Connect with us

Eranakulam

ഗവര്‍ണര്‍മാരുടെ കാര്യത്തില്‍ ഭരണഘടനാ വ്യവസ്ഥകള്‍ പാലിക്കും: കേന്ദ്രമന്ത്രി

Published

|

Last Updated

കൊച്ചി: ഗവര്‍ണര്‍മാരുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ ഭരണഘടനാ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടാകും മുന്നോട്ടു പോകുകയെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേകര്‍. കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍മാരില്‍ നിന്ന് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ഗവര്‍ണര്‍മാര്‍ ഇക്കാര്യത്തില്‍ മനസ്സാക്ഷിക്കനുസൃതമായി തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ആലുവ ഗസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെങ്കിലും രാജിവെക്കുവാന്‍ തയ്യാറായാല്‍ സുപ്രീംകോടതിക്ക് അതിനെ തടയാനാവില്ലെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടിയായി പ്രകാശ് ജാവദേകര്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ ചൈന മികച്ച റോഡുകള്‍ നിര്‍മിച്ചപ്പോള്‍ പരിസ്ഥിതി അനുമതികളുടെ പേരില്‍ നമുക്ക് അതിനായില്ലെന്നും പരിസ്ഥിതി സംബന്ധമായ ചോദ്യങ്ങള്‍ക്കു മറുപടി പറയവെ അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരക്കണക്കിനു ഫയലുകളാണ് വര്‍ഷങ്ങളായി കെട്ടിക്കിടന്നിരുന്നത്. എന്നാലിതിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്താനില്ല. കാര്‍വാറില്‍ നാവികസേനാ ഹബ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ മൂന്ന് വര്‍ഷമാണു കെട്ടിക്കിടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിസ്ഥിതി സംബന്ധിയായ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലായിരിക്കും വരും നാളുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ആധാറിന് നിയമപരമായ ആധാരമില്ലെന്ന് ആധാര്‍ കാര്‍ഡ് സംബന്ധമായ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. ആറന്‍മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും ജാവദേകര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest