തുഴച്ചില്‍: ആറിനങ്ങളില്‍ കേരളം ഫൈനലില്‍

    Posted on: February 4, 2015 11:31 pm | Last updated: February 5, 2015 at 1:21 pm

    ALP kerala team goldആലപ്പുഴ: ദേശീയ ഗയിംസിലെ തുഴച്ചില്‍ ഇന്നലെ നടന്ന പുരുഷ-വനിതാ വിഭാഗം 500മീറ്റര്‍ മത്സരത്തില്‍ ആറിനങ്ങളില്‍ കേരളം ഫൈനലില്‍. വനിതകളുടെ മത്സരത്തിലെ നാല് ഇനങ്ങളിലും കേരളം ഒന്നാമതെത്തി ഫൈനലില്‍ കടന്നപ്പോള്‍ രണ്ട് പുരുഷ ഇനങ്ങളില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായിട്ടായിരുന്നു ഫൈനലില്‍ കയറിപ്പറ്റിയത്. വനിതകളുടെ നാലിനങ്ങളിലും മെഡല്‍ ഉറപ്പാണെന്നും ഒന്നിലധികം സ്വര്‍ണം ലഭിക്കുമെന്നും താരങ്ങള്‍ പറഞ്ഞു.
    കഴിഞ്ഞ ദിവസം നടന്ന ഹീറ്റ്‌സില്‍ സെക്കന്‍ഡില്‍ താഴെ സമയവ്യത്യാസത്തിന് രണ്ടാം സ്ഥാനക്കാരായ എ അശ്വതി, അഞ്ജലി രാജ്, എം ടി നിമ്മി, ഹണി ജോസഫ് എന്നിവര്‍ കോക്‌സ്‌ലെസ് ഫോര്‍ ടീമാണ് ഫൈനലിലെത്തിയത്. പിന്നീട് നടന്ന വനിതകളുടെ സിംഗിള്‍ സ്‌കള്‍ വിഭാഗത്തില്‍ ഡിറ്റിമോള്‍ വര്‍ഗീസും. വനിതകളുടെ കോക്‌സ്‌ലെസ് പെയേഴ്‌സില്‍ എം ടി നിമ്മി, ഹണി ജോസഫ് സഖ്യവും ഫൈനലിലേക്ക് കടന്നു. വനിതകളുടെ ഡബിള്‍ സൂകളില്‍ താരാകുര്യനും ഡിറ്റിമോള്‍ വര്‍ഗീസും അനായാസം ഫൈനലിലേക്ക് കുതിക്കുകയായിരുന്നു.
    പുരുഷന്‍മാരുടെ ഡബിള്‍ സ്‌കളില്‍ കേരളത്തിന്റെ മിഥുന്‍ ജി മോഹനും എ അഭിരാജും കോക്‌സ് ലെസ് ഫോറില്‍ കേരളത്തിന്റെ ടി എസ് അരുണും ടി എ അനീഷും എസ് സാജുവും കെ കെ സുഭാസും മൂന്നാം സ്ഥാനത്തേക്ക് പോയെങ്കിലും ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു. ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് രാവിലെ ഒമ്പതിനാരംഭിക്കും.