Connect with us

Gulf

ഇന്ത്യക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി 'ഗൈഡ്‌ലൈന്‍സ് ഫോര്‍ ഇന്ത്യന്‍സ്'

Published

|

Last Updated

അബുദാബി: യു എ ഇയിലെ ഇന്ത്യന്‍ സമൂഹം അറിഞ്ഞിരിക്കേണ്ട വിവരങ്ങളുമായി യു എ ഇ ഇന്ത്യന്‍ എംബസിയും ദുബൈ കോണ്‍സുലേറ്റും സംയുക്തമായി “ഗൈഡ് ലൈന്‍സ് ഫോര്‍ ഇന്ത്യന്‍സ്” എന്ന പേരില്‍ പുസ്തകമിറക്കി.
യു എ ഇയെക്കുറിച്ചുള്ള ലഘുവിവരങ്ങള്‍, യു എ ഇ ഭരണാധികാരികള്‍, തൊഴില്‍ നിയമങ്ങള്‍, ഗതാഗത നിയമങ്ങള്‍, താമസ-കുടിയേറ്റ നിയമങ്ങള്‍, ജനനമരണ രജിസ്‌ട്രേഷന്‍, പാസ്‌പോര്‍ട്ട് സംബന്ധമായ വിവരങ്ങള്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും കീഴിലെ ക്ഷേമകാര്യ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്, മഹാത്മാഗാന്ധി പ്രവാസി സുരക്ഷ യോജന, പ്രവാസി ഭാരതീയ ഭീമ യോജന, റമസാന്‍ മാസത്തില്‍ പാലിക്കപ്പെടേണ്ട നിയമങ്ങള്‍, പള്ളിയിലും പരിസരങ്ങളിലും സ്വീകരിക്കേണ്ടുന്ന മര്യാദകള്‍, റോഡ്, ട്രാം എന്നിവ മുറിച്ച് കടക്കുമ്പോള്‍ സൂക്ഷിക്കേണ്ടുന്ന കാര്യങ്ങള്‍, കല്യാണ രജിസ്‌ട്രേഷന്‍, മരണം സംഭവിച്ചാല്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, പാസ്‌പോര്‍ട് സംബന്ധമായ വിവരങ്ങള്‍, വ്യാപാരത്തില്‍ പുലര്‍ത്തേണ്ടുന്ന മുന്‍കരുതലുകളും നിയമവ്യവസ്ഥകളും എന്നിവയെക്കുറിച്ചുള്ള ലഘുവിവരങ്ങളാണ് പുസ്തകത്തിലുള്ളത്.
യു എ ഇയിലെ പ്രധാന സന്ദര്‍ശക സ്ഥലങ്ങള്‍, ഹോസ്പിറ്റലുകള്‍, ആരാധനാലയങ്ങള്‍, എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, പ്രധാന പാതകള്‍, വിവിധ സേവനങ്ങള്‍ക്ക് എംബസിയിലും കോണ്‍സുലേറ്റിലും ഈടാക്കുന്ന ഫീസ് നിരക്ക്, സ്ഥാനപതി കാര്യാലയത്തിന്റെ കീഴിലെ വിവിധ വകുപ്പുകളുടെ ലഘുവിവരങ്ങളും പ്രവര്‍ത്തനങ്ങളും, ക്രെഡിറ്റ് കാര്‍ഡ് കേസുകള്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും പുസ്തകത്തിലുണ്ട്. മുതലാളിമാരും തൊഴിലാളികളും തമ്മില്‍ പുലര്‍ത്തിപ്പോരുന്ന കരാറുകളും പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
ഒന്നാം ഘട്ടത്തില്‍ ഇംഗ്ലീഷില്‍ പുറത്തിറക്കിയ ഗൈഡന്‍സ് പുസ്തകം രണ്ടാം ഘട്ടത്തില്‍, മലയാളം, ഉര്‍ദു, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറക്കും.
യു എ ഇയിലെ ഐ വി എസ്, ബി എല്‍ എസ് സെന്ററുകളുടെ നമ്പറും വിവരങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അബുദാബി സ്ഥാനപതി കാര്യാലയത്തിലും ദുബൈ കോണ്‍സുലേറ്റിലും പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പ് മേധാവികളുടെ നമ്പറുകളും പോര്‍ട്ടല്‍ മേല്‍വിലാസവും സേവനങ്ങളും പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പത്ത് ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന യു എ ഇയില്‍ ഭൂരിപക്ഷവും സാധാരണക്കാരാണ്. ഇതാണ് പുസ്തകം പ്രദേശിക ഭാഷയിലും കൂടി പുറത്തിറക്കാനുള്ള കാരണം.
യു എ ഇയിലെ വിവിധ ഭാഗങ്ങളിലെ ഇന്ത്യന്‍ അസോസിയേഷനുകളുമായി സഹകരിച്ച് നടത്തുന്ന കോണ്‍സുലര്‍ സേവനങ്ങളും ബി എല്‍ എസ് സേവനങ്ങളും ബന്ധപ്പെടേണ്ടുന്ന നമ്പറുകളും പുസ്തകത്തിലുണ്ട്. സാധാരണക്കാരന് മനസിലാകുന്ന രീതിയില്‍ പുറത്തിറക്കിയ പുസ്തകം ആവശ്യമുള്ളവര്‍ അബുദാബി സ്ഥാനപതി കാര്യലയവും ദുബൈ കോണ്‍സുലേറ്റുമായി ബന്ധപ്പെടേണ്ടതാണ്.

 

---- facebook comment plugin here -----

Latest