Connect with us

Kozhikode

ഗതാഗതക്കുരുക്കഴിക്കാന്‍ ആറ് റോഡുകള്‍ വീതി കൂട്ടും: കലക്ടര്‍

Published

|

Last Updated

കോഴിക്കോട്: നഗരത്തിലെ ആറ് റോഡുകള്‍ വീതികൂട്ടാനുള്ള ടെന്‍ഡറിന് അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍. നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന പ്രശ്‌നം റോഡുകള്‍ക്ക് വീതിയില്ലാത്തതാണ്. ഇതിന് പരിഹാരമായാണ് ആറ് റോഡുകള്‍ വീതി കൂട്ടുന്നതെന്നും കലക്ടര്‍ സി എ ലത പറഞ്ഞു. “നഗരത്തിലെ ഗതാഗതക്കുരുക്കും ട്രാഫിക് പരിഷ്‌കരണവും” എന്ന വിഷയത്തില്‍ ജില്ലാ ഉപഭോക്ത്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഏഴ് റോഡുകള്‍ വീപുലീകരിക്കും. ഇതിനായി റോഡുകള്‍ക്ക് പ്രത്യേക ഫണ്ട് ലഭിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
മുഖാമുഖത്തില്‍ വിവിധ മേഖകളിലെ നിരവധി പേര്‍ പങ്കെടുത്തു. പാര്‍ക്കിംഗാണ് നഗരത്തിലെ പ്രധാനപ്രശ്‌നമെന്ന് മുഖാമുഖത്തില്‍ ഉയര്‍ന്നുവന്നു. റോഡിന് വീതികൂട്ടിയാല്‍ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ നിയന്ത്രിക്കാമെന്നാണ് മുഖാമുഖത്തിലെ പൊതുഅഭിപ്രായം. ഭാവിയില്‍ നഗരത്തില്‍ കാര്‍ നിരോധിക്കേണ്ടിവരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ഡി ഒ. പി എം മുഹമ്മദ് നജീബ് പറഞ്ഞു. വിദേശരാജ്യങ്ങളിലൊക്കൊ കാറുകള്‍ ഒഴിവാക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ കാറുകള്‍ വര്‍ധിക്കുകയാണ്. കാറില്‍ ഒരാള്‍ മാത്രം സഞ്ചരിക്കുന്നത് ഓണക്കാലത്ത് നഗരത്തില്‍ വിലക്കിയത് വിജയിച്ചതിനാല്‍ ഇത് ഉത്സവസമയത്ത് പ്രാവര്‍ത്തികമാക്കണമെന്നും നജീബ് പറഞ്ഞു. നഗരത്തിലെ ട്രാഫിക് സിഗ്നല്‍ ഏത് സമയത്തും പണിമുടക്കാമെന്നും അത് ട്രാഫികിന്റെ നിയന്ത്രണത്തിലല്ലെന്നും ട്രാഫിക് അസി. കമ്മീഷനര്‍ കെ സി അബ്ദുര്‍റസാഖ് പറഞ്ഞു. നഗരത്തില്‍ റോഡുകള്‍ വണ്‍വേയാക്കിയാല്‍ വിമര്‍ശനം മാത്രമാണുയരുന്നത്. എന്നാല്‍ ഇത് മൂലം നഗരത്തില്‍ ഗതാഗതക്കുരുക്ക് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതകുരുക്കുണ്ടാകുമ്പോള്‍ എപ്പോഴും ബസുകാരെയാണ് കുറ്റപ്പെടുത്തുന്നതെന്നും എന്നാല്‍ ഒരു ബസിന് ഒരു കിലോമീറ്റര്‍ ഓടാന്‍ നഗരപരിധിയില്‍ മൂന്ന്മിനിറ്റാണ് അനുവദിക്കുന്നതെന്നും ഈ സമയം നീട്ടി തരണമെന്നും ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ബസുകള്‍ക്ക് സഞ്ചരിക്കാനുളള പാത ഒരുക്കേണ്ടത് ഉദ്യോഗസ്ഥരാണ്. നഗരത്തിലെത്തുന്ന മിക്കവര്‍ക്കും ഡ്രൈവിംഗ് നന്നായി അറിയുന്നവരല്ലെന്നും തിരക്കുളള സമയങ്ങളില്‍ ഇവരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും മുഖാമുഖത്തില്‍ ഉയര്‍ന്നു.
കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ മോഡറേറ്ററായിരുന്നു.

---- facebook comment plugin here -----

Latest