Connect with us

National

ആന്ധ്രയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി

Published

|

Last Updated

ഹൈദരാബാദ്: സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58ല്‍ നിന്നും 60 ആക്കിക്കൊണ്ട് ആന്ധ്രാപ്രദേശ് നിയമസഭ തിങ്കളാഴ്ച ബില്‍ പാസാക്കി. മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ് ഇത് സംബന്ധിച്ച ബില്‍ അവതരിപ്പിച്ചത്.
മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം കൂടിയതടക്കമുള്ള ഒട്ടേറെ ഘടകങ്ങള്‍ പരിഗണിച്ചാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആന്ധ്രാപ്രദേശ് പബ്ലിക്ക് എംപ്ലോയ്‌മെന്റ് (റഗുലേഷന്‍ ഓഫ് ഏജ് ഓഫ് സൂപ്പറേനുവേഷന്‍) ഭേദഗതി ബില്ലാണ് സഭ പാസ്സാക്കിയത്.
1984നെ അപേക്ഷിച്ച് ശരാശരി ആയുസ്സ് ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2009ലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 68 ആണ്. ഇന്ത്യയില്‍ ഇത് 65 ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അതിന്റെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 1998ല്‍ 58ല്‍ നിന്ന് 60 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. തന്റെ സര്‍ക്കാറിന് ജീവനക്കാരുമായി സൗഹൃദബന്ധമാണുള്ളത്. സംസ്ഥാന പുനഃസംഘടനക്ക് ശേഷം മുതിര്‍ന്ന ജീവനക്കാരുടെ അനുഭവജ്ഞാനവും വൈദഗ്ധ്യവും സംസ്ഥാനത്തിന് ലഭ്യമാക്കാനാണ് പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തീരുമാനിച്ചതെന്ന് നായിഡു പറഞ്ഞു.
ഡോക്ടര്‍മാര്‍ പഠനത്തിനായി നിരവധി വര്‍ഷങ്ങള്‍തന്നെ ചെലവിടുന്നുണ്ട്. ഇവരെ 58ാം വയസ്സില്‍ സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ അനുവദിക്കുന്നത് സര്‍ക്കാറിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന വിഭജനത്തിനെതിരെ ജീവനക്കാര്‍ പ്രക്ഷോഭം നടത്തിയ കാലം അവധിയായി പരിഗണിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ പറ്റിയവര്‍ക്കും ഭവന നിര്‍മാണ പദ്ധതിയും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയും നടപ്പാക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 2,000 രൂപ തൊഴിലില്ലായ്മാ വേതനം നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

Latest