മാധ്യമങ്ങളിലെ പ്രചാരണ പരസ്യങ്ങള്‍ക്ക് അനുമതി വേണം

Posted on: March 14, 2014 8:10 am | Last updated: March 14, 2014 at 8:10 am
SHARE

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്ര മാധ്യമങ്ങളിലൂടെയും ഇലക്‌ട്രോണിക് മീഡിയ വഴിയും ലോക്കല്‍ കേബില്‍ നെറ്റ്‌വര്‍ക്ക് വഴിയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പ്രചാരണ പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍കൂടിയായ ജില്ലാ കലക്ടര്‍ സി എലത പറഞ്ഞു.
കലക്ടറുടെ അധ്യക്ഷതയില്‍ കമ്മിറ്റിയുടെ ആദ്യ യോഗം ചേര്‍ന്ന് വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. മാധ്യമങ്ങളിലൂടെയുളള തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങളടങ്ങുന്ന രേഖയുടെ ഹാര്‍ഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സൂക്ഷ്മ പരിശോധനക്കായി കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കണം. കമ്മിറ്റിയുടെ അനുമതിയോടുകൂടി മാത്രമേ ഇത് പ്രസിദ്ധീകരണത്തിന് നല്‍കാന്‍ പാടുളളൂ. ഇതിന്റെ ചിലവ് സംബന്ധിച്ച രേഖകളും ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കേണ്ടതുണ്ട്. ഇലക്ഷന്‍ കമ്മീഷന്റേയും സുപ്രീം കോടതിയുടേയും ഉത്തരവുകളനുസരിച്ച് വിപുലമായ അധികാരങ്ങളും ചുമതലകളുമാണ് സംസ്ഥാന ജില്ലാ തലങ്ങളിലുളള നിരീക്ഷണ സമിതികള്‍ക്കുളളത്.
ജില്ലാ കലക്ടര്‍ സി എ ലത, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി വിനോദ്, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍, അസി ഡെവലപ്‌മെന്റ് കമ്മീഷണര്‍ കെ പി ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി (മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് സമിതിയിലുളളത്.
പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് എം സി എം സിക്ക് രൂപം നല്‍കിയിട്ടുളളത്. പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പ് വേളയിലാണ് ഇലക്ഷന്‍ കമ്മീഷന്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇക്കുറി എല്ലാ പഴുതുകളുമടച്ച് വിശദവും സൂക്ഷ്മവുമായ നിരീക്ഷണത്തിനാണ് കമ്മീഷന്‍ സജ്ജീകരണങ്ങളൊരുക്കുന്നത്. വാര്‍ത്തകളെന്ന് തോന്നുന്ന വിധത്തില്‍ പരസ്യങ്ങളും അഡ്വര്‍ട്ടോറിയലുകളും മറ്റും നല്‍കുന്നത് പെയ്ഡ് ന്യൂസിന്റെ പരിധിയില്‍ വരും. പെയ്ഡ് ന്യൂസ് നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ലോക്കല്‍ കേബില്‍ നെറ്റ് വര്‍ക്കുകളുള്‍പ്പെടെ നിരന്തര നിരീക്ഷണത്തിന് വിധേയമാകും. സുപ്രീം കോടതിയുടേയും ഇലക്ഷന്‍ കമ്മീഷന്റേയും ഉത്തരവുകളനുസരിച്ച് പെയ്ഡ് ന്യൂസ് കണ്ടെത്തിയാല്‍ അത് നല്‍കുന്നവര്‍ മാത്രമല്ല, പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനത്തിലെ ചുമതലപ്പെട്ടവരും നിയമ നടപടികളുടെ പരിധിയില്‍പ്പെടും.
സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താന്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് മാധ്യമങ്ങളാണെന്നും മാധ്യമ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടേയും നിര്‍ലോപ സഹകരണം ഇതിനുണ്ടാകണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. സോഷ്യല്‍ മീഡിയയും എസ് എം എസ് ഉള്‍പ്പെടെയുളള പ്രചാരണോപാധികളും തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രതേ്യകം നിരീക്ഷിക്കപ്പെടും.
പെയ്ഡ് ന്യൂസ് വിഷയത്തില്‍ ജില്ലയില്‍ സംപ്രേഷണം ചെയ്യപ്പെടുന്ന മൊത്തം ന്യൂസ് ചാനലുകളും ലോക്കല്‍ കേബിള്‍ ശൃംഖലയും നിരന്തരം നിരീക്ഷിക്കുന്ന സംവിധാനം എം സി എം സിയുടെ ഭാഗമായി കലക്ടറേറ്റില്‍ സജ്ജമാക്കുന്നുണ്ട്. അച്ചടി മാധ്യമങ്ങളിലെ വാര്‍ത്തകളും പരസ്യങ്ങളും ഇതോടൊപ്പം നിരീക്ഷിക്കപ്പെടും. ഇതിനാവശ്യമുളള ഉദേ്യാഗസ്ഥരെ നിയോഗിക്കാന്‍ അനുമതി നല്‍കിയതായി കലക്ടര്‍ അറിയിച്ചു. കമ്പ്യൂട്ടറുകളും ടെലിവിഷനുകളും റെക്കോഡിംഗ് സംവിധാനവും പ്രസ്സ് ക്ലിപ്പിംഗ് ശേഖരണവുമുള്‍പ്പെടെ വിപുലമായ സൗകര്യങ്ങള്‍ സെല്ലിലുണ്ടാകുമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി വി ഗംഗാധരന്‍ പറഞ്ഞു.