Connect with us

Articles

ഉയ്ഗൂര്‍ മുസ്‌ലിംകള്‍ ആരെ വിശ്വസിക്കും?

Published

|

Last Updated

മാര്‍ച്ച് ഒന്ന്. രാത്രി ഒന്‍പത് മണി. ചൈനയിലെ വടക്ക്പടിഞ്ഞാറന്‍ നഗരമായ കുന്‍മിംഗിലെ തിരക്കേറിയ റെയില്‍വേ സ്‌റ്റേഷന്‍. കറുപ്പ് വസ്ത്രമണിഞ്ഞ ഒരു സംഘം യുവാക്കള്‍ ഊരിപ്പിടിച്ച കത്തിയുമായി യാത്രക്കാര്‍ക്കിടയിലേക്ക് ഇരച്ചെത്തുന്നു. തലങ്ങും വിലങ്ങും ആക്രമണം. വയറ്റിലും നെഞ്ചിലും കത്തി കുത്തിയിറക്കി. ചോരപ്പുഴ. അപ്രതീക്ഷിത ആക്രമണം പ്രതിരോധിക്കാനാകാതെ ജനം ചിതറിയോടി. പോലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അവര്‍ അലക്ഷ്യമായി വെടിയുതിര്‍ത്തു. കത്തിക്കുത്തേറ്റും പോലീസിന്റെ വെടിയേറ്റും 29 പേര്‍ മരിച്ചു വീണു. മിനിട്ടുകള്‍ കൊണ്ട് കൃത്യം പൂര്‍ത്തിയാക്കി അക്രമി സംഘം കടന്നു കളഞ്ഞു. മൂന്ന് അക്രമികളെ പിടികൂടിയെന്ന് പോലീസ് പറയുന്നു. ഇവരില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ വല്ലതും ലഭിച്ചോ? ഇവര്‍ യഥാര്‍ഥ പ്രതികള്‍ തന്നെയോ? ഒന്നും പുറത്ത് വന്നിട്ടില്ല. ചൈനയാകുമ്പോള്‍ അങ്ങനെയാണ്. ചില കാര്യങ്ങളേ പുറത്ത് വരൂ.
വരും കാലത്തെ ലോക നായക സ്ഥാനം ആര്‍ക്കെന്ന ചോദ്യത്തിന് അന്താരാഷ്ട്ര വിദഗ്ധരില്‍ നല്ലൊരു ശതമാനവും പറയുന്ന ഉത്തരം ചൈനയെന്നാണ്. പക്ഷേ, കമ്യൂണിസ്റ്റ് ചൈന അസ്തമിച്ചിരിക്കുന്നു. മുതലാളിത്തത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് വേഗമേറിയ വളര്‍ച്ച കൈവരിക്കാന്‍ വെമ്പുന്ന ചൈനയാണ് ഉദിച്ചു നില്‍ക്കുന്നത്. മുതലാളിത്തത്തിന്റെ കൂടപ്പിറപ്പായ ആന്തരിക അതൃപ്തികളിലേക്ക് ചൈന