ്യത്ത് 633 പേര്‍ മരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. രോഗബാധിതരുടെ എണ്ണം 15,000ത്തോളം എത്തിയിട്ടുണ്ട്. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് രോഗബാധ കൂടുതല്‍. രാജസ്ഥാനില്‍ ഞായറാഴ്ച വരെയുള്ള കണക്കു പ്രകാരം 4,549 പേര്‍ക്ക് പനി ബാധിക്കുകയും 214 പേര്‍ മരിക്കുകയും ചെയ്തു. ഗുജറാത്തില്‍ രോഗബാധിതര്‍ 3,107ഉം മരണസംഖ്യ 207-ഉം ആണ്. മധ്യപ്രദേശില്‍ 112-ഉം മഹാരാഷ്ട്രയില്‍ 99-ഉം തെലുങ്കാനയില്‍ 51 -ഉം ആണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് മരണം. അടുത്ത ദിവസങ്ങളിലായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും രോഗം പടരുന്നുണ്ട്. തമിഴ്‌നാട്ടില്‍ എട്ട് പേര്‍ പനി ബാധിച്ചു മരിച്ചു. ഹൈദരാബാദിലെ സര്‍ദാര്‍ പട്ടേല്‍ ദേശീയ പൊലീസ് അക്കാദമി രോഗ ബാധ മുലം അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
പക്ഷികളില്‍ കാണപ്പെടുന്ന വൈറസിന്റെയും പന്നികളില്‍ കാണപ്പെടുന്ന രണ്ടിനം വൈറസുകളുടെയും ജനിതക അംശങ്ങള്‍ അടങ്ങിയ വൈറസിന്റെ വകഭേദമാണ് എച്ച്1 എന്‍ 1 വൈറസെന്നാണ് ആരോഗ്യ ശാസ്ത്രത്തിന്റെ വിശദീകരണം. പന്നികളുമായുള്ള ഇടപഴകലിലൂടെയാണ് ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്. വായുവിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് സംക്രമിക്കാന്‍ ഈ വൈറസ് കഴിവ് ആര്‍ജിച്ചത് അടുത്തകാലത്താണ്. ഇതോടെ മഹാമാരിയുടെ ഗണത്തില്‍ ഇടം പിടിച്ച ഈ രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പക്ഷിപ്പനി തുടങ്ങി ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരികള്‍ സാധാരണ രൂക്ഷമായി ബാധിക്കുന്നത് പ്രായം കൂടിയവരെയും കുട്ടികളെയുമാണെങ്കില്‍, പ്രായഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ ബാധിക്കുമെന്നത് പന്നിപ്പനിയുടെ സവിശേഷതയാണ്. 2009ല്‍ മെക്‌സിക്കോയില്‍ ഈ മാരക രോഗം ബാധിച്ചു മരിച്ചവരില്‍ ഭൂരിപക്ഷവും ചെറുപ്പക്കാരായിരുന്നു.
മഹാമാരികള്‍ രാജ്യത്തെ ആരോഗ്യ മേഖലയെ മാത്രമല്ല, ടൂറിസം വ്യവസായം, വ്യോഗഗതാഗതം തുടങ്ങിയ മേഖലകളേയും പ്രതിസന്ധിയിലാക്കും. മെക്‌സിക്കോയിലും സമീപ രാഷ്ട്രങ്ങളിലും പന്നിപ്പനി പടര്‍ന്നു പിടിച്ചപ്പോള്‍, അവിടേക്കുള്ള യാത്ര ഒഴിവാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉത്തരേന്ത്യയിലെ രോഗ ബാധയെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വിദേശ സന്ദര്‍ശകരുടെ എണ്ണം കുറയുകയും ടൂറിസം വ്യവസായത്തില്‍ നിന്നുള്ള വരുമാനത്തില്‍ ഇടിവുണ്ടാകുകയും ചെയ്യും.
കാസര്‍ക്കോട്ടും കന്യാകുമാരിയിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തതൊഴിച്ചാല്‍ കേരളത്തില്‍ ഇത് വ്യാപകമായിട്ടില്ലെങ്കിലും, ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേരളം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അവരെ ബാധിക്കുന്ന അസുഖങ്ങള്‍ നമ്മിലേക്ക് പകരാകുന്ന വിധം ഇടകലര്‍ന്ന ജീവിതവും സാഹചര്യവുമാണ് നിലവിലുള്ളത്. കേരളീയരുടെ ആരോഗ്യ സംരക്ഷണത്തില്‍ കാണിക്കുന്ന ശ്രദ്ധയും ജാഗ്രതയും അധികൃതര്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ പ്രകടിപ്പിക്കാറില്ല. അത് സ്വാഭാവികവുമാണ്. അടിക്കടി പടര്‍ന്നുപിടിക്കുന്ന സാംക്രമിക രോഗങ്ങള്‍ അതിന്റെ കൂടി അനിവാര്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എച്ച് 1 വണ്‍ എന്‍ വണ്‍ ബാധിച്ച പ്രദേശങ്ങളിലേക്കുള്ള യാത്രകളും, അവരുമായുള്ള സഹവാസവും ഈ രോഗം പടരാന്‍ ഇടയാക്കും.
സാധാരണ ജലദോഷപ്പനികളില്‍ അനുഭവപ്പെടുന്ന പനി, തൊണ്ടവേദന, ചുമ, തലവേദന, മൂക്കൊലിപ്പ്, തുമ്മല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ തന്നെയാണ് ഭൂരിഭാഗം പന്നിപ്പനി കേസുകളിലും കാണുന്നത്. പേശികളിലും സന്ധികളിലും വേദനയും ചിലര്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടേക്കാം. രോഗലക്ഷണം പ്രകടമായാല്‍ പെട്ടെന്നു തന്നെ ചികിത്സ തേടിയാല്‍ അപകടാവസ്ഥ ഒഴിവാക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ ഉപദേശം. ഉത്തരേന്ത്യയില്‍ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും രോഗപ്രതിരോധത്തിനുള്ള മരുന്നിന്റെ ലഭ്യതക്കുറവുമാണ് രോഗം ഭീഷണമായ തോതില്‍ പടരാന്‍ ഇടയാക്കിയതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇതു സംബന്ധിച്ച മുന്‍കരുതല്‍ ആവശ്യമാണ്. സാംക്രമിക രോഗങ്ങള്‍ തടയുന്നതില്‍ ശുചീകരണത്തിന് വലിയ പങ്കുണ്ട്. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചുകൊണ്ടുള്ള ജീവിതത്തിലൂടെ ഏറെക്കുറെ രോഗങ്ങളും ചെറുക്കാനാകും. കേരളം ഇക്കാര്യത്തില്‍ രാജ്യത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഏറെ മെച്ചമായിരുന്നെങ്കിലും, ഇന്ന് കേവലം വ്യക്തി ശുചീകരണത്തില്‍ ഒതുങ്ങിപ്പോകുന്നില്ലേ എന്ന് സംശയിപ്പിക്കുന്നതാണ് നമ്മുടെ ചുറ്റുപാടുകളും പൊതു ഇടങ്ങളും. വീടുകളിലേയും ഹോട്ടലുകളിലേയും ഇറച്ചിക്കടകളിലേയും അവശിഷ്ടങ്ങള്‍ നിരത്തുകളിലും പൊതുസ്ഥലങ്ങളിലും മറ്റും വലിച്ചെറിയുന്ന പ്രവണത മലയാളിയുടെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ശുചിത്വ ബോധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

---- facebook comment plugin here -----

Latest