Connect with us

Kozhikode

ഓടിക്കൊണ്ടിരിക്കെ ബസിന്റെ ചക്രങ്ങള്‍ ഊരിത്തെറിച്ചു; വന്‍ അപകടം ഒഴിവായി

Published

|

Last Updated

തിരൂരങ്ങാടി: നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ചക്രങ്ങള്‍ ഊരിത്തെറിച്ച് കാറിലിടിച്ചു. വന്‍ അപകടം ഒഴിവായി.
കൊണ്ടോട്ടിയില്‍ നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന എരണിക്കല്‍ ബസിന്റെ പിന്നിലെ നാല് ചക്രങ്ങള്‍ ഘടിപ്പിച്ച ലീഫ് അടക്കമാണ് വേര്‍പെട്ടത്. ഇന്നലെ കാലത്ത് ഒമ്പത് മണിയോടെ കൊടുവായൂര്‍ എ ആര്‍ നഗറിലാണ് അപകടം. ഊരിത്തെറിച്ച ചക്രങ്ങള്‍ പിന്നില്‍ വരികയായിരുന്ന കാറിലിടിച്ചു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കാര്‍ ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു. ചക്രങ്ങള്‍ വേര്‍പെട്ട ബസ് വലിയ ശബ്ദത്തോടെ പിന്‍ഭാഗം അമര്‍ന്ന് നീങ്ങുകയായിരുന്നു.
ബസ് യാത്രക്കാരായ കൊണ്ടോട്ടി നെടിയിരുപ്പ് അരിമ്പ്ര വാസുദേവന്‍ (58), ഉമര്‍ (70) എന്നിവരെ പരുക്കുകളോടെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.
ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തതായി തിരൂരങ്ങാടി പോലീസ് പറഞ്ഞു. ഇറക്കവും വളവും നിറഞ്ഞ ഈ റോഡില്‍ വലിയ ദുരന്തമാണ് ഒഴിവായിട്ടുള്ളത്. തൊട്ടടുത്ത ചെങ്ങാനി, തോട്ടശ്ശേരിയറ, കൊളപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ഇറക്കത്തിലായിരുന്നുവെങ്കില്‍ വലിയ അപകടമാണ് സംഭവിക്കുക. ഈ റൂട്ടിലോടുന്ന പല ബസുകളും യഥാസമയം കോടുപാടുകള്‍ തീര്‍ക്കാതെയാണ് സര്‍വീസ് നടത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

---- facebook comment plugin here -----

Latest