അതിവേഗം സഞ്ചരിക്കുന്നുവെന്നതാണ് ഈ വ്യതിയാനങ്ങളുടെ ആത്യന്തികമായ ഫലം. ഏകകക്ഷി ഭരണവ്യവസ്ഥയുടെ കാര്‍ക്കശ്യങ്ങള്‍ക്കൊപ്പം മുതലാളിത്ത മൂല്യങ്ങളിലേക്കുള്ള ചുവട്മാറ്റം കൂടിയാകുമ്പോള്‍ ആഭ്യന്തര വൈരുധ്യങ്ങള്‍ വല്ലാതെ മൂര്‍ച്ഛിക്കുകയാണ് ചെയ്യുക. ഈയിടെ ചൈനയില്‍ നടന്ന തീവ്രവാദി ആക്രമണങ്ങളെ ഈ പശ്ചാത്തലത്തില്‍ വിലയിരുത്തേണ്ടതുണ്ട്.
ടിയാനമെന്‍ ചത്വരത്തിനടുത്ത് നടന്ന കാര്‍ ബോംബ് സ്‌ഫോടനവും കുന്‍മിംഗില്‍ നടന്ന കത്തിയാക്രമണവും ചൈനയുടെ വര്‍ത്തമാന കാല പ്രതിസന്ധികളെയാണ് അടയാളപ്പെടുത്തുന്നത്. സുരക്ഷാ സംവിധാനങ്ങളുടെ പരിമിതികളും അവ വെളിപ്പെടുത്തുന്നു. അത്യന്തം ക്രൂരമായ ആക്രമണമാണ് കുന്‍മിംഗില്‍ നടന്നത് എന്നതില്‍ സംശയമില്ല. നിരപരാധികളെ തികച്ചും അപ്രതീക്ഷിതമായി കൊന്നുതള്ളുന്നതിന്റെ ഭീകരമായ മാതൃകയാണ് ചൈനീസ് റെയില്‍വേ സ്റ്റേഷനില്‍ കണ്ടത്. സംഭവത്തിനു പിന്നില്‍ സിന്‍ജിയാംഗില്‍ നിന്നുള്ള തീവ്രവാദ ഗ്രൂപ്പുകളാണെന്ന് തുടക്കത്തിലേ സര്‍ക്കാര്‍ മാധ്യമങ്ങളും പോലീസ് ഏജന്‍സികളും പ്രഖ്യാപിച്ചിരുന്നു. പതിവു പോലെ, സംഭവസ്ഥലത്ത് നിന്ന് ലഭിച്ച കടലാസുകളും മറ്റും ഉയര്‍ത്തിക്കാണിച്ചാണ് അധികൃതര്‍ ഈ പ്രഖ്യാപനം നടത്തുന്നത്. ശരിയായിരിക്കാം. കുറേക്കാലം കഴിഞ്ഞ് ഈ നിഗമനം തെറ്റാണെന്ന് തെളിയുകയുമാകാം. ഈ ആക്രമണം ചൈനയെ ഞെട്ടിച്ചിരിക്കുന്നുവെന്നതാണ് സത്യം. സുശക്തമായ കേന്ദ്രീകൃത സംവിധാനങ്ങളുള്ള ചൈനീസ് റിപ്പബ്ലിക്കിന് സിന്‍ജിയാംഗ് പ്രവിശ്യ കീഴടക്കാനാകാത്ത പ്രശ്‌ന മലയാണെന്ന സത്യം കൂടി ഈ പ്രഖ്യാപനത്തില്‍ അടങ്ങിയിട്ടുണ്ട്.

സിന്‍ജിയാംഗിലെ
സത്യങ്ങള്‍
16 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന തെക്കുകിഴക്കന്‍ പ്രവിശ്യയാണ് സിന്‍ജിയാംഗ്. സിന്‍ജിയാംഗ് ഉയ്ഗൂര്‍ സ്വയംഭരണ മേഖലയെന്നാണ് ഔദ്യോഗിക നാമം. ഇവിടുത്തെ ജനങ്ങള്‍ മൊത്തം ജനസംഖ്യയുടെ ആറില്‍ ഒന്ന് വരും. ടിബറ്റ്, ഇന്ത്യയിലെ ലേ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയവയാണ് ഈ മേഖലയുടെ അതിര്‍ത്തി. തന്ത്രപരമായ സ്ഥാനം. “പുതിയ അതിര്‍ത്തി”യെന്ന് അര്‍ഥം വരുന്ന സിന്‍ജിയാംഗ് എന്ന പേര് മേഖലക്ക് നല്‍കിയത് മന്‍ചു രാജവംശത്തിലെ രാജാവാണ്. തുര്‍ക്കി വംശജരായ മുസ്‌ലിംകളാണ് ഇവിടുത്തെ പരമ്പരാഗത നിവാസികള്‍. സുന്നി, സൂഫി പാരമ്പര്യമുള്ള ഇവര്‍ സവിശേഷമായ സാംസ്‌കാരിക പാരമ്പര്യം പേറുന്നവരാണ്. പുരാതനമായ നാഗരികതയുടെ അടയാളങ്ങള്‍ ഇന്നും ശേഷിക്കുന്ന ഈ ജനപഥത്തിന് പ്രത്യേക രാഷ്ട്രമാകാനുള്ള എല്ലാ സവിശേഷതകളുമുണ്ട്. ചരിത്രപരമായ പിന്‍ബലമുണ്ടായിട്ടും ആധുനിക രാഷ്ട്ര സംസ്ഥാപനം നടക്കാതെ പോയി. അതുകൊണ്ട് സോവിയറ്റ് യൂനിയന്റെയും ചൈനയുടെയും അധിനിവേശങ്ങള്‍ക്ക് കീഴ്‌പ്പെടേണ്ടി വന്നു. 1949ലാണ് സിന്‍ജിയാംഗ് ഔപചാരികമായി ചൈനയോട് ചേര്‍ക്കപ്പെടുന്നത്. സ്വയംഭരണ പദവി നല്‍കിയെന്നായിരുന്നു അന്നത്തെ അവകാശവാദം. പക്ഷേ, സ്വയംഭരണാവകാശം ഏട്ടിലെ പശുവായിരുന്നു.
തങ്ങളുടെ മതപരവും സാംസ്‌കാരികവും ഭാഷാപരവുമായ സ്വത്വം പ്രഖ്യാപിക്കാനായി ഉയ്ഗൂര്‍ മുസ്‌ലിംകള്‍ നടത്തിയ സംഘംചേരലുകളെ വിഘടനവാദപരമെന്ന് മുദ്രകുത്തുകയാണ് ചൈനീസ് ഭരണകൂടം ചെയ്തത്. അവരെ ഉള്‍ക്കൊള്ളുന്നതിന് പകരം സംശയത്തിന്റെ ഇരുട്ടിലേക്ക് തള്ളിവിടുകയാണുണ്ടായത്. ഈ പശ്ചാത്തലത്തില്‍, തികച്ചും സമാധാനപ്രിയരായ ഉയ്ഗൂറുകള്‍ക്കിടയില്‍ തീവ്രവാദ പ്രവണതകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. പാക്കിസ്ഥാന്‍ ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ള പാക് ഗ്രൂപ്പുകള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചു. ഭരണകൂടം കൂടുതല്‍ സംശയത്തോടെ, കൂടുതല്‍ ശത്രുതാപരമായി നീങ്ങുന്നതിന് ഇത് കാരണമായി. ആശങ്കകള്‍ പരിഹരിക്കുന്നതിന് പകരം കൂടുതല്‍ ഒറ്റപ്പെടുത്തുന്ന സമീപനമാണ് ഭരണകൂടം കൈക്കൊണ്ടത്. പുറത്തു നിന്ന് പ്രചോദിപ്പിച്ച ഒരു ശക്തിയും ഒരു പരിധിക്കപ്പുറം സഹായിക്കാന്‍ തയ്യാറായില്ല. ബലൂചിസ്ഥാനിലെ വിഘടന സ്വപ്‌നങ്ങളെ പിന്തുണക്കുന്ന ഇന്ത്യ ഉയ്ഗൂറുകാരോട് ആ സമീപനം സ്വീകരിച്ചില്ല എന്നത് തന്നെ ഉദാഹരണം. മറുപുറത്ത് ചൈനയാണെന്നത് തന്നെയാണ് കാരണം.

സര്‍ക്കാര്‍ വിലാസം
അധിനിവേശം
ഉയ്ഗൂര്‍ മുസ്‌ലിംകളുടെ ദേശക്കൂറില്‍ സംശയം പ്രഖ്യാപിച്ച ചൈനീസ് ഭരണകൂടം 1950കളില്‍ ഉയ്ഗൂറിന്റെ സമഗ്ര വികസനത്തിനെന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചു. അതിന്റെ പ്രഖ്യാപിത മുഖം എന്തുതന്നെയായാലും കലര്‍പ്പില്ലാത്ത ചൈനീസ് വംശജരായ ഹാന്‍ വിഭാഗത്തെ അവിടേക്ക് കടത്തി വിട്ടുവെന്നതായിരുന്നു പദ്ധതിയുടെ ആത്യന്തിക ഫലം. കൃത്യമായ ആഭ്യന്തര അധിനിവേശം. ഉയ്ഗൂറുകളെ സ്വന്തം മണ്ണില്‍ അന്യരാക്കാനുള്ള തന്ത്രം. സിന്‍ജിയാംഗിലെ ഫലഭൂയിഷ്ടമായ മണ്ണില്‍ ഹാന്‍ വംശജര്‍ കൃഷിയിറക്കി. മുന്‍ സൈനികരെയും അവരുടെ കുടുംബങ്ങളെയും സര്‍ക്കാര്‍ ശമ്പളം നല്‍കി സിന്‍ജിയാംഗില്‍ കുടിയിരുത്തുകയായിരുന്നു. പ്രവിശ്യയുടെ സാമൂഹിക പശ്ചാത്തലത്തില്‍ ഹാന്‍ വംശജര്‍ കടന്നുകയറി. സര്‍ക്കാര്‍ സംരക്ഷണത്തിന്റെ ഹുങ്കില്‍ അവര്‍ ഉയ്ഗൂറുകളെ ആക്രമിച്ചു. അവരെ സ്വാഭാവിക തൊഴില്‍ മേഖലകളില്‍ നിന്ന് പിഴുതെറിഞ്ഞു. സ്വന്തം വീട്ടില്‍ അന്യരാകുന്ന ദുരവസ്ഥയിലായി ഉയ്ഗൂറുകള്‍. ഏറ്റമുട്ടല്‍ നിത്യസംഭവമായി. ചിലര്‍ നഗരങ്ങളിലേക്ക് പലായനം ചെയ്തു. നഗരങ്ങളില്‍ അവര്‍ മൂന്നാം കിടക്കാരായി. പീഡനവും ഒറ്റപ്പെടുത്തലും സഹിക്കവയ്യാതെ വരുമ്പോള്‍ നടത്തുന്ന പ്രതികരണങ്ങള്‍ ഭീകരവാദമായി വ്യാഖ്യാനിക്കപ്പെട്ടു. കൂടുതല്‍ ശിക്ഷാ നടപടികള്‍, കൂടുതല്‍ അന്യവത്കരണം. സിന്‍ജിയാംഗിലെ ഏറ്റുമുട്ടലുകളില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന ക്രൂരമായ സമീപനങ്ങളെ ആംനസ്റ്റി അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഹാന്‍ കുടിയേറ്റം കൊണ്ട്, സര്‍ക്കാര്‍ വിഭാവനം ചെയ്ത പോലെ പ്രവിശ്യയുടെ സാമ്പത്തിക നില മെച്ചപ്പെട്ടു. ഒപ്പം ഹാന്‍- ഉയ്ഗൂര്‍ അന്തരവും. ഹാന്‍ വംശജര്‍ കൂടുതല്‍ സമ്പന്നരായി. ഉയ്ഗൂറുകള്‍ കൂടുതല്‍ ദരിദ്രരും. 1950കളില്‍ ആറ് ശതമാനം മാത്രമായിരുന്ന ഹാന്‍ വംശജര്‍ ഇന്ന് 45 ശതമാനമാണ്.

