Connect with us

Gulf

ഷാര്‍ജയില്‍ താമസ സ്ഥലങ്ങള്‍ക്ക് അടിസ്ഥാന വാടക നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി

Published

|

Last Updated

ഷാര്‍ജ: ഫഌറ്റുകള്‍ക്കും മറ്റു താമസ സ്ഥലങ്ങള്‍ക്കും അടിസ്ഥാന വാടക നിശ്ചയിക്കാന്‍ നഗരസഭക്കു കീഴില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. താമസസ്ഥലങ്ങളുടെ വാടക നിശ്ചയിക്കുന്നതില്‍ ഉടമസ്ഥരും വാടകക്കാരനും തീര്‍പ്പിലെത്താതിരിക്കുന്ന ഘട്ടങ്ങളിലാണ് കമ്മിറ്റി തീര്‍പ്പിനായി ഇടപെടുകയെന്നും നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.
അടുത്ത കാലത്തായി കെട്ടിട ഉടമസ്ഥര്‍ നിലവിലുള്ള വാടകക്കരാര്‍ പുതുക്കുന്ന സമയത്ത് നിലവിലുള്ളതിന്റെ 60 മുതല്‍ 75 വരെ ശതമാനം യാതൊരു മാനദണ്ഡവും പാലിക്കാതെ വര്‍ധിപ്പിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇത്തരം പരാതികളുടെ ആധിക്യമാണ് ഇരു വിഭാഗത്തിനുമിടയില്‍ തീര്‍പ്പുകല്‍പിക്കാനും ഫഌറ്റുകളുടെ അടിസ്ഥാന വാടക നിശ്ചയിക്കാനും പ്രത്യേക കമ്മിറ്റിയെ നിശ്ചയിക്കുന്നതെന്ന് നഗരസഭക്കു കീഴിലെ വാടക നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഖാലിദ് അല്‍ ശംസി അറിയിച്ചു.
കെട്ടിടം നില്‍ക്കുന്ന പ്രദേശത്തിന്റെ സാഹചര്യം, കെട്ടിടത്തിന്റെ പഴക്കം, ഗുണനിലവാരം, ഫഌറ്റിന്റെ വിസ്തീര്‍ണം, സൗകര്യങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് കമ്മിറ്റി ഫഌറ്റിന്റെ വാടക നിശ്ചയിക്കുക. വാടകക്കരാര്‍ ഒപ്പിട്ടശേഷമുള്ള ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ യാതൊരു കാരണവശാലും വാടക വര്‍ധിപ്പിക്കാന്‍ പാടില്ലെന്നത് കര്‍ശന നിയമമാണെന്നിരിക്കെ ഇത് ലംഘിച്ച് മൂന്നു വര്‍ഷത്തിനിടെ വാടക വര്‍ധിപ്പിച്ച കേസുകള്‍ ഗൗരവമായി കാണുമെന്നും അല്‍ ശംസി അറിയിച്ചു.
വാടകയും മറ്റുമായി ബന്ധപ്പെട്ട പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും വാടക നിയന്ത്രണ വിഭാഗത്തിന്റെ ഹോട് ലൈന്‍ നമ്പറായ 600566002ലേക്ക് വിളിക്കാവുന്നതാണെന്ന് അല്‍ ശംസി പറഞ്ഞു. 993 എന്ന നമ്പറിലേക്കും വിളിക്കാവുന്നതാണ്.

---- facebook comment plugin here -----

Latest