സി പി എമ്മിനെ ലക്ഷ്യം വെച്ച് ആര്‍ എം പി കച്ച മുറുക്കുന്നു

Posted on: March 16, 2014 6:00 am | Last updated: March 16, 2014 at 2:33 pm
SHARE

-കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനെ മാത്രം ലക്ഷ്യം വെച്ച് ആര്‍ എം പി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുങ്ങുന്നു. ആര്‍ എം പി ഇന്നലെ കോഴിക്കോട്ട് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടിക അവരുടെ നയം വ്യക്തമാക്കുന്നതാണ്. സി പി എം ശക്തി കേന്ദ്രങ്ങളില്‍ മാത്രമാണ് ആര്‍ എം പി മത്സരിക്കുന്നത്.
ആര്‍ എം പിയുടെ പ്രമുഖര്‍ തന്നെ ഇവിടങ്ങളില്‍ മത്സരിക്കുന്നു. യു ഡി എഫിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളില്ല. ഇവിടങ്ങളില്‍ ഇടത് ഏകോപന സമിതിയെ പിന്തുണക്കുമെന്നാണ് പറയുന്നത്. നിര്‍ണായക തിരഞ്ഞെടുപ്പില്‍ ഏത് സ്ഥാനാര്‍ഥികള്‍ ജയിച്ചാലും സി പി എമ്മിന്റെ പരാജയം ഉറപ്പിക്കുക എന്ന ഏക ലക്ഷ്യമാണ് ആര്‍ എം പിക്കുള്ളതെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാകും.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ജയിച്ച കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ എന്നിവക്ക് പുറമെ വടകര, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലാണ് ആര്‍ എം പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പാലക്കാട്ടും പൊന്നാനിയിലും ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
ഇതില്‍ വടകര, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ ഇത്തവണ യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളാണ്. ഇവിടെ എല്‍ ഡി എഫിന്റെ തോല്‍വി ഉറപ്പിക്കാന്‍ പരമാവധി ശ്രമിക്കുകയാണ് ആര്‍ എം പിയുടെ ലക്ഷ്യമെന്ന് ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചു. കെ കെ രമ, കെ വേണു, കെ എസ് ഹരിഹരന്‍ തുടങ്ങിയ നേതാക്കള്‍ സംസ്ഥാനത്തൊട്ടാകെ പ്രചാരണത്തിനിറങ്ങുമെന്ന് പറയുന്നുണ്ടെങ്കിലും വടകര, കോഴിക്കോട്, കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രചാരണം മുന്നോട്ടുകൊണ്ടുപോകാനാണ് പാര്‍ട്ടി തീരുമാനം. പാര്‍ട്ടി ശക്തികേന്ദ്രമായ വടകര തന്നെയാണ് ഇതില്‍ പ്രധാനം. ടി പി ചന്ദ്രശേഖരന്‍ വധം മാത്രമാണ് പ്രചാരണ വിഷയം. ടി പി ചന്ദ്രശേഖരന്‍ ഇല്ലെങ്കിലും വടകരയില്‍ പാര്‍ട്ടിക്ക് ഒരു പോറലും ഏറ്റില്ലെന്ന് ബോധിപ്പിക്കുന്ന തിരഞ്ഞെടുപ്പ് ഫലം വടകരയില്‍ ഇവര്‍ ലക്ഷ്യം വെക്കുന്നു.
വടകരയില്‍ ഏറെ വ്യക്തിബന്ധമുള്ള അഡ്വ. കുമാരന്‍കുട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ പാര്‍ട്ടി വോട്ടുകള്‍ ഉറപ്പിക്കാനും നിഷ്പക്ഷ വോട്ടുകള്‍ നേടിയെടുക്കാനും കഴിയുമെന്ന് ആര്‍ എം പി കരുതുന്നു. കഴിഞ്ഞ തവണ വടകരയില്‍ മത്സരിച്ച ടി പി ചന്ദ്രശേഖരന് 21832 വോട്ടാണ് ലഭിച്ചിരുന്നത്.
ഇത്തവണ 40,000 വോട്ടാണ് ആര്‍ എം പിയുടെ ലക്ഷ്യം. വടകര നിയമസഭാ മണ്ഡലത്തില്‍ പരമാവധി വോട്ട് ഉറപ്പിച്ച് പാര്‍ലിമെന്റ് മണ്ഡലത്തിലെ മറ്റു നിയമസഭാ മണ്ഡലങ്ങളില്‍ മുല്ലപ്പള്ളിക്ക് അനുകൂലമായി വോട്ട് മറിക്കാനുള്ള രഹസ്യ നീക്കവുമുള്ളതായാണ് റിപ്പോര്‍ട്ട്.
ടി പി ചന്ദ്രശേഖരന്‍ ഇല്ലാത്ത വൈകാരിക അവസ്ഥ പരമാവധി മുതലാക്കി ശക്തമായ പ്രചാരണം നടത്തുകയും 2009 ലേത് പോലെ യു ഡി എഫ് ഒറ്റക്കെട്ടായി പ്രചാരണ രംഗത്ത് ഉറച്ചു നില്‍ക്കുകയും ചെയ്താല്‍ ചുരുങ്ങിയ വോട്ടിനെങ്കിലും സി പി എമ്മിന്റെ പരാജയം ഉറപ്പിക്കാന്‍ കഴിയുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു.ആര്‍ എം പി മത്സരിക്കുന്ന മറ്റു മണ്ഡലങ്ങളില്‍ സി പി എമ്മുമായി ഇടഞ്ഞ് നില്‍ക്കുന്ന ഇടത് അനുഭാവികളുടെ വോട്ട് പരമാവധി നേടിയെടുക്കാനാണ് ശ്രമം.
സി പി എമ്മും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാട്ടം നടത്തുന്ന കോഴിക്കോടും, കണ്ണൂരും ഓരോ വോട്ടും നിര്‍ണായകമാകുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.