ഫിജിക്ക് ഇന്ത്യയുടെ സഹായ വാഗ്ദാനം

Posted on: November 19, 2014 11:56 pm | Last updated: November 19, 2014 at 11:57 pm

pm in fijസുവ: ഫിജിയെ ആധുനീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുടെ പങ്കാളിത്തമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫിജി സന്ദര്‍ശനത്തിനെത്തിയ മോദി തകര്‍ന്നുകൊണ്ടിരിക്കുന്ന പഞ്ചസാര വ്യവസായത്തിന് അമ്പതുലക്ഷം ഡോളര്‍ (30.9 കോടി രൂപ) ധനസഹായവും പ്രഖ്യാപിച്ചു. ഇതിനു പുറമെ വിവിധ മേഖലകളിലായി ഏഴ് കോടി ഡോളറിന്റെ (432.74 കോടി രൂപ) വായ്പയും നല്‍കും.
മാറുന്ന ആഗോളമാര്‍ക്കറ്റിന് അനുകൂലമായി നീങ്ങുന്ന ഫിജിയുടെ പങ്കാളിയാകാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്. നിലവിലുള്ള വ്യവസായങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും യുവാക്കള്‍ക്കുവേണ്ടി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും ഇന്ത്യയുടെ സഹകരണമുണ്ടാകും. ഫിജി പാര്‍ലിമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു.
ഫിജിയെ ശാക്തീകരിക്കുന്നതിനും ആധുനികവത്കരിക്കുന്നതിലും പങ്കാളിയാകാന്‍ ഇന്ത്യ തയ്യാറാണെന്ന് മോദി അറിയിച്ചു. 1981ല്‍ ഫിജി സന്ദര്‍ശിച്ച ഇന്ദിര ഗാന്ധിക്ക് ശേഷം ഇവിടം സന്ദര്‍ശിക്കാനെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
ഇന്ത്യയും ഫിജിയും പോലുള്ള രാജ്യങ്ങളാണ് ഗ്രാമീണ വ്യവസായങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, പാര്‍ലിമെന്റിലെ മോദിയുടെ പ്രസംഗം പ്രധാന പ്രതിപക്ഷമായ സോഷ്യല്‍ ഡെമോക്രാറ്റിക് ലിബറല്‍ പാര്‍ട്ടി ബഹിഷ്‌കരിച്ചു. മോദിയുടെ സ്വീകരണ ചടങ്ങിലും മറ്റും തങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചില്ലെന്നാരോപിച്ചായിരുന്നു നടപടി.