കേരളത്തിലേക്ക് പരാതികളയക്കാന്‍ വീഡിയോ കോണ്‍ഫറന്‍സ് ഏര്‍പ്പെടുത്തും: ആഭ്യന്തര മന്ത്രി

Posted on: February 13, 2015 7:03 pm | Last updated: February 13, 2015 at 7:03 pm

ramesh chennithalaദുബൈ: ഗള്‍ഫ് മലയാളികളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് വിഡിയോ കോണ്‍ഫറന്‍സ് അടക്കമുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുമെന്ന് സംസ്ഥാന അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബുദാബി, ദുബൈ എന്നിവിടങ്ങളില്‍ ആദ്യം വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഏര്‍പെടുത്തും. ഇതിലൂടെ തിരുവനന്തപുരത്തെ എന്‍ ആര്‍ കെ സൂപ്രണ്ട് ഓഫ് പോലീസുമായി പരാതിക്കാര്‍ക്ക് സംവദിക്കാന്‍ കഴിയും. എല്ലാ വെള്ളിയാഴ്ചയും ആയിരിക്കും ഇതിനുള്ള സൗകര്യം. പരാതികളില്‍ ഉടന്‍ തന്നെ നടപടികള്‍ കൈക്കൊള്ളാന്‍ ഇത് സഹായകമാകും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും പരാതികള്‍ അയക്കാന്‍ കഴിയും.
ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ എന്‍ ആര്‍ ഐക്കാര്‍ക്ക് പ്രത്യേക ഡസ്‌ക് ഏര്‍പെടുത്തിയിട്ടുണ്ട്. പ്രവാസികാര്യ വകുപ്പുമായി ബന്ധപ്പെട്ട് നിരവധി പുതിയ നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിലൊന്നാണ് പ്രവാസികളുടെ പരാതികള്‍ സ്വീകരിക്കാന്‍ പ്രവാസി കമ്മീഷന്‍ ഏര്‍പെടുത്തുന്നത്. പഞ്ചാബിലും ഇത്തരമൊരു കമ്മീഷനുണ്ട്. പഞ്ചാബില്‍ റിട്ടയര്‍ ചെയ്ത ന്യായാധിപനാണ് കമ്മീഷന്‍. ജുഡീഷ്യല്‍ സ്വഭാവത്തിലുള്ള കമ്മീഷനായിരിക്കും ഇത്.
നാദാപുരത്ത് പോലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൊലപാതകക്കേസില്‍ 14 പേരെ അറസ്റ്റ് ചെയ്തു. 72 ഓളം വീടുകള്‍ ആക്രമിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പോലീസ് നിഷ്‌ക്രിയമായിരുന്നു എന്ന പരാതി ശരിയല്ല. പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. അതേക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.
സ്വത്ത് തര്‍ക്കങ്ങള്‍ സംബന്ധിച്ചുള്ള പരാതികളാണ് പ്രവാസികളില്‍ നിന്ന് കൂടുതലായി പോലീസിന് ലഭിക്കുന്നത്. നാദാപുരത്ത് വീട് കയറിയുള്ള ആക്രമണങ്ങളെക്കുറിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വളയത്തും കൊയിലാണ്ടിയിലും എം എസ് പി ക്യാമ്പുകള്‍ തുടങ്ങും. നാദാപുരം മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും സഹകരിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കേസില്‍ കര്‍ശന നടപടിയെടുക്കും. കൊച്ചി മയക്കുമരുന്ന് കേസ് അന്വേഷിച്ച നിഷാന്തിനി ഐ പി എസിനെ തൃശൂരിലേക്ക് മാറ്റിയത് തൃശൂരില്‍ മികച്ച ഉദ്യോഗസ്ഥ വേണമെന്ന കാരണത്താലാണ്. കൊച്ചിയിലെ മയക്കുമരുന്ന് കേസ് ദുര്‍ബലപ്പെടുത്താനല്ല. കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെങ്കിലും അത് ഭീഷണിയായി വളര്‍ന്നിട്ടില്ല.
അവധി ദിവസങ്ങളില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിന്റെ നടപടി ക്രമങ്ങള്‍ ദ്രുതഗതിയിലാക്കണമെന്ന് ഷാര്‍ജ പോലീസ് മേധാവിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കേരളത്തില്‍ വിമാനത്താവളങ്ങളില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാന്‍ ആഗ്രഹമുണ്ട്. കേന്ദ്ര സര്‍ക്കാറുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. രമേശ് ചെന്നിത്തല പറഞ്ഞു.