Connect with us

Gulf

നിര്‍ബന്ധിത സൈനിക സേവനം: റാസല്‍ ഖൈമ കിരീടാവകാശി പേര് ചേര്‍ത്തു

Published

|

Last Updated

റാസല്‍ ഖൈമ: യുവാക്കള്‍ക്കായി രാജ്യം പ്രഖ്യാപിച്ചിരിക്കുന്ന നിര്‍ബന്ധിത സൈനിക സേവനത്തിനായി റാസല്‍ ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് അല്‍ ഖാസിമി പേര് ചേര്‍ത്തു. ശാരീരികമായി യോഗ്യതയുള്ള എല്ലാവരും രാജ്യ താല്‍പര്യം മുന്‍നിര്‍ത്തി യുവാക്കള്‍ക്കുള്ള നിര്‍ബന്ധിത സൈനിക സേവനത്തില്‍ പങ്കാളികളാവണമെന്ന് നാഷനല്‍ ആന്‍ഡ് റിസര്‍വ് സര്‍വീസ് അതോറിറ്റി(എന്‍ ആര്‍ എസ് എ) ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ തഹ്‌നൂന്‍ അല്‍ നഹ്‌യാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ഇതിനായി സന്നദ്ധനായത് ഇത് യുവാക്കള്‍ക്കിടയില്‍ പ്രചോദനമാവുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
രാജ്യത്തിന്റെ സംരക്ഷണത്തിനായി യുവാക്കള്‍ രംഗത്തിറങ്ങണമെന്ന സന്ദേശമാണ് നിര്‍ബന്ധിത സൈനിക സേവനം മുന്നോട്ടുവെക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സഊദ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ യൗവനത്തിനുള്ള ആദരം കൂടിയാണ് ഇത്തരം ഒരു പദ്ധതി. ഇത് എല്ലാ യുവാക്കളുടെയും പവിത്രമായ ചുമതല കൂടിയാണ്. മനുഷ്യവിഭവ വികസനത്തിലും സാംസ്‌കാരികമായും നാഗരികമായും മറ്റു രാജ്യങ്ങളോട് കിടപിടിക്കാവുന്ന രാജ്യമായി യു എ ഇയെ മാറ്റുന്നതിന്റെ ഭാഗമാണ് നിര്‍ബന്ധിത സൈകിനക സേവനമെന്നും ശൈഖ് മഹുമ്മദ് ബിന്‍ സഊദ് ഓര്‍മിപ്പിച്ചു. യൂവാക്കള്‍ അഭൂതപൂര്‍വമായി സൈനിക സേവനത്തിനായി മുന്നോട്ടു വരുന്നത് അവരില്‍ അന്തര്‍ലീനമായ ദേശീയബോധത്തിന്റെയും ചുമതലാ ബോധത്തിന്റെയും തെളിവാണ്.
രാജ്യത്തോടുള്ള കൂറും രാജ്യത്തിന്റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനുള്ള ആഗ്രഹവുമാണ് ഇത്തരം ഒരു നിയമം നടപ്പാക്കാന്‍ ഭരണാധികാരികളെ പ്രേരിപ്പിച്ചത്. ഞങ്ങളെപ്പോലുള്ള യൂവാക്കളാണ് രാജ്യത്തെ പ്രതിസന്ധി ഘട്ടങ്ങളില്‍ സംരക്ഷിക്കേണ്ടതും രാജ്യം കൈവരിച്ച നേട്ടങ്ങളെ മുറുകേ പിടിക്കേണ്ടതും. രാജ്യത്തെ സേവിക്കാന്‍ സ്ത്രീകള്‍ക്കും തുല്യമായ ഉത്തരവാദിത്വമാണുള്ളത്. നിര്‍ബന്ധിത സൈനിക സേവനത്തിനായി എത്തുന്ന സ്ത്രീകള്‍ ഇതിന്റെ ഉദാഹരണമാണ്. രാജ്യത്തോടുള്ള അധമ്യമായ കൂറും സേനഹവുമാണ് ഇതില്‍ പ്രകടമാവുന്നത്. ഞങ്ങളെല്ലാം രാവും പകലും രാജ്യത്തിനായി സേനവം ചെയ്യാന്‍ ഒരുക്കമാണെന്നും ശൈഖ് മുഹമ്മദ് ബിന്‍ സഊദ് വ്യക്തമാക്കി.
സൈനിക സേവനത്തിനായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതി അടുത്ത മാസം ആറാണ്. അതിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും 10,000 മുതല്‍ 50,000 വരെ പിഴയുമാണ് ശിക്ഷ. എന്നാല്‍ ശിക്ഷാ കാലവധി അവസാനിക്കുകയും പിഴ ഒടുക്കുകയും ചെയ്ത ശേഷവും ഇത്തരക്കാര്‍ സൈനിക സേവനം നടത്തേണ്ടി വരും. സമയപരിധി അവസാനിച്ച ശേഷം രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്നവരുടെ പട്ടിക തയ്യാറാക്കിയാവും നിയമ നടപടി കൈക്കൊള്ളുക. 18നും 30നും ഇടയില്‍ പ്രായമുള്ള ശാരീരികമായി യോഗ്യതയുള്ള യുവാക്കള്‍ക്കായി ഒമ്പത് മാസത്തെ നിര്‍ബന്ധിത സൈനിക സേവനമാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ യുവാക്കള്‍ക്ക് സൈനിക സേവനം നിര്‍ബന്ധിതമാക്കികൊണ്ടുള്ള ഫെഡറല്‍ നാഷനല്‍ കൗസില്‍ നിയമത്തിന് യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കഴിഞ്ഞ ജൂണിലാണ് അംഗീകാരം നല്‍കിയത്.
യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം ആവശ്യമാണെന്ന് ഫെഡറല്‍ നാഷനല്‍ കൗസില്‍ കരട് നിയമം അവതരിപ്പിക്കുകയും പാസാക്കിയ ശേഷം അന്തിമ അനുമതിക്കായി പ്രസിഡന്റിന് സമര്‍പ്പിക്കുകയുമായിരുന്നു. സെക്കന്ററി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് നേടുകയോ അല്ലെങ്കില്‍ 18 വയസ് പൂര്‍ത്തിയാവുകയോ ചെയ്യുന്ന മുറക്കാണ് സൈനിക സേവനം നിര്‍ബന്ധമാവുകയെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

---- facebook comment plugin here -----

Latest