Connect with us

Editorial

തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരണം

Published

|

Last Updated

രാജ്യത്ത് സാമ്പത്തികമായി താഴേക്കിടയിലുള്ള ജന വിഭാഗത്തിന് തൊഴിലും വരുമാന ലഭ്യതയും ഉറപ്പാക്കുന്നതിനായി 2006ല്‍ യു പി എ സര്‍ക്കാര്‍ നടപ്പാക്കിയതാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി. വര്‍ഷത്തില്‍ നൂറ് ദിവസം ഗ്രാമീണ തൊഴിലാളികള്‍ക്ക് തൊഴിലും വരുമാനവും പ്രഖ്യാപിക്കുന്ന ഈ പദ്ധതിക്ക് സര്‍ക്കാര്‍ വര്‍ഷം തോറും 41,000 കോടി നീക്കിവെക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലെ നിരവധി പേര്‍ക്ക് ഇത് അനുഗൃമായി മാറിയിട്ടുണ്ടെങ്കിലും പദ്ധതി പ്രത്യുത്പാദനപരമോ ക്രിയാത്മകമോ അല്ലെന്ന പരാതി വ്യാപകമാണ്. പലയിടങ്ങളിലും ഈ തൊഴില്‍ കേവലം റോഡരികിലെ പുല്ല് ചെത്തും കാടുവെട്ടും മാത്രമായി ചുരുങ്ങുന്നു. രാജ്യത്തിന്റെ ഉത്പാദന മേഖലക്ക് ഇത് പറയത്തക്ക ഗുണം ചെയ്യുന്നില്ല. കേന്ദ്ര ഗ്രാമ വികസന മന്ത്രിയായിരുന്ന ജയറാം രമേഷ്, സംസ്ഥാന സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് തുടങ്ങി ഭരണ രംഗത്തെ പല പ്രമുഖരും ഇക്കാര്യം ചൂണ്ടിക്കാട്ടുകയും പദ്ധതിയുടെ നിലവിലെ രീതിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. വലിയ ലക്ഷ്യങ്ങളുമായാണ് തുടങ്ങിയതെങ്കിലും ഒരു കുടംബത്തിന് 100 ദിവസത്തെ പണി ഉറപ്പാക്കണമെന്നതിനാല്‍ എന്തെങ്കിലും പണി തട്ടിക്കൂട്ടി പണം ചെലവഴിക്കുകയാണിപ്പോള്‍. എന്നിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 100 ദിവസം തൊഴില്‍ നല്‍കാനായത് 3.4 ലക്ഷം പേര്‍ക്ക് മാത്രമാണ്. തൊഴില്‍ ദിനങ്ങളുടെ സംസ്ഥാന ശരാശരി 55 ശതമാനം മാത്രം. കാര്യമായ പണിയൊന്നുമെടുക്കാതെ കൂലി വാങ്ങാമെന്നതിനാല്‍ അധ്വാനിക്കാന്‍ മനസ്സുള്ളവരേയും പദ്ധതി മടിയന്മാരാക്കുന്നു എന്ന വിമര്‍ശവും ശക്തമാണ്.
പദ്ധതി പ്രത്യുത്പാദനപരവും ക്രിയാത്മകവുമാക്കുന്നതിന് സമഗ്രമായ പരിഷ്‌കരണം വേണമെന്ന ആവശ്യം വ്യാപകമാണ്. കേരളത്തിലെ പദ്ധതി നടത്തിപ്പിനെക്കുറിച്ചു സമഗ്രമായി പഠിക്കാനും കാര്യക്ഷമമാക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മുന്‍ എം എല്‍ എ എം. മുരളിയുടെ നേതൃത്വത്തില്‍ ഒമ്പതംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളും സന്ദര്‍ശിച്ച ശേഷം കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ മനസിലാക്കി നെല്‍കൃഷിയുള്‍പ്പെടെയുള്ള കാര്‍ഷിക മേഖലക്ക് കൂടി പദ്ധതിയെ ഉപയുക്തമാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചത്. നെല്‍കൃഷിക്ക് വയലുകള്‍ ഉഴുതുമറിക്കല്‍ തുടങ്ങി നെല്ല് കൊയ്‌തെടുക്കുന്നതുവരെയുള്ള മുഴുവന്‍ ജോലികളും ഉള്‍പ്പെടുത്തുന്നതിന് പുറമെ ക്ഷീരവികസനം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കണമെന്നും കമ്മിറ്റി നിര്‍ദേശിക്കുകയുണ്ടായി.
പദ്ധതിയാസൂത്രണത്തില്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന പുതിയൊരു പരിഷ്‌കരണം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലുമുണ്ട്. തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളുടെ ഗുണഫലം ശരിയായ രീതിയില്‍ ലഭിക്കാത്ത, കേരളത്തിലെ 50 ബ്ലോക്ക് പഞ്ചായത്തുകളടക്കം രാജ്യത്തെ 2,500 ഗ്രാമങ്ങളെ ഉള്‍പ്പെടുത്തി പദ്ധതിയില്‍ തീവ്രപങ്കാളിത്ത ആസൂത്രണം നടപ്പാക്കാനാണ് തീരുമാനം. മുരളി കമ്മിറ്റി നിര്‍ദേശിച്ചതു പോലെ നാടിന്റെ ആവശ്യമറിഞ്ഞ് ജോലികള്‍ നിശ്ചയിക്കുയാണ് ഇതിന്റെയും രീതി. ഇതനുസരിച്ചു തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവര്‍ത്തകരും, ഗ്രാമവികസന വകുപ്പ് ജീവനക്കാരും വീടുകള്‍ കയറിയിറങ്ങി പ്രദേശത്തിന്റ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള തൊഴില്‍ ബജറ്റായിരിക്കും തയാറാക്കുക. ഓരോ കുടുംബത്തിന്റെയും സാമ്പത്തികസ്ഥിതിയും ഭൂവിവരങ്ങളും ഇവര്‍ ശേഖരിക്കും. ഇതിനായുള്ള സര്‍വേകള്‍ ഡിസമ്പര്‍ 25നകം പൂര്‍ത്തിയാക്കാനും അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇതടിസ്ഥാനത്തിലുള്ള പദ്ധതി നടപ്പാക്കാനുമാണ് തീരുമാനം.
തൊഴിലില്ലാത്ത ഗ്രാമീണ ജനതയുടെ ഉന്നമനം ലക്ഷ്യമാക്കി ആവിഷ്‌കരിച്ച തൊഴിലുറപ്പ് പദ്ധതി ശോഷിച്ചു വരുന്ന നെല്‍കൃഷിക്കും മറ്റു വിളകള്‍ക്കും ഉപയുക്തമാക്കുകയാണെങ്കില്‍ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനും സാമൂഹിക മുന്നേറ്റത്തിന് തന്നെയും അത് വഴിയൊരുക്കും. സംസ്ഥാനത്ത് ഇതിനകം പദ്ധതിയില്‍ 22 ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ കാര്‍ഷിക മേഖലയില്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ തൊഴിലാളികളുടെ ദൗര്‍ലഭ്യത മൂലം നിര്‍ജീവമായ സംസ്ഥാനത്തെ വയലുകള്‍ സജീവമാകുന്നതോടൊപ്പം ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കാനും സഹായകമാകും. കാര്‍ഷികോത്പന്നങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് വിശേഷിച്ചും അത് വലിയ അനുഗ്രഹമായിത്തീരും.

---- facebook comment plugin here -----

Latest