രാത്രികാല അഭ്യാസം: ഫുജൈറ പോലീസ് 211 കാറുകള്‍ പിടിച്ചെടുത്തു

Posted on: September 13, 2014 6:31 pm | Last updated: September 13, 2014 at 6:32 pm
SHARE

police abudabiഫുജൈറ: താമസ മേഖലയില്‍ രാത്രികാലങ്ങളില്‍ അപകടകരമായ രീതിയില്‍ അഭ്യാസം കാണിച്ചതുമായി ബന്ധപ്പെട്ട് 211 കാറുകള്‍ പിടിച്ചെടുത്തതായി ഫുജൈറ പോലീസ് വ്യക്തമാക്കി. താമസക്കാരുടെ ജീവനും ഉറക്കത്തിനും ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ കാറുകൊണ്ടുള്ള അഭ്യാസങ്ങള്‍ നടത്തുകയും അമിതവേഗത്തില്‍ മത്സരിക്കുകയും ചെയ്തതിനാണ് ഇവ പിടിച്ചെടുത്തതെന്ന് ഫുജൈറ പോലീസ് തലവന്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ബിന്‍ ഗാനിം അല്‍ കഅബി വ്യക്തമാക്കി.
താമസക്കാരില്‍ നിന്നും ഇത്തരക്കാരെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ സുപ്രിം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമാദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് അല്‍ കഅബി വിശദീകരിച്ചു. രാത്രികാലങ്ങളില്‍ വിവിധ മേഖകളില്‍ പ്രത്യേക പോലീസ് പട്രോള്‍ സംഘത്തെ കാറുകളുമായി മത്സര ഓട്ടം നടത്തുന്നവരെ പിടികൂടാന്‍ നിയോഗിച്ചിരുന്നു. ഈ സംഘമാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. 136 വാഹനങ്ങള്‍ ഫുജൈറ നഗരത്തില്‍ നിന്നും നഗരപ്രാന്തങ്ങളില്‍ നിന്നുമായിരുന്നു പിടികൂടിയത്. ദിബ്ബ മേഖലയില്‍ നിന്നാണ് 75 കാറുകള്‍ പിടിച്ചെടുത്തത്. കാറുകള്‍ വന്‍തോതില്‍ പിടികൂടിയതോടെ താമസക്കാര്‍ക്ക് സ്വസ്ഥമായി ഉറങ്ങാവുന്ന സ്ഥിതിയായിട്ടുണ്ട്. ഇത്തരം നിമലംഘനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് ശൈഖ് ഹമാദ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അര്‍ധ രാത്രിക്ക് ശേഷവും നഗരത്തിലെ പ്രധാന പാതകളായ കോര്‍ണിഷ് റോഡിലും മറ്റും ഉദ്യോഗസ്ഥര്‍ റോന്തുചുറ്റിയാണ് ഇത്തരക്കാരെ വലയിലാക്കിയതെന്നു അദ്ദേഹം പറഞ്ഞു.