Connect with us

Gulf

ഭീകരതയെ നേരിടാന്‍ കൂടുതല്‍ കൂട്ടായ ശ്രമങ്ങള്‍ വേണമെന്ന് ജനറല്‍ ശൈഖ് മുഹമ്മദ്

Published

|

Last Updated

അബുദാബി: ആധുനിക സമൂഹത്തിനു മുമ്പിലെ ഏറ്റവും വലിയ വെല്ലുവിളിയായ ഭീകരതയെ നേരിടാനും ചെറുത്തു തോല്‍പിക്കാനും കൂടുതല്‍ കൂട്ടായ ശ്രമങ്ങള്‍ വേണമെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു.
ലോകത്തിന്റെ പല ഭാഗങ്ങളിലും മാനവീകതക്ക് ഭീഷണിയായി ഭീകരത തലപൊക്കുന്നുണ്ട്, ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ഒരുമിച്ചുള്ള നീക്കങ്ങള്‍ ഇന്ന് ഏറെ അനിവാര്യമായിരിക്കുന്നു, ശൈഖ് മുഹമ്മദ് പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ഥം അബുദാബിയിലെത്തിയ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടിനെ സ്വീകരിക്കവേയാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം പറഞ്ഞത്.
ഭീകര സംഘങ്ങള്‍ മുന്നോട്ടുവെക്കുന്ന ഐഡിയോളജി ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് ഒരിക്കലും യോജിക്കാനാവാത്തതാണ്. വ്യക്തികള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലും രാഷ്ട്രങ്ങള്‍ക്കിടയിലും ഏറെ സഹിഷ്ണുതയും വിട്ടുവീഴ്ചയും പഠിപ്പിക്കുന്ന മതമാണിസ്‌ലാം. അതിക്രമങ്ങളോടും അവകാശ ലംഘനങ്ങളോടും ഒരിക്കലുമതിന് രാജിയാകാന്‍ കഴിയില്ല, ശൈഖ് മുഹമ്മദ് പറഞ്ഞു.
അതിനിടെ ഭീകര പ്രസ്ഥാനങ്ങള്‍ക്കും സംഘങ്ങള്‍ക്കുമെതിരെ ഏകീകൃത നിലപാടെടുക്കാനും അതിനടിസ്ഥാനത്തില്‍ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കാനും അറബ് രാജ്യങ്ങളുടെ വിദേശ കാര്യ മന്ത്രിമാരുടെ അടിയന്തിര യോഗം വിളിക്കണമെന്ന് ലിബിയയില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ യു എ ഇ ആവശ്യപ്പെട്ടു. ആഗോള സമാധാനത്തിനും സുരക്ഷക്കും വിഘാതം സൃഷ്ടിക്കുന്ന ഇത്തരം ശക്തികള്‍ക്കെതിരെ കടുത്തതും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടെടുക്കണമെന്നും യു എ ഇ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ലിബിയയിലെ എണ്ണയുല്‍പാദന കേന്ദ്രമായ അല്‍ ഹിലാല്‍ പ്രവിശ്യയില്‍ ഭീകരവാദികള്‍ നടത്തിയ സ്‌ഫോടന പരമ്പരയെയും എണ്ണശേഖര കേന്ദ്രങ്ങള്‍ക്ക് തീയിട്ടതിനെയും ലിബിയയില്‍ വിളിച്ചുചേര്‍ത്ത അടിയന്തിര അറബ് ലീഗ് യോഗത്തില്‍ പങ്കെടുത്ത യു എ ഇ പ്രതിനിധികള്‍ ശക്തമായി അപലപിച്ചു.

---- facebook comment plugin here -----

Latest