Connect with us

Sports

ഹൃദയം നിലക്കും മുമ്പ് ഒരു സുന്ദരന്‍ ഗോള്‍

Published

|

Last Updated

meesyബെലൊ ഹോറിസോണ്ടെ: ഇറാന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ 90 മിനുട്ടും ഗോളടിക്കാന്‍ കഴിയാതെ ഉഴറിയ അര്‍ജന്റീനക്ക് ഇഞ്ച്വറി ടൈമില്‍ മെസിയൊരുക്കിയ ഗോള്‍ വിജയത്തിനൊപ്പം വിലപ്പെട്ട മൂന്ന് പോയിന്റുകളും സമ്മാനിച്ചു. ലോകകപ്പിന് മുമ്പ് കപ്പ് നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ട ടീമാണ് അര്‍ജന്റീന. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പ്രീ ക്വാര്‍ട്ടര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചെങ്കിലും ഈ ടീം എത്രകണ്ട് മുന്നോട്ട് പോകുമെന്ന കാര്യത്തില്‍ ഇപ്പോള്‍ അര്‍ജന്റൈന്‍ പ്രേമികള്‍ക്കും ഉറപ്പില്ല. പതിനൊന്ന് കളിക്കാര്‍ പതിനൊന്ന് തരത്തില്‍ കളിക്കുന്ന ടീമെന്ന് അര്‍ജന്റീനയെ ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം.
ഇറാനെതിരായ രണ്ടാം പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കേണ്ടതായിരുന്നു. ആത്മഹത്യക്ക് മുമ്പുള്ള നിമിഷമെന്ന് മെസിയുടെ ഗോള്‍ വന്ന സെക്കന്റിനെ പറയാം. 25 വാര അകലെ നിന്നുള്ള മെസിയുടെ ഇടങ്കാലന്‍ ലോബ് ഇറാനിയന്‍ ഗോളിയുടെ കൈകളെ കബളിപ്പിച്ച് വലയില്‍ കയറിയപ്പോള്‍ മാത്രമാണ് അര്‍ജന്റീനക്ക് ശ്വാസം നേരെ വീണത്. ആ ഗോള്‍ വഴിയും തടയാന്‍ ഇറാന്‍ ഗോളി ആവതും ശ്രമിച്ചു. എന്നാല്‍ ആ ഒരൊറ്റ നിമിഷത്തില്‍ ഭാഗ്യം അര്‍ജന്റീനക്കൊപ്പം നിന്നു. അതിനാല്‍ തന്നെ ഇറാന്‍ തോറ്റിട്ടില്ല എന്ന് പറയേണ്ടി വരും. പോരാളികളായാണ് അവര്‍ തിരിച്ചു കയറിയത്. ലോകോത്തര താരങ്ങളെ 90 മിനുട്ടും ഗോളടിക്കാന്‍ അനുവദിക്കാതെ പിടിച്ചു നിര്‍ത്തിയത് അവരുടെ മിടുക്ക്. ഒരു പക്ഷേ അര്‍ജന്റീനക്ക് തോല്‍വിയും പിണയുമായിരുന്നു. ഇറാന്‍ താരങ്ങള്‍ തൊടുത്ത ഗോളെന്നുറപ്പിച്ച മൂന്നോളം അവസരങ്ങള്‍ അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ റൊമേരോ അവിശ്വസനീയമാം വിധം തട്ടിയകറ്റിയില്ലായിരുന്നെങ്കില്‍ അവര്‍ നാണക്കേടിന്റെ പടുകുഴിയില്‍ പെടുമായിരുന്നു.
