മലേഷ്യന്‍ വിമാനം: റോബോട്ടിക് മുങ്ങിക്കപ്പല്‍ തിരച്ചില്‍ അവസാനിപ്പിച്ചു

Posted on: May 30, 2014 1:14 am | Last updated: May 30, 2014 at 1:14 am

സിഡ്‌നി: ലഭ്യമായ ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ച് കാണാതായ മലേഷ്യന്‍ വിമാനം സ്ഥിതി ചെയ്യുന്നയിടം കണ്ടെത്താന്‍ സാധിക്കില്ലെന്ന് ആസ്‌ത്രേലിയന്‍ അധികൃതര്‍. അതേസമയം, അമേരിക്കന്‍ നാവിക സേനയുടെ റോബോട്ടിക് മുങ്ങിക്കപ്പലായ ബ്ലൂഫിന്‍-21 തിരച്ചില്‍ അവസാനിപ്പിച്ചു. ഇതില്‍ ഒന്നും കണ്ടെത്തിയില്ല.
തിരച്ചില്‍ ഡാറ്റ പുനരവലോകനം ചെയ്യുന്നതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക. വിമാനത്തിന്റെ യാത്ര അവസാനിച്ചത് ആസ്‌ത്രേലിയന്‍ നഗരമായ പെര്‍ത്തില്‍ നിന്ന് വടക്കു പടിഞ്ഞാറ് മാറി ഇന്ത്യന്‍ മഹാസമുദ്രത്തിലാണെന്ന നിഗമനത്തില്‍ ഉപഗ്രഹ ഡാറ്റ ഉപയോഗിച്ച് അധികൃതര്‍ എത്തിയിട്ടുണ്ട്. എന്നാല്‍, ഒന്നും കണ്ടെത്താത്തതിനാല്‍ അപ്രത്യക്ഷമായതിനെ സംബന്ധിച്ച് ഒരു വിശദീകരണവും നല്‍കാനാകില്ല.
തിരച്ചിലിനിടെ ലഭിച്ച നാല് തരംഗങ്ങള്‍ വിമാനത്തിന്റെ ബ്ലാക് ബോക്‌സില്‍ നിന്നാണെന്ന ധാരണയിലായിരുന്നു സാങ്കേതിക വിദഗ്ധര്‍. തരംഗത്തിന്റെ ഉറവിടം കണ്ടെത്താനാണ് ബ്ലൂഫിന്‍-21 ഉപയോഗിച്ചത്. സമുദ്ര നിരപ്പില്‍ ഏകദേശം 850 ചതുരശ്ര കിലോമീറ്റര്‍ ബ്ലൂഫിന്‍ തിരച്ചില്‍ നടത്തിയിട്ടുണ്ട്.
തിരച്ചിലിന് വേണ്ടി ഉപയോഗിച്ച ഉപഗ്രഹ ഡാറ്റ മലേഷ്യന്‍ സര്‍ക്കാര്‍ രണ്ട് ദിവസം മുമ്പ് പുറത്തുവിട്ടിരുന്നു. അന്വേഷണത്തിലെ സുതാര്യത ആവശ്യപ്പെട്ട യാത്രക്കാരുടെ ബന്ധുക്കള്‍ക്കാണ് ആദ്യം ഇതിന്റെ കോപ്പി കൈമാറിയത്. ബ്രിട്ടീഷ് കമ്പനി ഇന്‍മാര്‍സാറ്റില്‍ നിന്നുള്ള 47 പേജ് വരുന്ന ഡാറ്റയാണ് പുറത്തുവിട്ടത്. വിമാനത്തില്‍ നിന്ന് നടത്തിയ ആശയവിനിമയവും പുറത്തുവിട്ടിട്ടുണ്ട്. ഇന്‍മാര്‍സാറ്റും വ്യോമയാന വകുപ്പും സംയുക്തമായാണ് ആശയവിനിമയ വിവരവും സാങ്കേതിക പ്രയോഗങ്ങളുടെ വിശദീകരണവും തയ്യാറാക്കിയത്. മാര്‍ച്ച് രണ്ടിനാണ് 239 പേരുമായി ക്വലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പുറപ്പെട്ട വിമാനം കാണാതായത്.