ധന്വന്തരി ട്രസ്റ്റ്: എം എല്‍ എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അംഗങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശം

Posted on: March 4, 2014 11:27 am | Last updated: March 4, 2014 at 11:27 am
SHARE

വടകര: ജില്ലാ ആശുപത്രിയില്‍ വൃക്കരോഗികളെ സഹായിക്കാന്‍ സ്വരൂപിച്ച പണം ട്രസ്റ്റിന്റെ കീഴിലാക്കിയ നടപടിക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി സി കെ നാണു എം എല്‍ എ വിളിച്ചു ചേര്‍ത്ത യോഗത്തിലും ട്രസ്റ്റ് അംഗങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശം.
യോഗത്തില്‍ പങ്കെടുത്ത സി പി എം പ്രതിനിധി ഒഴികെയുള്ള സര്‍വകക്ഷി പ്രതിനിധികള്‍ ട്രസ്റ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. ജനങ്ങളെയും ആശുപത്രി വികസന സമിതിയെയും വിശ്വാസത്തിലെടുക്കാതെ ട്രസ്റ്റാക്കിയ നടപടി പിന്‍വലിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ആശുപത്രി വികസന സമിതി അംഗങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ ട്രസ്റ്റ് നിയമാവലിയുടെ കോപ്പിയും രജിസ്‌ട്രേഷന്‍ ചെയ്ത രേഖയും തമ്മില്‍ ഒട്ടേറെ വൈരുധ്യം നിലനില്‍ക്കുന്നതായും യോഗത്തില്‍ പരാതി ഉയര്‍ന്നു.
ജനങ്ങളില്‍ നിന്ന് പണം പിരിക്കുമ്പോള്‍ ട്രസ്റ്റ് രൂപവത്കരിക്കുന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും ട്രസ്റ്റിന്റെ കണക്കുകള്‍ സുതാര്യമല്ലെന്നും യോഗത്തില്‍ പരാതി ഉയര്‍ന്നു. പ്രശ്‌ന പരിഹാരത്തിനായി സമയം ആവശ്യമുള്ളതുകൊണ്ട് പത്ത് ദിവസത്തെ സമയം അനുവദിക്കണമെന്ന് എം എല്‍ എ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടു.
അന്തിമ തീരുമാനം എടുക്കുന്നതുവരെ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും എം എല്‍ എ യോഗത്തില്‍ വ്യക്തമാക്കി. സോമന്‍ മുതുവന, അച്യുതന്‍ പുതിയേടത്ത്, സി കുമാരന്‍, സി ഭാസ്‌കരന്‍, വടയക്കണ്ടി നാരായണന്‍, നാരായണ നഗരം പത്മനാഭന്‍, മുക്കോലക്കല്‍ ഹംസ, പ്രൊഫ. കെ കെ മഹ്മൂദ്, പറമ്പത്ത് രവീന്ദ്രന്‍, പി എം അശോകന്‍ പങ്കെടുത്തു.