അഡ്വാനി ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍

Posted on: September 17, 2014 11:53 pm | Last updated: September 17, 2014 at 11:53 pm
SHARE

advaniന്യൂഡല്‍ഹി: ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി അധ്യക്ഷനായി ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനിയെ നിയോഗിച്ചു. നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്നും ബി ജെ പി ദേശീയ പാര്‍ലിമെന്ററി സമിതിയില്‍ നിന്നും തഴയപ്പെട്ട എല്‍ കെ അഡ്വാനിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് പുതിയ സ്ഥാനലബ്ധി. ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനാണ് എണ്‍പത്തിയാറുകാരനായ അഡ്വാനിയെ എത്തിക്‌സ് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചത്.
കഴിഞ്ഞ ലോക്‌സഭയില്‍ ഈ സ്ഥാനം വഹിച്ചിരുന്നത് കോണ്‍ഗ്രസ് നേതാവായ മണിക്‌റാവു ഗാവിത് ആയിരുന്നു. അഡ്വാനിയെ കൂടാതെ അരുണ്‍ മൊഴിത്തവന്‍, നിനോംഗ് എറിംഗ്, ഷേര്‍സിംഗ് ഗുബായ, ഹേമന്ദ് തുകാറാം ഗോഡ്‌സേ, പ്രഹ്ലാദ് ജോഷി, ഭഗത്‌സിംഗ് കോശിയാരി, അര്‍ജുന്‍ റാം മേഘ്‌വാല്‍, ഭര്‍തൃഹരി മെഹ്താബ്, കരിയാ മുണ്ട, ജയശ്രീബെന്‍ പട്ടേല്‍, മല്ല റെഡ്ഢി, സുമേദാനന്ദ് സരസ്വതി, ഭോലാ സിംഗ് എന്നിവരാണ് പുതിയ കമ്മിറ്റിയിലെ അംഗങ്ങള്‍.
ലോക്‌സഭാ അംഗങ്ങള്‍ സദാചാരവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന പരാതികളാണ് എത്തിക്‌സ് കമ്മിറ്റി പരിഗണിക്കുക. പരാതി ലഭിച്ചില്ലെങ്കിലും ഇത്തരം പ്രശ്‌നങ്ങളില്‍ സ്വമേധയാ ഇടപെടാനുള്ള അധികാരം സമിതിക്ക് ഉണ്ടായിരിക്കും. അംഗങ്ങളുടെ സദാചാരനില ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതും എത്തിക്‌സ് കമ്മിറ്റിയാണ്.