Connect with us

Ongoing News

സ്വാശ്രയ എം ബി എ പ്രവേശന തട്ടിപ്പിന് തടയിടാന്‍ ജെയിംസ് കമ്മിറ്റി

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിലെ സ്വാശ്രയ മേഖലയില്‍ എം ബി എ കോഴ്‌സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകള്‍ക്ക് തടയിടാന്‍ മേല്‍നോട്ട സമിതിയായ ജസ്റ്റിസ് ജയിംസ് കമ്മറ്റി നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 29ന് ഇത്തരം കോളജുകള്‍ അഫിലിയേറ്റ് ചെയ്ത സംസ്ഥാനത്തെ സര്‍വകലാശാലകളുടെ യോഗം വിളിച്ചു ചേര്‍ക്കും. 29ന് രാവിലെ 11ന് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ്ഹൗസിലാണ് യോഗം ചേരുക. സംസ്ഥാനത്തെ മിക്ക സ്വാശ്രയ കോളജുകളിലും മാനദണ്ഡങ്ങള്‍ മറികടന്നും അയോഗ്യര്‍ക്ക് പ്രവേശനം നല്‍കിയുമാണ് എം ബി എ കോഴ്‌സുകള്‍ നടത്തുന്നതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കമ്മിറ്റി കര്‍ശന നടപടികളിലേക്ക് നീങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് യോഗം വിളിച്ചിരിക്കുന്നത്. ഇതുള്‍പ്പെടെയുള്ള പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പൊതുവായ മാനദണ്ഡം രൂപവത്കരിക്കണമെന്ന് അഭ്യര്‍ഥിക്കാന്‍ കൂടിയാണ് യോഗം വിളിച്ചത്. എം ബി എ കോഴ്‌സുകളുടെ നടത്തിപ്പ് സംബന്ധിച്ച്് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനത്തെ 84 സ്വാശ്രയ കോളജുകള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. കേരള, കൊച്ചി, എം ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍മാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ച് കത്ത് നല്‍കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, സെല്‍ഫ് ഫിനാന്‍സ് മാനേജ്‌മെന്റ് അസോസിയേഷന്‍ അധികൃതരോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എം ബി എ പ്രവേശന തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയുടെ എം ബി എ ഒന്നാം സെമസ്റ്റര്‍ പരീക്ഷ ജസ്റ്റിസ് ജയിംസ് കമ്മിറ്റി തടഞ്ഞിരുന്നു. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല നടത്തുന്ന സ്വാശ്രയ കോളജുകളുടെ പ്രവേശനം മേല്‍നോട്ടസമിതി തടയുന്നത്. സര്‍വകലാശാലക്ക് കത്തയച്ചിട്ടും തുടര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സ്വയംഭരണാധികാരമുള്ള സര്‍വകലാശാലയുടെ പരീക്ഷ ജുഡീഷ്യല്‍ അധികാരം ഉപയോഗിച്ച് മേല്‍നോട്ട സമിതി വിലക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റു സര്‍വകലാശാലകളിലും സമാനരീതിയിലുള്ള തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് മേല്‍നോട്ടസമിതിക്ക് ബോധ്യപ്പെട്ടത്. പ്രവേശന പരീക്ഷയില്‍ മൈനസ് മാര്‍ക്ക് നേടിയവര്‍ക്കും പ്രവേശനം നല്‍കിയെന്നാണ് ജയിംസ് കമ്മിറ്റിയുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ അയോഗ്യര്‍ക്ക് പ്രവേശനം തടയുന്നതിനുള്ള കര്‍ശന നിലപാടാണ് മേല്‍നോട്ട സമിതി സ്വീകരിക്കുന്നത്. സംസ്ഥാനത്തെ ഒരു സര്‍വകലാശാലയും തങ്ങളുടെ കീഴിലുള്ള കോളജുകള്‍ക്ക് എം ബി എ പ്രവേശനത്തിന് സുവ്യക്തമായ മാനദണ്ഡങ്ങള്‍ നല്‍കിയിട്ടില്ലെന്നും കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

---- facebook comment plugin here -----

Latest