ആദ്യ കളിയില്‍ നിന്ന് വിഭിന്നമായി 4-3-3 ശൈലിയവലംബിച്ചിട്ടും അര്‍ജന്റീനയുടെ കളിയില്‍ പ്രകടമായൊരു മാറ്റമൊന്നും കണ്ടില്ല. മെസിയുടെ ഗോള്‍ മാറ്റിനിര്‍ത്തിയാല്‍ അര്‍ജന്റീനയുടെ കളിക്കാര്‍ ശരാശരിയിലും താഴെയായിരുന്നു. കളിയുടെ 71 ശതമാനം സമയം പന്ത് കൈവശം വെച്ചിട്ടും ഇറാനിയന്‍ പ്രതിരോധത്തെ ഭേദിച്ച് പന്ത് ഫിനിഷ് ചെയ്യാനറിയാതെ കുഴങ്ങുകയായിരുന്നു അര്‍ജന്റീനയുടെ പേരുകേട്ട താരനിര.
ബോസ്‌നിയക്കെതിരായ പോരാട്ടത്തേക്കാള്‍ തുടക്കത്തില്‍ ഭേദമായിരുന്നു അര്‍ജന്റീന. അവരുടെ പാസുകള്‍ തുടക്കത്തില്‍ മികച്ച രീതിയില്‍ മുന്നേറി. അപ്പോഴും ഫിനിഷ് ചെയ്യാന്‍ മാത്രം കഴിഞ്ഞില്ല. മധ്യനിരക്കും മുന്നേറ്റത്തിനുമിടയിലെ സുപ്രധാന കണ്ണിയുടെ അസാന്നിധ്യം മുഴച്ചു നില്‍ക്കുന്നുണ്ടെന്ന് ആദ്യ കളിയില്‍ തോന്നിപ്പിച്ച ദൗര്‍ബല്യം ഉറപ്പായും ടീമിനുണ്ടെന്ന് രണ്ടാം മത്സരത്തില്‍ പൂര്‍ണമായും വെളിവായി.
മെസിയടക്കമുള്ള താരങ്ങള്‍ ഏത് നിമിഷവും അപകടം സൃഷ്ടിക്കുമെന്ന് ഇറാന്‍ കോച്ച് കാര്‍ലോസ് ക്വിറോസിന് നല്ല ബോധ്യമുണ്ടെന്ന് വിളിച്ചു പറയുന്ന തരത്തിലാണ് അദ്ദേഹം പ്രതിരോധ കോട്ട കെട്ടിയത്. ആറും ഏഴും താരങ്ങളെ വെച്ച് അര്‍ജന്റീനയുടെ എല്ലാ മുന്നേറ്റങ്ങളും ബോക്‌സില്‍ വെച്ച് നിഷ്ഫലമാക്കുന്നതില്‍ കോച്ച് വിജയം കണ്ടു. മധ്യനിരയിലും വിംഗുകളിലും ഇരമ്പിയാര്‍ത്ത് കളിക്കാന്‍ ഇത് അര്‍ജന്റൈന്‍ താരങ്ങള്‍ക്ക് അവസരമൊരുക്കി. ഡി മാരിയയും അഗ്യെറോയും സബലേറ്റയും ഇറാനിയന്‍ ഗോള്‍ മുഖത്തേക്ക് കുതിക്കുന്നുണ്ടായിരുന്നു. മധ്യനിരയില്‍ പന്ത് നിയന്ത്രിച്ച് കളിച്ച ഗോഗോയും മികവ് പുലര്‍ത്തി. എന്നാല്‍ ഇതൊന്നും ഗോളിലെത്തിക്കാന്‍ മാത്രം അവര്‍ക്ക് കഴിഞ്ഞില്ല. അവസരങ്ങള്‍ തുലക്കുന്നതില്‍ അഗ്യെറോ മത്സരിക്കുന്ന കാഴ്ചയായിരുന്നു. അഞ്ച്, 13 മിനുട്ടുകളിലെ സുവര്‍ണാവസരങ്ങള്‍ ഉദാഹരണം. ഒടുവില്‍ അഗ്യെറോക്ക് പകരം പലാസിയോയെ കോച്ച് സബെലറ്റ രംഗത്തിറക്കി. ഇത് മുന്നേറ്റത്തില്‍ നേരിയ വ്യത്യാസം വരുത്തിയെന്നൊഴിച്ചാല്‍ ബാക്കിയെല്ലാം പഴയപടി തന്നെ.
കോച്ച് അലസാന്ദ്രൊ സബെല്ലക്ക് പിടിപ്പത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ് മുന്‍ ചാമ്പ്യന്‍മാരുടെ ആദ്യ രണ്ട് മത്സരങ്ങളിലെയും പ്രകടനം.
തങ്ങളുടെ പ്രകടനം മികച്ചതായിരുന്നില്ലെന്ന് ലയണല്‍ മെസി തുറന്നു സമ്മതിക്കുന്നു. മികച്ച കളി പുറത്തെടുത്ത് തിരിച്ചുവരുമെന്നും അതിനുള്ള ആര്‍ജവം ടീമിനുണ്ടെന്നും മെസി അവകാശപ്പെടുന്നു.

---- facebook comment plugin here -----

Latest