കശ്ഗാറിലെ
ബുള്‍ഡോസറുകള്‍
ഉയ്ഗൂര്‍ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ തുടച്ചുനീക്കാനുള്ള വ്യഗ്രതയിലാണ് ചൈനീസ് സര്‍ക്കാര്‍. കശ്ഗാറിലെ പുരാതന നഗരത്തില്‍ 65,000 വീടുകളാണ് ഇടിച്ചു നിരത്തുന്നത്. 2, 20,000 ഉയ്ഗൂറുകള്‍ വഴിയാധാരമാകും. ഉഗ്രന്‍ വീടുകള്‍ വേറെ പണിതു തരുമെന്നാണ് സര്‍ക്കാറിന്റെ വാഗ്ദാനം. മതപരവും സാസ്‌കാരികവുമായ ചിഹ്‌നങ്ങളും ഏറെ ആദരിക്കുന്ന മഖ്ബറകളടക്കമുള്ള സ്മാരകങ്ങളും തകര്‍ത്തെറിഞ്ഞ് തങ്ങള്‍ക്ക് “പുതിയ സ്വര്‍ഗം” വേണ്ടെന്ന് അവര്‍ കേഴുന്നു. പൊളിച്ചുമാറ്റലിനെത്തിയ ഉദ്യോഗസ്ഥ സംഘവുമായി പലയിടത്തും തദ്ദേശീയര്‍ ഏറ്റമുട്ടി. പട്ടാളത്തെ ഇറക്കി പ്രതിഷേധക്കാരെ ആട്ടിയോടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പൊളിച്ചു മാറ്റല്‍ തകൃതിയായി നടക്കുന്നു. എല്ലാ ഫാസിസ്റ്റുകളെയും പോലെ ചൈനീസ് ഭരണകൂടവും ചരിത്രത്തെ ഭയക്കുകയാണ്.
മതപരമായ സ്വാതന്ത്ര്യത്തിന് മേല്‍ കടിഞ്ഞാണിടുന്ന സ്റ്റേറ്റ് ഇടപെടല്‍ കാണണമെങ്കില്‍ സിന്‍ജിയാംഗില്‍ ചെല്ലണം. പള്ളികള്‍ പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാര്‍ സര്‍ക്കുലര്‍ പ്രകാരമാണ്. കഴിഞ്ഞ റമസാനില്‍ ഇറങ്ങിയ സര്‍ക്കുലര്‍ വിചിത്രമായിരുന്നു. ഉച്ചവരെ മാത്രമേ നോമ്പെടുക്കാന്‍ പാടുള്ളുവത്രേ. ആരോഗ്യം ശ്രദ്ധിക്കണമെന്ന് “ബോധവത്കര”ണവും. ഈ അതിക്രമങ്ങളെ ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കാന്‍ വിദ്യാസമ്പന്നരായ ഉയ്ഗൂര്‍ യുവാക്കള്‍ ശ്രമിക്കുമ്പോള്‍ പിന്തുണയുമായി ഒരു സംഘടനയും വരുന്നില്ലെന്ന് മാത്രമല്ല പാക് ജമാഅത്തെ ഇസ്‌ലാമി പോലുള്ളവര്‍ ഔദ്യോഗിക പക്ഷത്ത് നില്‍ക്കുകയുമാണ്.
പാക് ജമാഅത്തെ ഇസ്‌ലാമി 2009 മാര്‍ച്ചില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുണ്ടാക്കിയ കരാര്‍ ഇന്നും നിലനില്‍ക്കുകയാണ്. ഉയ്ഗൂറുകളെ “രാഷ്ട്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന മര്യാദക്കാരാക്കാന്‍” ജമാഅത്ത് ഇടപെടണമെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിച്ച ജമാഅത്തെ ഇസ്‌ലാമി, കമ്യൂണിസ്റ്റുകളുമായി ഇന്നും പുറത്തുവരാത്ത വ്യവസ്ഥകളടങ്ങിയ വിചിത്രമായ കരാറില്‍ ഒപ്പ് വെക്കുകയായിരുന്നു. ജമാഅത്ത് തന്നെ അത് ചെയ്യണം. ഉയ്ഗൂറുകളില്‍ ചിലരെയെങ്കിലും സായുധ പ്രതിരോധത്തിലേക്ക് വലിച്ചിഴച്ചത് ജമാഅത്താണല്ലോ.
കുന്‍മിംഗിലെ കത്തിയാക്രമണത്തിന്റെ ഉത്തരവാദിത്വം ഉയ്ഗൂര്‍ മുസ്‌ലിംകളില്‍ ആരോപിക്കുന്നവര്‍ സിന്‍ജിയാംഗിലെ മനുഷ്യര്‍ അനുഭവിക്കുന്ന അന്യവത്കരണത്തിലേക്കും ഒറ്റപ്പെടലിലേക്കും ഒരിക്കലെങ്കിലും കണ്ണുപായിക്കേണ്ടതുണ്ട്. ആ മനുഷ്യരെ ചേര്‍ത്തു നിര്‍ത്താന്‍ ഭരണകൂടം എന്ത് ചെയ്യുന്നുവെന്ന് ചോദിക്കേണ്ടതുണ്ട്. സാംസ്‌കാരിക ഉന്‍മൂലനത്തിന്റെ സിന്‍ജിയാംഗ് മാതൃകയെ അപലപിക്കുകയും ചെറുത്തുതോല്‍പ്പിക്കുകയുമാണ് തീവ്രവാദ പ്രവണതകള്‍ക്കുള്ള യഥാര്‍ഥ പരിഹാരം.

musthafalokam@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest