Connect with us

Malappuram

ബാല പാര്‍ലിമെന്റില്‍ ‘പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും’ കൊമ്പുകോര്‍ത്തു

Published

|

Last Updated

മലപ്പുറം: “ചൂടേറിയ ചര്‍ച്ചകളും ആരോപണ പ്രത്യാരോപണങ്ങളുമായി മലപ്പുറം നഗരസഭാകൗണ്‍സില്‍ ഹാള്‍ ഇന്നലെ കുട്ടി മെമ്പര്‍മാര്‍ കൈയടക്കി.
വിദ്യാഭ്യാസ പ്രശ്‌നം മുതല്‍ കുടിവെള്ള ദൗര്‍ലഭ്യം വരെ കുട്ടിപാര്‍ലിമെന്റ് ചര്‍ച്ച ചെയ്തു. പല സ്‌കൂളുകളിലും കുടിവെള്ള പ്രശ്‌നം രൂക്ഷമാണെന്ന പ്രതിപക്ഷ നേതാവ് ഉവൈസ് പെരുമ്പറമ്പിന്റെ ആരോപണത്തിന് ശക്തമായ തിരിച്ചടിയാണ് മുഖ്യമന്ത്രിയായ ജസീല്‍ പറമ്പില്‍ നല്‍കിയത്. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ കുപ്രചാരണങ്ങള്‍ മാത്രമാണെന്നും കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ചെയ്ത പദ്ധതികള്‍ക്ക് കണക്കില്ലെന്നും പ്രതിപക്ഷം കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നുമായിരുന്നു കുട്ടി മുഖ്യമന്ത്രിയുടെ മറുപടി.
ഇതോടെ പ്രതിപക്ഷനേതാവ് സീറ്റിലിരുന്നു. മലപ്പുറം നഗരസഭ സി ഡി എസ് രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ ബാല പാര്‍ലമെന്റിലാണ് ചൂടേറിയ വാഗ്വാദങ്ങള്‍ അരങ്ങേറിയത്. മൂന്നു മണിക്ക് ആരംഭിച്ച പാര്‍ലമെന്റ് ചോദ്യങ്ങളും ഉത്തരങ്ങളുമായി വൈകീട്ട് അഞ്ചു മണിവരെ നീണ്ടു നിന്നു. വിദ്യാഭ്യാസം, ആരോഗ്യം, കലാ-സാംസ്‌കാരികം തുടങ്ങിയ വിദ്യാര്‍ഥികള്‍ അവകാശങ്ങള്‍ എത്രത്തോളം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന പരിശോധനയാണ് വിദ്യാര്‍ഥികള്‍ ബാലപാര്‍ലെമെന്റിലൂടെ നടത്തിയത്.
നിയമസഭയുടെ ഔദ്യോഗിക നടപടികളോടെയാണ് ബാല പാര്‍ലമെന്റ് തുടങ്ങിയത്. അഞ്ചു വയസു മുതല്‍ 18 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളായിരുന്നു പാര്‍ലമെന്റ് അംഗങ്ങള്‍. ബാല പാര്‍ലമെന്റിലെ പങ്കാളിത്വവും പ്രവര്‍ത്തനവും ജില്ലയില്‍ മികച്ചതാണെന്ന് ബാല പാര്‍ലമെന്റില്‍ വിലയിരുത്തി. വിവിധ സ്‌കൂളിലെ വിദ്യാര്‍ഥികള്‍, മലപ്പുറം എസ് ഐ മനോജ് പറയറ്റ, അധ്യാപകര്‍, പ്രധാന അധ്യാപകര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പാര്‍ലമെന്റ് അരങ്ങേറിയത്. വിസ്മയയായിരുന്നു ഗവര്‍ണര്‍ സ്ഥാനത്തിരുന്നത്. ലുബ്‌ന ഫാരിസ് സ്പീക്കര്‍ സ്ഥാനവും അലങ്കരിച്ചു. വിദ്യാഭ്യാസ മന്ത്രിയായി ശബരീഷ്, ആരോഗ്യമന്ത്രിയായി ഉമൈദ, കലാ-സാംസ്‌കാരിക മന്ത്രിയായി ഹുസ്‌ന ഷെറിന്‍, പരിസ്ഥിതി മന്ത്രിയായി ആദില ഷെറിന്‍ തുടങ്ങിയവര്‍ വിവിധ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ശരത് സത്യപ്രതിജ്ഞ ചൊല്ലി. നവ്യ, നിഖില, അഭിന്‍ദാസ്, ആതിര പ്രസംഗിച്ചു.

Latest